പൈനാപ്പിളിന് വളമിടാൻ ഡ്രോണുമായി മൂവാറ്റുപുഴ കൃഷിവകുപ്പ്

പൈനാപ്പിള്‍ കൃഷിക്ക് വളം നല്‍കാനും കീട-രോഗനിയന്ത്രണത്തിനും ഡ്രോണ്‍ സാങ്കേതിക വിദ്യയുമായി മൂവാറ്റുപുഴ കൃഷി വകുപ്പ്. സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന പദ്ധതിയുടെ സഹകരണത്തോടെയാണ് പൈനാപ്പിള്‍ കൃഷിയില്‍ ഡ്രോണ്‍ വഴി വളവും കീടനാശിനിയും പ്രയോഗിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്.

കാര്‍ഷിക ഡ്രോണുകളുടെ കൃഷിയിട പ്രദര്‍ശനവും പ്രവര്‍ത്തിപരിചയവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.  മൂവാറ്റുപുഴ ബ്ലോക്കില്‍ ആയവന ഗ്രാമ പഞ്ചായത്തില്‍ സിദ്ധന്‍പടിയില്‍ ജോര്‍ജ് ജേക്കബ്ബ് മലക്കുടിയുടെ ഏഴ് ഏക്കര്‍ പൈനാപ്പിള്‍ തോട്ടത്തിലാണ് കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനം നടത്തിയത്. കാര്‍ഷിക മേഖലയില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ജനങ്ങള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ഇത്തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വളപ്രയോഗം, കളനിയന്ത്രണം, കീടനിയന്ത്രണം, ഏരിയല്‍ സര്‍വേ എന്നീ മേഖലകളില്‍ ഡ്രോണുകള്‍ ഫലപ്രദമായി ഉപയോഗിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ സ്ഥലത്ത് വിള പരിപാലനം നടത്താനും പ്രകൃതിക്ക് ദോഷം വരാതെ ചുരുങ്ങിയ അളവിലുള്ള വിള സംരക്ഷണ മരുന്നുകള്‍ ഉപയോഗിച്ച് വിളകളെ സംരക്ഷിക്കാനും ഈ രീതിയിലൂടെ സാധിക്കും.

ഈ സാമ്പത്തിക വര്‍ഷം വകുപ്പ് നടപ്പാക്കുന്ന പദ്ധതി പ്രകാരം 10 ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് 40 മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയില്‍ നല്‍കും. പദ്ധതി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ജില്ലകള്‍തോറും കൃഷിയിടങ്ങളില്‍ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവൃത്തിപരിചയവും നടത്തുന്നത്.

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ആയവന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ കടയ്‌ക്കോട്ട്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ്, ദക്ഷിണ മേഖലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (കൃഷി) സി.കെ രാജ്‌മോഹന്‍, കാര്‍ഷിക സര്‍വകലാശാല അസി. പ്രൊഫസര്‍ ഡോ.ബെറിന്‍ പത്രോസ്, കൃഷി ഓഫീസര്‍ അഞ്ജു പോള്‍ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *