ഹിമാചലിലെ ബിലാസ്പൂരിൽ ‘എയിംസ് ‘ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിലെ കോത്തിപുരയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 247 ഏക്കർ സ്ഥലത്ത് 1470 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി, ഡയാലിസിസ് സൗകര്യങ്ങൾ, അൾട്രാസോണോഗ്രഫി, സി.ടി സ്കാൻ, എം.ആർ.ഐ തുടങ്ങിയ ആധുനിക ഡയഗ്നോസ്റ്റിക് മെഷീനുകൾ, അമൃത് ഫാർമസി, ജൻ ഔഷധി കേന്ദ്ര എന്നിവയും കൂടാതെ 30 കിടക്കകളുള്ള ആയുഷ് ബ്ലോക്കും സജ്ജീകരിച്ചിട്ടുണ്ട്.
18 സ്പെഷ്യാലിറ്റി, 17 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, 18 മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ, 64 ഐ.സി.യു കിടക്കകളടക്കം 750 കിടക്കകൾ എന്നിവ ഇവിടെയുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കും. ബിലാസ്‌പൂരിലെ ലുഹ്‌നു ഗ്രൗണ്ടിൽ നടന്ന പൊതുയോഗത്തിൽ പ്രാദേശിക ബിലാസ്പൂർ ഭാഷയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു. ബിലാസ്പൂരിലെ എയിംസ് പരിസ്ഥിതി സൗഹൃദമായ രീതിയിൽ നിർമ്മിച്ചതിനാൽ ‘ഗ്രീൻ എയിംസ്’ എന്നറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്ര സുരക്ഷയ്ക്കായി ഹിമാചൽ പ്രദേശ് നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും എയിംസ് ഹിമാചലിൻ്റെ ‘ജീവൻ രക്ഷ’യ്ക്കായി പരമപ്രധാന പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബൾക്ക് ഡ്രഗ് പാർക്ക് സ്ഥാപിക്കാൻ തിരഞ്ഞെടുത്ത മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശെന്നും മെഡിക്കൽ ഉപകരണ പാർക്കിനായി തിരഞ്ഞെടുത്ത നാല് സംസ്ഥാനങ്ങളിൽ ഒന്നാണ് ഇതെന്നും നരേന്ദ്ര മോദി പറഞ്ഞു.
എയിംസ് ബിലാസ്പൂർ ഹെലിപാഡിലെത്തിയ പ്രധാനമന്ത്രിക്ക് ഗവർണ്ണര്‍
രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി ജയ്റാം താക്കൂർ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ എന്നിവരും സംസ്ഥാന മന്ത്രിമാരും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. എയിംസിലെ ഹോസ്പിറ്റൽ ബ്ലോക്ക്, സി.ടി. സ്കാൻ സെന്റർ, എമർജൻസി ആൻഡ് ട്രോമ ഏരിയ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി.
2017 ഒക്ടോബർ മൂന്നിനാണ് പ്രധാനമന്ത്രി ബിലാസ്പൂരിൽ എയിംസിന് തറക്കല്ലിട്ടത്. തുടർന്ന് 2019 ജനുവരി 21 ന് അന്നത്തെ ആരോഗ്യ മന്ത്രി ജെ. പി. നദ്ദയും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറും ഭൂമി പൂജ നിർവഹിച്ചു. എല്ലാ വർഷവും എം.ബി.ബി.എസ്. കോഴ്‌സിലേക്ക് 100 വിദ്യാർത്ഥികളെയും നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് 60 വിദ്യാർത്ഥികളെയും ഇവിടെ പ്രവേശിപ്പിക്കും.