15 വർഷം തരിശായിരുന്ന 35 ഏക്കറിൽ ഇനി നെൽക്കൃഷി

പതിനഞ്ച് വർഷം വെറുതെ കിടന്ന പാടശേഖരത്തിൽ ഇനി നെൽക്കൃഷിയുടെ പച്ചപ്പ്. പ്രതിസന്ധികൾ തരണം ചെയ്ത് കർഷകരും പഞ്ചായത്തും ഒത്തു പിടിച്ചപ്പോൾ പാടശേഖരം കൃഷിയോഗ്യമായി. എറണാകുളം ജില്ലയിലെ രായമംഗലം ഗ്രാമപഞ്ചായത്തിലെ 35 ഏക്കര്‍ തരിശു നിലത്താണ് നെല്‍ക്കൃഷി തുടങ്ങിയത്.  ഗ്രാമ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തരിശ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചിരിക്കുന്നത്.

പഞ്ചായത്തിലെ 13,14 വാര്‍ഡുകളിൽ ഉൾപ്പെടുന്ന കോണിക്കമാലി, എച്ചിലക്കോട് പാടശേഖരങ്ങളിലാണ് കൃഷി ഇറക്കിയത്. 15 വർഷമായി പുല്ലു വളർന്ന് തരിശായി കിടന്ന പാടശേഖരങ്ങളായിരുന്നു ഇത്.

പാടശേഖരങ്ങളുടെ നടുഭാഗത്തു കൂടി ഒഴുകുന്ന വലിയതോട് ചെളിയും പുല്ലും നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യം ഉണ്ടായിരുന്നു. തോട് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് മുൻകൈ എടുത്ത് 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരിച്ചു. തുടർന്നാണ് ഈ വയലുകളിൽ കൃഷി ഇറക്കാനുള്ള ശ്രമം പഞ്ചായത്ത് ആരംഭിച്ചത്.

ഉമ ഇനത്തിലുള്ള വിത്താണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. നിലമൊരുക്കല്‍, വിത്ത്, വളം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഹെക്ടറിന് 35000 രൂപ കൃഷി ചെയ്യുന്ന ആൾക്കും 5000 രൂപ സ്ഥലമുടമയ്ക്കും സഹായം ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ തരിശായി കിടക്കുന്ന മറ്റ് സ്ഥലങ്ങളിൽ കൂടി കൃഷി ഇറക്കാനുള്ള നടപടികൾ തുടരുമെന്നും നെൽകൃഷിക്ക് പ്രത്യേക പരിഗണനയാണ് ഭരണസമിതി നൽകുന്നതെന്നും പ്രസിഡന്റ് എൻ.പി. അജയകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *