റബ്ബറിന്റെ ഇലപ്പൊട്ടുരോഗം: അന്താരാഷ്ട്ര ശിൽപ്പശാല തുടങ്ങി
റബ്ബറിന്റെ ഇലപ്പൊട്ടു രോഗത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ശിൽപ്പശാല കോട്ടയം റബ്ബർ ഗവേഷണകേന്ദ്രത്തിൽ തുടങ്ങി. റബ്ബർബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള പ്രശ്നങ്ങള്
ലോകത്താകമാനമുള്ള റബ്ബർമരങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് രോഗങ്ങൾ സംബന്ധിച്ച അറിവുകളും ആശയങ്ങളും പങ്കുവയ്ക്കേണ്ടതും റബ്ബർതോട്ടങ്ങൾ രോഗവിമുക്തമാക്കേണ്ടതും അനിവാര്യമാണെന്ന് ഡോ. രാഘവൻ പറഞ്ഞു.
ഒരു റബ്ബർതൈ നട്ട് വർഷങ്ങളോളം പരിപാലിച്ചാൽ മാത്രമേ അതിൽനിന്ന് വിളവെടുക്കാൻ സാധിക്കു. റബ്ബർവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നല്ല വിളവ് ലഭിക്കുന്നതിന് രോഗങ്ങൾ തടസ്സമാകാതിരിക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോ. രാഘവൻ പറഞ്ഞു. ശിൽപ്പശാലയുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്റർനാഷണൽ റബ്ബർ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ബോർഡ് സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് സംസാരിച്ചു. രോഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഡോ. ക്രിസാദ സാങ്സിങ് (റബ്ബർഗവേഷണകേന്ദ്രം, തായ്ലാൻഡ്), ഡോ എം.ഡി. ജെസ്സി (ഡയറക്ടർ റിസർച്ച് ഇൻ ചാർജ്ജ്, ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം), ഡോ. ഷാജി ഫിലിപ്പ് (പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രം) എന്നിവർ സംസാരിച്ചു. ശിൽപ്പശാലയുടെ ഭാഗമായി തയ്യാറാക്കിയ മാനുവലിന്റെ പ്രകാശനം ഡോ. അബ്ദുൾ അസീസിന് കോപ്പി നൽകി ഡോ. കെ.എൻ രാഘവൻ നിർവ്വഹിച്ചു.
അന്താരാഷ്ട്ര റബ്ബർ ഗവേഷണ സ്ഥാപനമായ ഇന്റർനാഷണൽ റബ്ബർ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ബോർഡുമായി സഹകരിച്ചാണ് ശിൽപ്പശാല നടത്തുന്നത്. റബ്ബർതോട്ടമേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, എസ്റ്റേറ്റ് ഉദ്യോഗസ്ഥർ, വികസനോദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവരെ ഈ രോഗത്തെ പ്രതിരോധിക്കുന്നതിൽ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ളവർക്ക് പുറമെ ശ്രീലങ്ക, തായ്ലാൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. അഞ്ചുദിവസത്തെ ശിൽപ്പശാല സെപ്റ്റംബർ 24-ന് സമാപിക്കും.
ഇലപ്പൊട്ടുരോഗം
റബ്ബർമരങ്ങളെ ബാധിക്കുന്ന സർക്കുലർ ലീഫ് സ്പോട്ട് അഥവാ ഇലപ്പൊട്ടുരോഗം മഴക്കാലത്ത് റബ്ബർമരങ്ങളെ ബാധിക്കുന്ന മറ്റു രോഗങ്ങളിൽനിന്ന് വ്യത്യസ്തമാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ചില തോട്ടങ്ങളിൽ 2017 മുതൽ ഈ രോഗം കണ്ടുവരുന്നുണ്ട്. ഏപ്രിൽ-മെയ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഈ രോഗം കാണപ്പെടുന്നത്. ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം നടത്തിയ പരീക്ഷണങ്ങളിൽനിന്ന് കൊളറ്റോട്രിക്കം എന്ന കുമിളാണ് ഈ രോഗത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ, തായ്ലാൻഡ്, തുടങ്ങിയ രാജ്യങ്ങളിലെ തോട്ടങ്ങളിൽ വ്യാപകമായി ഉണ്ടായ ഇലകൊഴിച്ചിലിന് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് ഇവിടെയും കണ്ടിട്ടുള്ളത്. സ്വാഭാവിക ഇലകൊഴിച്ചിലിന് ശേഷം പുതുതായി വരുന്ന ഇലകൾ ഏപ്രിൽ-മെയ് മാസങ്ങളിൽ മൂപ്പെത്തുന്നു. ഈ സമയത്ത് വേനൽമഴയോടൊപ്പമാണ് രോഗം കണ്ടുതുടങ്ങുന്നത്. രോഗം ബാധിച്ച ഇലകൾ പിങ്കുനിറമാകുകയും കൊഴിഞ്ഞുപോകുകയും ചെയ്യുന്നു.
ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിലും തോട്ടങ്ങളിൽ രോഗബാധ ഉണ്ടാകാം. നടീലിനായി റബ്ബർബോർഡ് ശുപാർശ ചെയ്തിട്ടുള്ള എല്ലാ റബ്ബറിനങ്ങളെയും ഈ രോഗം ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. തോട്ടങ്ങളിലെ രോഗബാധ നിരീക്ഷിക്കുകയും കൃത്യമായി കുമിൾനാശിനി പ്രയോഗിക്കുകയും ചെയ്താൽ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും.