തീരദേശ വാസികള്‍ക്ക് ആശ്വാസമായി പയ്യാമ്പലത്ത് പുലിമുട്ട് വരുന്നു
കടൽക്ഷോഭത്തിൽ ബുദ്ധിമുട്ടുന്ന തീരദേശവാസികള്‍ക്ക് ആശ്വാസമായി കണ്ണൂർ പയ്യാമ്പലത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നു. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.95 കോടി രൂപ ചെലവിലാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്. കടല്‍ ക്ഷോഭത്തിനിടെ വീടിനുള്ളില്‍ വെള്ളം കയറുന്നതിനാല്‍ ചാലാട്, പള്ളിയാംമൂല, പഞ്ഞിക്കിയില്‍, പയ്യാമ്പലം മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുന്നത് പതിവായിരുന്നു.
പയ്യാമ്പലം ബീച്ചിന്റെ വടക്ക് കിഴക്ക് ഭാഗത്ത് 280 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മിക്കുന്നതോടെ ഇതിന് പരിഹാരമാകും. പദ്ധതിയുടെ ഭാഗമായി താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചു. ബീച്ചിന്റെ പ്രവേശന കവാടം മുതല്‍ പുലിമുട്ട് നിര്‍മിക്കുന്ന ഭാഗം വരെ 300 മീറ്റര്‍ നീളത്തിലാണ് റോഡ് ഒരുക്കിയത്.
നിക്ഷേപിക്കുന്ന കരിങ്കല്ലിന്റെ ഭാരം കണക്കാക്കാനുള്ള വേ ബ്രിഡ്ജിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാക്കി നവംബര്‍ അവസാന വാരത്തോടെ പുലിമുട്ട് നിര്‍മ്മാണം തുടങ്ങും. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍ അറിയിച്ചു.