ഭൂകമ്പ പ്രവചനത്തിനായി കൊച്ചിയിൽ റഡോൺ ഭൗമ കേന്ദ്രം
ഭൂകമ്പ പ്രവചനത്തിനുള്ള റഡോൺ ഭൗമ കേന്ദ്രം (റഡോൺ ജിയോ സ്റ്റേഷൻ) എറണാകുളം തൃക്കാക്കരയിൽ സ്ഥാപിച്ചു. മുംബൈയിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രം റേഡിയോളജിക്കല്‍ ഫിസിക്‌സ് ആന്റ് അഡ്‌വൈസറി വിഭാഗം വികസിപ്പിച്ചെടുത്ത റഡോണ്‍ ഭൗമ കേന്ദ്രം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ (കുസാറ്റ്) തൃക്കാക്കര കാമ്പസിലാണ് സ്ഥാപിച്ചത്. സൗരോര്‍ജ്ജത്തിലാണ് ഇതിലെ ഉപകരണങ്ങൾ പ്രവര്‍ത്തിക്കുന്നത്.
‘ഇന്ത്യന്‍ നെറ്റ് വര്‍ക്ക് ഓഫ് ഡിറ്റക്ഷന്‍ ഓഫ് റാഡോണ്‍ അനോമലി ഫോര്‍ സീസ്മിക് അലേര്‍ട്ട്’ എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളത്തിലെ ആദ്യ കേന്ദ്രം കുസാറ്റില്‍ സ്ഥാപിച്ചത്. ഭൂകമ്പ പ്രവചനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള 100 സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നുണ്ട്.
യുറേനിയം, തോറിയം എന്നിവയുടെ റേഡിയോ ആക്ടീവ് ക്ഷയത്താല്‍ ഉത്പാദിപ്പിക്കപ്പെടുന്ന നിറമോ മണമോ ഇല്ലാത്ത റേഡിയോ ആക്ടീവ് വാതകമാണ് റഡോണ്‍. ഇത് പാറകളിലും മണ്ണിലും വ്യത്യസ്ത സാന്ദ്രതയില്‍ കാണപ്പെടുന്നു. ഭൂചലനം ഉണ്ടാകുമ്പോള്‍ ഭൂമിയുടെ പുറം തോടിലൂടെ കൂടുതല്‍ റഡോണ്‍ വാതകം പുറത്തു വരും. ഇത്തരം സാഹചര്യങ്ങളില്‍ ഭൗമ കേന്ദ്രം റഡോണിന്റെ സാന്നിധ്യം കണ്ടെത്തുകയും ഭാഭാ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രത്തിലേക്ക് വിവരങ്ങള്‍ അയക്കുകയും ചെയ്യും. ഈ മേഖലയിലെ ഭൂകമ്പ സാധ്യത മുന്‍കൂട്ടി അറിയാനുള്ള പഠനത്തിന് റഡോണ്‍ ഭൗമ കേന്ദ്രം സഹായിക്കും.Content highlights: BARC installed radon geo station at Kochi CUSAT campus