കുറിഞ്ഞിപ്പൂക്കൾ കാണാൻ വരൂ കള്ളിപ്പാറയിലേക്ക്
ഇടുക്കിയിലെ കള്ളിപ്പാറ സന്ദർശിച്ച് നീലക്കുറിഞ്ഞി ചിത്രങ്ങൾ പകർത്തിയ പി.എസ്.ദിനീഷ് മോൻ അനുഭവം പങ്കിടുന്നു. രാജാക്കാട് സ്വദേശിയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ്.
കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തിട്ടുണ്ടെന്ന് കേട്ടപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. ക്യാമറയുമെടുത്ത് ബൈക്കിൽ പുറപ്പെട്ടു. സഹോദരങ്ങളായ ജിഷ്ണു, സന്ദീപ് എന്നിവരെയും കൂട്ടി. സംഭവമറിഞ്ഞ സുഹൃത്തുക്കളും രണ്ടു ബൈക്കിലായി പിന്നാലെ വന്നു. ഇടുക്കി
രാജാക്കാടാണ് എൻ്റെ വീട്. ശാന്തൻപാറ ടൗണിനടുത്താണ് കള്ളിപ്പാറ. കള്ളിപ്പാറയിൽ വാഹനം നിർത്തി ഒന്നര കിലോമീറ്റർ മലകയറി.
ചാറ്റൽ മഴയുള്ളതിനാൽ നടക്കുമ്പോൾ വഴുക്കലുണ്ട്. കുന്നിന് മുകളിലെത്തിയപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. മൂന്നു കുന്നുകളിലായി നീലക്കുറിഞ്ഞിയുടെ ഒരു കടൽ തന്നെ. സൂംലെൻസ് ക്യാമറയുള്ളതുകൊണ്ട് എല്ലാ ഭാഗത്തേയും തുരുതുരേ
ഫോട്ടോയെടുത്തു. ഇവിടെ നിന്ന് തമിഴ്നാട്ടിലെ കൃഷിസ്ഥലങ്ങൾ കാണാം. മാത്രമല്ല ചതുരംഗപ്പാറയിലെ കാറ്റാടിയന്ത്രങ്ങളും കാണാം. കുറ്റിച്ചെടികളുടെ ഓരോ കൂട്ടമായിട്ടാണ് നീലക്കുറിഞ്ഞി കാണപ്പെടുന്നത്.
രാവിലെ മുതൽ വൈകുന്നേരം വരെ പൂക്കൾ ഭംഗിയായി നല്ല പ്രസരിപ്പോടെ നിൽക്കും. നീലക്കുറിഞ്ഞി പൂത്ത വാർത്ത കേട്ട് ഒട്ടേറെ ആളുകൾ മലകയറുന്നുണ്ട്. ശാന്തൻപാറ ഗ്രാമ പഞ്ചായത്തിലാണ് കള്ളിപ്പാറമല നിരകൾ. ശാന്തൻപാറയിൽ നിന്ന്
മൂന്നാർ – തേക്കടി സംസ്ഥാന പാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താൻ കഴിയും. പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. രണ്ടു വർഷം മുമ്പ് രാജാക്കാടു നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള തോണ്ടിമലയിൽ നീലക്കുറിഞ്ഞി പൂത്തിരുന്നു. ശാന്തൻപാറയിൽ പൂത്തിട്ട് മൂന്നാഴ്ചയായി. ഇനിയും രണ്ടാഴ്ച കൂടി പൂക്കൾ കാണും. ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്. മൂന്നാർ ഡിപ്പോയിൽ നിന്നും മറ്റും ഇവിടേക്ക് കെ.എസ്.ആർ.ടി.സി. സർവ്വീസ് നടത്തുന്നുണ്ട്.