വരവൂരിലെ പാടങ്ങളിൽ ഇത് കൂർക്ക വിളവെടുപ്പ് കാലം
വിപണിയൊരുക്കാൻ പഞ്ചായത്ത് സ്പെഷ്യൽ ചന്ത സംഘടിപ്പിക്കും
തൃശൂർ ജില്ലയിലെ വരവൂരും പരിസരങ്ങളും കൂർക്ക കൃഷിക്ക് പ്രസിദ്ധമാണ്. ഇവിടത്തെ കൂർക്കയുടെ സ്വാദ് ഒരിക്കൽ അറിഞ്ഞവർ പിന്നീട് അത് തേടിയെത്തുമെന്നാണ് പറയാറ്. എല്ലാ തവണയും പോലെ ഇക്കുറിയും കുടുംബശ്രീയുടെ നേതൃത്വത്തിൽ വൻതോതിൽ കൂർക്ക കൃഷി ചെയ്തിട്ടുണ്ട്. മൂപ്പെത്തിയതിന്റെ അടയാളമായി നീലപ്പൂക്കൾ വിരിഞ്ഞതോടെ കൂർക്ക വിളവെടുപ്പ് പാടശേഖരങ്ങളിൽ തുടങ്ങി കഴിഞ്ഞു.
ഇടനിലക്കാരെ ഒഴിവാക്കി ഉൽപ്പാദിപ്പിക്കുന്ന കൂർക്കയ്ക്ക് നേരിട്ട് വിപണി ഒരുക്കാൻ മുന്നോട്ടുവന്നിരിക്കുകയാണ് വരവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ്സും. വരവൂർ ഗോൾഡ് എന്ന് വിളിപ്പേരുണ്ട് ഇവിടത്തെ കൂർക്കയ്ക്ക്. ഏക്കർ കണക്കിന് പാടങ്ങളിലാണ് പഞ്ചായത്തിൽ കൂർക്ക കൃഷി
ചെയ്യുന്നത്. 33 ജെ.എൽ.ജി ഗ്രൂപ്പുകൾ ചേർന്ന് 70 ഏക്കറിലാണ് ഇത്തവണ കൂർക്ക കൃഷി ചെയ്തത്. ഇവർക്ക് വിപണി ഒരുക്കുകയാണ് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ലക്ഷ്യം. ഇതിനായി സ്പെഷ്യൽ കൂർക്കച്ചന്ത സംഘടിപ്പിക്കും.
കിലോയ്ക്ക് 55 രൂപ നിരക്കിൽ ആണ് ചന്തയിൽ കൂർക്ക വിൽക്കുക. വ്യത്യസ്തങ്ങളായ കൂർക്ക വിഭവങ്ങൾ ഒരുക്കുന്നതും പരിഗണനയിൽ ഉണ്ടെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.കെ ആൽഫ്രെഡ് പറഞ്ഞു. കൂർക്കയും ബീഫും, കൂർക്കയും നെയ്‌ച്ചാളയും ഉൾപ്പെടെയുള്ള വിഭവങ്ങളൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം രണ്ട് ലക്ഷം രൂപയോളമാണ് ഇത്തരം ഫെസ്റ്റ് വഴി വിറ്റുവരവ് ലഭിച്ചതെന്നും ഈ വർഷം അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പി. പി സുനിത പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചെങ്ങാലിക്കോടൻ സ്പെഷ്യൽ ഓണച്ചന്തയും ചെങ്ങാലിക്കോടൻ വാഴ വിത്ത് വിപണനമേളയും പോലെ ഇതും ഹിറ്റാകുമെന്ന പ്രതീക്ഷയാണ് പഞ്ചായത്ത് അധികൃതർക്കുള്ളത്. മണ്ണിന്റെ സവിശേഷത കൊണ്ടും ജൈവ കൃഷിയായതിനാലും വരവൂരിലെ കൂർക്കയ്ക്ക് രുചി കൂടുമെന്നാണ് പറയപ്പെടുന്നത്.
കാര്യമായ കീടബാധയില്ലാത്തതും നല്ല വില ലഭിക്കുമെന്നതും കർഷകർക്ക് കൂർക്ക കൃഷിയോടുള്ള പ്രിയം വർധിപ്പിക്കുന്നു. വരവൂരിലെ നടുത്തറ, പിലാക്കാട്, വരവൂർ വളവ്, കുമരപനാൽ,നടുവട്ടം എന്നിവിടങ്ങളിൽ 300 ഏക്കറോളം കൂർക്ക കൃഷിയുണ്ട്. കോട്ടയം, കൊച്ചി, പെരുമ്പാവൂർ, കോഴിക്കോട്, പട്ടാമ്പി മാർക്കറ്റുകളിലേക്കാണ് പ്രധാനമായും കൂർക്ക പോകുന്നത്.