ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം: ധാരണാപത്രം ഒപ്പിട്ടു.

കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാറും യു.കെ.യും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ലണ്ടനില്‍ നടന്ന യൂറോപ്പ് -യുകെ മേഖലാ സമ്മേളനത്തിലാണ് ധാരണാപാത്രം ഒപ്പുവെച്ചത്.

കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്സും യു.കെ യില്‍ എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡുകളായ ദ നാവിഗോ ആന്റ് ഹമ്പർ ആന്റ് നോർത്ത് യോർക് ഷയർ ഹെൽത്ത് ആന്റ് കെയർ പാർട്ണർഷിപ്പും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി മൂവായിരത്തിലധികം ഒഴിവുകളിലേയ്ക്കാണ് ഇതുവഴി തൊഴില്‍ സാധ്യത തെളിയുന്നത്.

സുരക്ഷിതവും, സുതാര്യവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയായശേഷം നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *