ഗുരുവായൂർ ആനക്കോട്ടയിൽ വനാന്തരീക്ഷം രൂപപ്പെടുത്തുന്നു
‘കൃഷ്ണാരാമം’ പദ്ധതിക്ക് തുടക്കമായി
ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിൽ വനാന്തരീക്ഷം രൂപപ്പെടുത്തുന്നു. ഇതിനായി വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന
‘കൃഷ്ണാരാമം’ പദ്ധതി തുടങ്ങി. ആനക്കോട്ടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. അപൂർവ്വ ഇനത്തിൽപ്പെട്ട ആനമുള തൈ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം.
ആനക്കോട്ടയ്ക്കു ചുറ്റുമായി സ്വാഭാവിക ആവാസ വ്യവസ്ഥയും വനാന്തരീക്ഷവും രൂപപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യം. കൃഷ്ണപ്രിയ വൃക്ഷങ്ങളായ കടമ്പ്, മുളകൾ, അരയാൽ തുടങ്ങിയവ അനുയോജ്യമായ സ്ഥലത്ത് പദ്ധതിയുടെ ഭാഗമായി നട്ടുവളർത്തും. ആനക്കോട്ട
തെക്കേപറമ്പിൽ അതിർത്തിയോട് ചേർന്നാണ് വ്യത്യസ്ത ഇനം മുള തൈകൾ നട്ടത്. ലാത്തി മുളയായിരുന്നു പ്രധാന ഇനം. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദേവസ്വം ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പൽ ഡോ. ഹരി നാരായണൻ, പ്രൊഫ. ഹരി ദയാൽ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ ഏ.കെ രാധാകൃഷ്ണൻ, പ്രമോദ് കളരിക്കൽ, അസി.മാനേജർമാരായ (പബ്ലിക്കേഷൻ) കെ.ജി.സുരേഷ് കുമാർ, ലെജു മോൾ (ജീവധനം), ദേവസ്വം വെറ്ററിനറി സർജൻ ഡോ.ചാരുജിത്ത് നാരായണൻ, ഹെൽത്ത് സൂപ്പർവൈസർ എം.എൽ രാജീവ് എന്നിവർ സന്നിഹിതരായി.
ഗുരുവായൂർ ദേവസ്വം വക സ്ഥലങ്ങളിൽ ദേവസ്വത്തിൻ്റെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാനാകും വിധം വൃക്ഷങ്ങൾ നട്ടുവളർത്തുകയാണ് കൃഷ്ണാരാമം പദ്ധതിയുടെ പ്രധാന ലക്ഷ്യം.Content highlights: Krishnaramam project Punnathurkotta Guruvayur