സർക്കാറിൻ്റെ വിള ഇന്‍ഷുറന്‍സിൽ ചേരാന്‍ സമയമായി

കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്ന പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ വിജ്ഞാപനമായി. കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വാഴയും മരച്ചീനിയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, കശുമാവ്, വാഴ, പച്ചക്കറി വിളകളായ വള്ളിപയര്‍, പടവലം, പാവല്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനമാക്കി സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന വിളവിന്റെ വിവരങ്ങള്‍ അനുസരിച്ചും, വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍ മൂലമുണ്ടാകുന്ന തീപിടുത്തം, മേഘവിസ്ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങള്‍ക്കും പദ്ധതിയിലൂടെ നഷ്ടപരിഹാരം ലഭിക്കും.
കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് ഓരോ പഞ്ചായത്തിന്റെയും കാലാവസ്ഥ വിവരങ്ങള്‍ അനുസരിച്ചായിരിക്കും. കൂടാതെ വെള്ളപ്പൊക്കം, കാറ്റ് എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങള്‍ക്കും പദ്ധതിയിലൂടെ നഷ്ടപരിഹാരം ലഭിക്കും. തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ മാത്രമേ വാഴ കൃഷിക്ക് നഷ്ടപരിഹാരം ലഭിക്കുകയുള്ളു. ഒരു സര്‍വ്വേ നമ്പറില്‍ ഒരു വിള ഒന്നില്‍ കൂടുതല്‍ തവണ ഇന്‍ഷുര്‍ ചെയ്യാന്‍ സാധ്യമല്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള കര്‍ഷകര്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പദ്ധതിയിലും ചേരാവുന്നതാണ്.

കഴിഞ്ഞ തവണ ലഭിച്ചത് 83 കോടി

കഴിഞ്ഞ തവണ സംസ്ഥാനത്ത് വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വിതരണം ചെയ്തത് 83 കോടി രൂപയാണ്. മഴക്കാലത്ത് കൃഷി ചെയ്യുന്ന വിളകള്‍ ഖാരീഫ് വിളകള്‍ക്ക് കഴിഞ്ഞ തവണ(ഖാരിഫ് 2021 സീസണ്‍) 35 കോടി രൂപയും ശൈത്യകാലത്ത് വിളവിറക്കുകയും വേനല്‍ക്കാലത്ത് വിളവെടുക്കുകയും ചെയ്യുന്ന റാബി വിളകള്‍ക്ക് (റാബി 2021 -22 സീസണ്‍) 48 കോടി രൂപയും നഷ്ടപരിഹാരമായി ലഭിച്ചു. പുതിയ വിജ്ഞാപന പ്രകാരം ഡിസംബര്‍ 31 വരെ പദ്ധതിയില്‍ ചേരാം.

കര്‍ഷകര്‍ക്ക് ഓണ്‍ലൈനായും (www.pmfby.gov.in), സി. എസ്. സി ഡിജിറ്റല്‍ സേവാകേന്ദ്രങ്ങള്‍ വഴിയും, ഇന്‍ഷുറന്‍സ് ബ്രോക്കര്‍ പ്രതിനിധികള്‍, മൈക്രോ ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ വഴിയും പദ്ധതിയില്‍ ചേരാം. വിജ്ഞാപനം ചെയ്ത വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരെ അതാത് ബാങ്കുകള്‍ പദ്ധതിയില്‍ ചേര്‍ക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാര്‍, നികുതി രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, പാട്ടത്തിന് കൃഷി ചെയ്യുന്ന കര്‍ഷകരാണെങ്കില്‍ പാട്ടക്കരാര്‍ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ : 0471-2334493. ടോള്‍ ഫ്രീ നമ്പര്‍ : 1800-425-7064.

ഇന്‍ഷുറന്‍സ് തുക ഇങ്ങനെ

വാഴയ്ക്ക് ഹെക്ടര്‍ ഒന്നിന് മൂന്ന് ലക്ഷമാണ് ഇന്‍ഷുറന്‍സ് തുക. പ്രീമിയം തുക 9000 രൂപയാണ്. മരച്ചീനി (ശീതകാലം) 1.25ലക്ഷം ഇന്‍ഷുറന്‍സ് തുക, 6250 രൂപ പ്രീമിയം. ചെറുവാഴ ഇനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് മൂന്ന് ലക്ഷം, പ്രീമിയം 15000 രൂപ. മരച്ചീനി (വേനല്‍ക്കാലം) 1.25ലക്ഷം ഇന്‍ഷുറന്‍സ്, 4125 രൂപ പ്രീമിയം. നെല്ല് (ശീതകാലം, വേനല്‍ക്കാലം) 80000 ഇന്‍ഷുറന്‍സ് തുക, പ്രിമിയം തുക 1200 രൂപ. കശുമാവ് 60000 ഇന്‍ഷുറന്‍സ് തുക, 3000 പ്രീമിയം തുക. വാഴ 175000 ഇന്‍ഷുറന്‍സ് തുക, 8750 രൂപ പ്രീമിയം തുക. പച്ചക്കറി വിളകള്‍ 40000 രൂപ, 2000 പ്രീമിയം തുക.

Leave a Reply

Your email address will not be published. Required fields are marked *