ഡെസ്റ്റിനേഷന്‍ ചലഞ്ചിൽ തിളങ്ങാൻ കുഞ്ഞാലിപ്പാറയും
1.25 കോടി രൂപയുടെ പ്രൊജക്ട് റിപ്പോർട്ടായി
സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ തിളങ്ങാൻ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിലെ 16 -ാം വാർഡിലെ കുഞ്ഞാലിപ്പാറയും. പ്രദേശത്തിന്റെ ടൂറിസം വികസനത്തിനായി 1.25 കോടി രൂപയുടെ പ്രൊജക്ട് റിപ്പോർട്ട് പഞ്ചായത്ത് തയ്യാറാക്കി.
കുഞ്ഞാലിപ്പാറയുടെ പ്രകൃതി സൗന്ദര്യം സംരക്ഷിച്ച് ടൂറിസം പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്കുളളിലും ഒരു വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കുകയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. പദ്ധതിയുടെ ചെലവ് ടൂറിസം വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നിര്‍വഹിക്കും.
കാൽനടപ്പാലം, ടിക്കറ്റ് കൗണ്ടർ, ബയോ ടോയ്‌ലറ്റുകൾ, കുന്നിന്റെ താഴത്തെ ഭാഗത്ത് കുട്ടികൾക്കായി കളിസ്ഥലം, റെസ്റ്റോറന്റ്/കഫേ, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ പദ്ധതിയിലൂടെ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. പാർപ്പിട മേഖലകൾക്ക് ചുറ്റും സി.സി.ടി.വി. ക്യാമറകളും വേലികളും സ്ഥാപിക്കും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റിംഗ്, വാട്ടർ കണക് ഷനുകൾ, മാലിന്യസംസ്കരണ സംവിധാനം എന്നീ സേവനങ്ങളും ഉണ്ടായിരിക്കും.
സാഹസിക വിനോദസഞ്ചാരത്തിനുളള സൗകര്യവും ഒരുക്കുമെന്ന് അധികൃതര്‍ പറയുന്നു. കുന്നിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്കനുസരിച്ചുളള ഉയർന്ന മലകയറ്റങ്ങൾ, റോപ്പ്‌വേകൾ മുതലായവയും ഉൾപ്പെടുത്തും. കൂടാതെ ചരിത്രവും അതിന്റെ ഭൂമിശാസ്ത്ര വിവരങ്ങളും കാണിക്കുന്ന ടൂറിസ്റ്റ് ഇന്റർപ്രെട്ടേഷൻ സെന്റർ, കരകൗശല വസ്തുക്കളും സുവനീറുകളും വിൽക്കുന്ന സാംസ്ക്കാരിക കടകൾ, സാമൂഹിക ഇടം എന്നിവയെല്ലാം ഭാവി സാധ്യതകളാണ്.
അതിരപ്പിള്ളി വെള്ളച്ചാട്ടം, കനകമല, മുപ്ലി ഫോറസ്റ്റ്, വട്ടേക്കാട് വ്യൂപോയിന്റുകൾ, ചട്ടിലമ്പാടി പാടം, കോടശേരി കുന്നുകൾ എന്നീ ചെറുതും വലുതുമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ കുഞ്ഞാലിപ്പാറയ്ക്ക് സമീപമുണ്ട്. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം സംരക്ഷിക്കുന്നതിനൊപ്പം കുഞ്ഞാലി പ്പാറയെ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കും.