കൊച്ചിയെ ആവേശത്തിലാഴ്ത്തി ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി
കൊച്ചിയെ ആവേശത്തിരയിലാഴ്ത്തി മറൈൻഡ്രൈവിൽ നടന്നചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജലരാജാവായി. പായിപ്പാട്
ചുണ്ടൻ രണ്ടാമതെത്തി. ആയാംപറമ്പ് പാണ്ടിയാണ് മൂന്നാം സ്ഥാനം നേടിയത്. ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്. ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിൽ താണിയൻ ഒന്നാമതെത്തി. വിജയികൾക്ക് ചലച്ചിത്ര താരം മിയ ജോർജ്, നടൻ ജയസൂര്യഎന്നിവര്‍ സമ്മാനങ്ങൾ നൽകി.
നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങളും വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച കലാപരിപാടികളും കാണികളുടെ മനം കവര്‍ന്നു. കടുത്ത വെയിലിലും ആയിരക്കണക്കിന് ആളുകളാണ് വള്ളംകളിയുടെ ആവേശത്തിലേക്ക് അണിചേരാനെത്തിയത്. നാവികസേന ഒരുക്കിയ ബാന്റ് മേളത്തിന്റെ അകമ്പടിയോടെയായിരുന്നു പൊതുസമ്മേളനം ആരംഭിച്ചത്.
ഹീറ്റ്‌സ് മത്സരങ്ങള്‍ക്ക് ശേഷം സേനയുടെ വാട്ടര്‍മാന്‍ഷിപ്പ് ട്രയിനിംഗ് സെന്റര്‍ സംഘടിപ്പിച്ച ജല അഭ്യാസ പ്രകടനങ്ങളായ വാട്ടര്‍ സ്‌കീ, ജെറ്റ് സ്‌കീ തുടങ്ങിയവ ഉണ്ടായി. അസാമാന്യ വേഗതയില്‍ കൊച്ചി കായലില്‍ കരണം മറിഞ്ഞുള്ള പ്രകടനമായിരുന്നു നാവികസേന സംഘടിപ്പിച്ചത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം തീരദേശ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത
കൈവരിക്കാന്‍ കഴിയുന്ന ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റ് ബോട്ടുകളുടെ പ്രകടനവും ഒരുക്കിയിരുന്നു. സാംസ്‌ക്കാരിക പരിപാടികളില്‍ 75 കലാകാരന്മാര്‍ പങ്കെടുത്തു. കഥകളി, തെയ്യം, ഒപ്പന, കാവടി തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അണിനിരന്നു.
ഓളപ്പരപ്പിലെ ജങ്കാറിലും വള്ളങ്ങളിലുമായി അവതരിപ്പിച്ച കലാരൂപങ്ങളും ചെണ്ടമേളവും കടുത്ത ചൂടിലും കാണികളുടെ മനം കുളിര്‍പ്പിക്കുന്നതായിരുന്നു. മത്സരം ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്‌തു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. വള്ളംകളിയില്‍ ഒന്നാം സ്ഥാനം നേടിയ താണിയന്റെ ക്യാപ്റ്റന് ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ് ട്രോഫി സമ്മാനിച്ചു.