കിരൺ ആനന്ദ് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി കക്കാട്ടു മനയിൽ കിരൺ ആനന്ദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ക്ഷേത്രത്തിൽ താന്ത്രിക കർമ്മങ്ങൾ ചെയ്യാൻ അവകാശമുള്ള ഓതിക്കൻ കുടുംബാംഗമാണ്.
ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കാണ് നിയമനം. അപേക്ഷ നൽകിയ 41 പേരിൽ 39 പേർ കൂടിക്കാഴ്ചയിൽ യോഗ്യത നേടിയിരുന്നു. ഇവരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് കിരൺ ആനന്ദിന് മേൽശാന്തിയാകാൻ നിയോഗം ലഭിച്ചത്. പുതിയ മേൽശാന്തി സെപ്റ്റംബർ 30 ന് രാത്രി സ്ഥാനമേൽക്കും. അതിനു മുമ്പ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കണം.
ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ തുടങ്ങിയവരും ഭക്തരും ചടങ്ങിൽ സന്നിഹിതരായി. ഗുരുവായൂരിലെ കക്കാട് ആനന്ദൻ നമ്പൂതിരിയുടെയും ശാരദാ അന്തർജനത്തിൻ്റെയും മകനാണ് കിരൺ ആനന്ദ്.
പെരിന്തൽമണ്ണ എരവിമംഗലം മുണ്ടേക്കാട് മനയിലെ ഡോ.മാനസിയാണ് ഭാര്യ. ആറു വർഷമായി റഷ്യയിൽ ആയുർവേദ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. മൂന്നു മാസം മുമ്പാണ് നാട്ടിൽ വന്നത്. സംഗീതജ്ഞൻ കൂടിയായ കിരൺ ആനന്ദ് ഭക്തിഗാന ആൽബങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.Content highlights: Kiran Anand new melsanthi of Guruvayur Temple