വൈദ്യുതി ഉല്പാദന നേട്ടവുമായി ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതി
ഉല്പാദന ലക്ഷ്യം മറികടന്ന് നേട്ടങ്ങളിലേക്ക് കുതിക്കുകയാണ് കണ്ണൂര്‍ ബാരാപ്പോള്‍ മിനി ജലവൈദ്യുത പദ്ധതി. കെ.എസ്.ഇ.ബി.യുടെ ഏറ്റവും മികച്ച ചെറുകിട ജല വൈദ്യുത പദ്ധതി എന്ന സ്ഥാനത്തേക്ക് ഉയരുകയാണ് ബാരാപ്പോള്‍. ഒരു വര്‍ഷം കൊണ്ട് കൈവരിക്കേണ്ട ഉല്പാദന ലക്ഷ്യം നാലുമാസം കൊണ്ടാണ് ബാരാപ്പോള്‍ മറികടന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. ഈ നേട്ടം കൈവരിക്കാനായി പ്രവർത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
വാര്‍ഷിക ഉല്പാദന ലക്ഷ്യമായ 36 ദശലക്ഷം യൂണിറ്റ് നാലുമാസം കൊണ്ടാണ് ബാരാപ്പോള്‍ മിനി ജല വൈദ്യുത പദ്ധതി പിന്നിട്ടത്. ഇനി ശരാശരി തുലാവര്‍ഷം ലഭിച്ചാല്‍ പോലും 50 ദശലക്ഷം യൂണിറ്റ് എന്ന സ്വപ്‌ന നേട്ടത്തിലേക്ക് എത്തും. പുഴയില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളും മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞതിലൂടെയാണ് വാര്‍ഷിക ഉല്പാദന ലക്ഷ്യം വേഗത്തില്‍ കൈവരിക്കാനായത്.
ജൂണ്‍ പകുതിയോടെയാണ് ഇക്കുറി പുഴയില്‍ നീരൊഴുക്ക് ആരംഭിച്ചത്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ചതാണ് നേട്ടമായത്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് പ്രധാനമായും ഉല്പാദനം നടക്കുന്നത്. കര്‍ണ്ണാടകയിലെ ബ്രഹ്മഗിരി മലനിരകളില്‍ നിന്നും ഒഴുകി വരുന്ന ബാരാപ്പോള്‍ പുഴയിലെ ജലം മൂന്നര കിലോമീറ്റര്‍ നീളമുള്ള കനാലിലൂടെ ബാരാപ്പോള്‍ പവര്‍ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. 2016 ഫെബ്രുവരി 29ന് രാജ്യത്തിന് സമര്‍പ്പിച്ച പദ്ധതിയില്‍ നിന്ന് ഇതുവരെ ആകെ 196 മില്യന്‍ യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചിട്ടുണ്ട്.