സൈബര്‍ സുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്തം -മുഖ്യമന്ത്രി
സൈബര്‍ സുരക്ഷ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും അത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൈബര്‍ സുരക്ഷയ്ക്കായി കേരള പോലീസ് സംഘടിപ്പിക്കുന്ന സൈബര്‍ സെക്യുരിറ്റി ആന്റ് ഹാക്കിങ് അന്താരാഷ്ട്ര കോണ്‍ഫറന്‍സായ ‘കൊക്കൂണി’ന്റെ 15-ാമത് എഡിഷന്‍ കൊച്ചി ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാവര്‍ക്കും മികച്ച സൈബര്‍ സുരക്ഷ ഉറപ്പാക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെയാണ് കൊക്കൂണ്‍ സംഘടിപ്പിക്കുന്നത്. നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് വ്യക്തിഗത ഡിജിറ്റല്‍ ഇടവും ഡിജിറ്റല്‍ സുരക്ഷയും. ഇന്റര്‍നെറ്റ് വ്യാപകമായതോടെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചു. സ്ത്രീകളും കുട്ടികളും വിവിധ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നു. ഇവയില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് അറിവില്ലായ്മയും മോശം സൈബര്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതും കാരണമാണ്.
സാമൂഹിക മാധ്യമങ്ങള്‍ എങ്ങിനെ സുരക്ഷിതമായി ഉപയോഗിക്കണമെന്ന് കുട്ടികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കേണ്ടതുണ്ട്. സൈബര്‍ സുരക്ഷയ്ക്ക് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് കൊക്കൂണ്‍ കോണ്‍ഫറന്‍സിലൂടെ പൊതു-സ്വകാര്യ മേഖലകള്‍ക്കിടയില്‍ പങ്കാളിത്തം കെട്ടിപ്പടുക്കണം.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ഡിജിറ്റലൈസ് ചെയ്യുന്നതിനാല്‍ സൈബര്‍ ആക്രമണങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും നേരിടാന്‍ സര്‍ക്കാരുകളും വേണ്ടത്ര തയ്യാറാകേണ്ടതുണ്ട്.
സൈബര്‍ സുരക്ഷ ജനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും മാത്രമല്ല, നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കും ആവശ്യമാണ്. ഈ സാഹചര്യത്തില്‍ കേരള പോലീസ് സംഘടിപ്പിച്ചിരിക്കുന്ന കൊക്കൂണ്‍ സമ്മേളനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ആറ് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ വികസനത്തിന്റെയും ഡിജിറ്റൈസേഷന്റെയും നവീകരണത്തിന്റെയും ബൃഹത്തായ പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ദുര്‍ബല വിഭാഗങ്ങളുടെ ഉയര്‍ച്ച, കാര്‍ഷിക വളര്‍ച്ച, വ്യാവസായിക പുനഃസംഘടന തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
കേരള പോലീസ് സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ്. സൈബര്‍ഡോം, ഡ്രോണ്‍ ഫോറന്‍സിക് ലാബ്, കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള സെല്‍, സിസിടിഎന്‍എസ്, പോള്‍-ആപ്പ് തുടങ്ങിയ കേരള പോലീസിന്റെ പദ്ധതികള്‍ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സേനകളിലൊന്നാണ് കേരള പോലീസ്- മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസിന്റെ ഡ്രോണ്‍ ഫോറന്‍ സിക് വിഭാഗത്തിന്റെ ആന്റീ ഡ്രോണ്‍ മൊബൈല്‍ വെഹിക്കിള്‍ ഈഗില്‍ ഐ മുഖ്യമന്ത്രി പുറത്തിറക്കി. സുരക്ഷാ മേഖലകളില്‍ പറപ്പിക്കുന്ന ഡ്രോണുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ളതാണ് ആന്റീ ഡ്രോണ്‍ മൊബൈല്‍ വെഹിക്കിള്‍.
വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കെ.എന്‍.ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ രാധാകൃഷ്ണന്‍ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.ജി.പി അനില്‍ കാന്ത് സ്വാഗതം ആശംസിച്ച ചടങ്ങില്‍ എഡിജിപി ഹെഡ് കോട്ടേഴ്‌സ് കെ.പത്മകുമാര്‍, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, ബച്പന്‍ ബചാവോ ആന്തോളന്‍ സി.ഇ.ഒ രജ്‌നി സെഖ്രി സിബല്‍, ഐ.സി.എം.ഇ.സി വൈസ് പ്രസിഡന്റുമാരായ ഗുലിനെറോ ഗലാര്‍സിയ, മരിയ പിലര്‍, ജര്‍മ്മനയിലെ സൈബര്‍ സെക്യുരിറ്റി അനലിസ്റ്റ് ഡേവിഡ് ബാപ്സ്റ്റി, ഫ്രാന്‍സിലെ സെക്യൂരിറ്റി റിസര്‍ച്ചര്‍ മെറ്റില്‍ഡെ വെനാള്‍ട്ട് എന്നിവര്‍ പങ്കെടുത്തു. സൈബര്‍ ഡോം നോഡല്‍ ഓഫീസറും സൗത്ത് സോണ്‍ ഐ.ജിയുമായ പി. പ്രകാശ് നന്ദി പറഞ്ഞു.
കേരള പോലീസിന്റെ കൗണ്ടര്‍ ചൈല്‍ഡ് സെക് ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇന്റര്‍നാഷണല്‍ സെൻറർ ഫോര്‍ മിസിംഗ് ആന്റ് എക്‌സ്‌പ്ലോയിറ്റഡ് ചിള്‍ഡ്രന്‍ എന്ന സംഘടന നല്‍കുന്ന അവാര്‍ഡ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഐസിഎംഇസി പ്രതിനിധികളായ ഗുലിനെറോ ഗലാര്‍സിയ, മരിയ പിലര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.