അനന്തപുരം ക്ഷേത്രത്തിലെ മുതല ബബിയ യാത്രയായി

കാസർകോട് ജില്ലയിലെ കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതല യാത്രയായി. തടാക ക്ഷേത്രമെന്ന പേരിലറിയപ്പെടുന്ന അനന്തപദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം കൗതുകമായിരുന്ന മുതലയുടെ മൃതദേഹം ഞായറാഴ്ച രാത്രി തടാകത്തിൽ പൊങ്ങുകയായിരുന്നു. ബബിയ യാത്രയായ വിവരമറിഞ്ഞ് ഭക്തർ രാവിലെ തന്നെ ക്ഷേത്രത്തിലേക്ക് പ്രവഹിച്ചു.

പ്രായാധിക്യം കാരണം ഈയിടെയായി മുതല ക്ഷീണത്തിലായിരുന്നു. വെള്ളത്തിന് മുകളിൽ പൊങ്ങി വരുന്നതും കുറവ്. രണ്ടു ദിവസമായി നിവേദ്യചോറുമായി പൂജാരി വിളിച്ചെങ്കിലും മുതലപൊങ്ങി വന്നില്ല. മുതലയ്ക്ക് 77 വയസ്സിലധികം പ്രായമുണ്ടെന്ന് പറയപ്പെടുന്നു.

ക്ഷേത്രത്തിനു സമീപം മൊബൈൽ ഫ്രീസറിൽ വെച്ചിട്ടുള്ള മുതലയുടെ മൃതദേഹം കാണാനും പൂക്കൾ അർപ്പിക്കാനുമായി പ്രമുഖരടക്കം ഒട്ടേറെ ആളുകള്‍ എത്തി. പൂർണ്ണ ആചാര ബഹുമതികളോടെ മുതലയെ ക്ഷേത്രത്തിനടുത്ത്  മറവു ചെയ്യാനാണ് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ആരൂഢ സ്ഥാനമായി അറിയപ്പെടുന്ന കേരളത്തിൻ്റെ വടക്കേ അറ്റത്തെ തടാക ക്ഷേത്രമാണിത്. നടപ്പന്തലടക്കം ക്ഷേത്രം തടാക മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിൽ കാലങ്ങളായി വസിക്കുന്ന 

മുതലയ്ക്ക് രാവിലെയും ഉച്ചയ്ക്കും ക്ഷേത്ര പൂജയ്ക്ക് ശേഷം പൂജാരി നിവേദ്യച്ചോർ നൽകും. നിവേദ്യവുമായി തടാക കരയിൽ നിന്ന് പൂജാരി ബബിയയെ വിളിക്കുമ്പോൾ ബബിയ പൊങ്ങി വന്ന് ചോറുരുളകൾ തിന്നും. മുതലയ്ക്ക് നിവേദ്യം ക്ഷേത്രത്തിലെ ഒരു വഴിപാടാണ്. 40 രൂപയാണ് ഇതിൻ്റെ വഴിപാട് തുക.

തടാകത്തിൽ കഴിയുന്ന ബബിയ ചില സമയത്ത് വെള്ളത്തിൽ പൊങ്ങി വരാറുണ്ട്. ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനു മുന്നിലേക്ക് കയറി വരാറുമുണ്ട്. ഇതിനു മുമ്പ് തടാകത്തിലുണ്ടായിരുന്ന മുതലയെ 1945ൽ ബ്രിട്ടീഷ് പട്ടാളക്കാർ വെടിവെച്ചു കൊന്നുവെന്നും കുറച്ചു ദിവസങ്ങൾക്കകം ഇപ്പോഴത്തെ മുതല 

തടാകത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നുമാണ് പഴമക്കാർ പറയുന്നത്. എട്ടടി നീളമുള്ള ബബിയ ആണോ പെണ്ണോയെന്ന് അറിയില്ല. ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടുമില്ല. ബബിയ എന്ന പേര് എങ്ങിനെ വന്നുവെന്നും ആർക്കും അറിയില്ല. ക്ഷേത്രത്തിലെത്തുന്ന ഭക്തർ മുതല പൊങ്ങി വരുന്നത് കാണാൻ തടാകക്കരയിൽ കാത്തുനിൽക്കുമായിരുന്നു. ആ കാഴ്ച ഇനി ഉണ്ടാവില്ല എന്നത് നാട്ടുകാരെ ദുഃഖത്തിലാഴ്ത്തുന്നു. Content highlights: Aananthapuram lake temple crocodile Babiya passes away

Leave a Reply

Your email address will not be published. Required fields are marked *