വിജ്ഞാനവ്യാപനം: ഡോ.പി.വി.മോഹനനെ ആദരിച്ചു.
മൃഗസംരക്ഷണ വകുപ്പ് റിട്ട.അസിസ്റ്റൻ്റ് ഡയരക്ടറും ഗ്രന്ഥകാരനുമായ ഡോ. പി.വി.മോഹനനെ ആദരിച്ചു. മൃഗസംരക്ഷണമേഖലയിൽ നടത്തിയ വിജ്ഞാനവ്യാപന, സംരംഭകത്വ പ്രവർത്തനങ്ങളിലെ സമഗ്ര സംഭാവനകൾ മാനിച്ചാണ് ആദരവ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനത്തെ സീനിയർ വെറ്ററിനറി ഡോക്ടർമാരുടെ സംസ്ഥാന സമ്മേളനത്തിലാണ് ആദരിച്ചത്.
മൃഗസംരക്ഷണമേഖലയിൽ മുപ്പതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ആകാശവാണിയിലും ദൃശ്യമാധ്യമങ്ങളിലും നിരവധി കാർഷിക പരിപാടികളിൽ പങ്കാളിയായി. സംസ്ഥാനത്തിനകത്തും പുറത്തുമായി ആയിരത്തിലധികം സംരംഭകത്വ പരിശീലന പരിപാടികൾ നടത്തിയിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്ത് മൃഗസംരക്ഷണ മേഖലയിൽ നിരവധി സംരംഭങ്ങൾ വരാൻ കാരണമായി. സംസ്ഥാനത്ത് അറവ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് സ്വകാര്യ സംരംഭകരുടെ സഹായത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്തു.
രാജ്യത്തെ ആദ്യ അറവ്മാലിന്യമുക്ത സംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹായം നൽകിവരുന്നു. അഞ്ച് ജില്ലകളിലെ ഡി.എൽ.എഫ്.എം.സി മെമ്പറായി പ്രവർത്തിക്കുന്നുണ്ട്. പൂട്ടിക്കിടന്ന അറവുശാലകൾ നവീകരിക്കുന്നതിനും പുതിയവ നിർമ്മിക്കുന്നതിനും വിശദമായ പദ്ധതിരേഖകൾ സംസ്ഥാന സര്‍ക്കാറിന് വേണ്ടി തയ്യാറാക്കിനൽകി. പൂട്ടിക്കിടന്ന തിരുവനന്തപുരം കോർപ്പറേഷനിലെ അറവുശാലയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകിയതും ഡോ.മോഹനനാണ്.
കക്കാട് പുഴയിലെ മലിനീകരണത്തിനെതിരായി ഫോട്ടോഗ്രാഫിയിലൂടെ ബോധവൽക്കരണം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. മൃഗസംരംക്ഷണ വിഷയങ്ങളെ സംബന്ധിച്ച് 250 ലധികം ഫോട്ടോ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. സർവ്വീസ് കാലയളവിൽ രണ്ടു തവണ ഗുഡ്‌സർവ്വീസ് എൻട്രിയും 2003 ൽ കർഷകമിത്ര അവാർഡും 2011 ൽ കർഷകഭാരതി അവാർഡും ലഭിച്ചു.
അറിയപ്പെടുന്ന വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ കൂടിയാണ് കണ്ണൂർ സ്വദേശിയായ ഡോ.മോഹനൻ. ക്ഷീരവികസന വകുപ്പിൽനിന്ന് ഡെപൂട്ടിഡയറക്ടറായി വിരമിച്ച രാജശ്രീ കെ. മേനോൻ ആണ് ഭാര്യ.ഡോ.അക്ഷയ്, ഡോ.അശ്വനി എന്നിവർ മക്കൾ.