സംസ്ഥാനത്ത് മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കും

കർഷകരുടെ വരുമാന വർദ്ധനയും കാർഷികോത്പാദനക്ഷമതയും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. കൃഷി ഉത്പന്നങ്ങളില്‍ നിന്ന്‌
മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കൽ, കാർഷിക ഉത്പന്നങ്ങൾക്കും മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കും വിപണന ശൃംഘല വികസിപ്പിച്ചെടുക്കൽ തുടങ്ങിയവയ്ക്ക്‌ സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ മിഷൻ രൂപീകരിക്കുന്നതെന്ന്‌ കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള പ്രധാന നേട്ടങ്ങൾ, നിലവിലുള്ള അവസരങ്ങൾ, വിടവുകൾ, നയം, വിപണി, സാങ്കേതിക വശങ്ങൾ, എന്നിവ പരിഗണിച്ച് പ്രത്യേകം ഇടപെടേണ്ട മേഖലകൾ കണ്ടെത്തി മൂല്യവർദ്ധിത കൃഷി പ്രോത്സാഹിപ്പിക്കുകയാണു മിഷന്റെ പ്രവർത്തനരീതിയെന്ന്‌

മന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിച്ചു പ്രവർത്തിക്കും. കാർഷിക വ്യവസായം, സാങ്കേതികവിദ്യ, വിജ്ഞാന ശേഖരണം, അവയുടെ ഉപയോഗം, വിപണനം, ധനകാര്യം തുടങ്ങിയ മേഖലകളിലൂന്നിയാകും വർക്കിങ് ഗ്രൂപ്പുകൾ പ്രവർത്തിക്കുക.

സമാഹരണ പ്രവർത്തനങ്ങൾ, ഗുണനിലവാര നിയന്ത്രണം, ബ്രാൻഡിംഗ്, ലേബലിങ്, എന്നിവ ഉറപ്പുവരുത്തി ആഭ്യന്തര വിദേശ വിപണിക്കു വേണ്ടിയുള്ള മികച്ച ആസൂത്രണം, വിഞ്ജാനപ്രധാനമായ സാങ്കേതിക വിദ്യകളുടെ വിന്യാസം, ഐ.ഒ.ടി, ബ്ലോക്ക് ചെയിൻ എന്നിവ ഉപയോഗിച്ചുള്ള സ്മാർട്ട് ക്രോപ്പ് ഇൻഷുറൻസ്, അനുയോജ്യമായ യന്ത്രങ്ങളുടെ പ്രചാരണം, നൂതന യന്ത്രവത്കരണം, ബഹിരാകാശ അധിഷ്ടിത സാങ്കേതിക വിദ്യകളുടെ ഉപയോഗം തുടങ്ങിയവയാണ് മിഷന്റെ പ്രധാന ശ്രദ്ധാ മേഖലകൾ.

ദ്രുത ഗതിയിലുള്ള വിജ്ഞാന വ്യാപനം, പ്രശ്ന പരിഹാരം, എന്നിവ ഉറപ്പാക്കുന്ന നൂതന ഗവേഷണ പ്രവർത്തനങ്ങൾക്കായി  നോളജ് പ്ലാറ്റ്ഫോം ഇതിന്റെ ഭാഗമായി രൂപപ്പെടുത്തും. വിപണന, മൂല്യവർദ്ധിത മേഖലകളിലെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും (കൃഷി, വ്യവസായം, തദ്ദേശസ്വയംഭരണം, തുടങ്ങിയ വകുപ്പുകളുടെ) പദ്ധതികൾ, KIIFB, KERA, RKI, RIDF, തുടങ്ങിവ ഇതിനായി ഉപയോഗപ്പെടുത്തും.

വ്യവസായ വകുപ്പിന്റെയും, നോർക്കയുടെയും സഹായത്തോടെ കേരളത്തെ ഗൾഫിന്റെ അടുക്കളയായും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ ഫ്രൂട്ട് പ്ലേറ്റായും വിഭാവനം ചെയ്ത് കേരളത്തിന്റെ തനത് ആഹാരങ്ങൾ അന്തർദേശീയ അടിസ്ഥാനത്തിൽ ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യാൻ മിഷൻ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി അധ്യക്ഷനായും കൃഷി, വ്യവസായ മന്ത്രിമാർ ഉപാധ്യക്ഷന്മാരായും, ധനകാര്യ, തദ്ദേശ സ്വയംഭരണ, സഹകരണ, ജലവിഭവ, മൃഗ സംരക്ഷണ, ഫിഷറീസ്, വൈദ്യുതി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിമാർ അംഗങ്ങളുമായുള്ള ഗവേണിംഗ് ബോഡിയും, ഓരോ മേഖലയ്ക്കായി കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായുള്ള വിദഗ്ധ സംഘങ്ങളുടെ വർക്കിംഗ് ഗ്രൂപ്പുകളും വിഭാവനം ചെയ്തിട്ടുണ്ട്. മിഷന് സംസ്ഥാന തലത്തിൽ കോ-ഓർഡിനേറ്ററും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഉണ്ടാകും.

കാർഷിക മേഖല നിലനിൽക്കണമെങ്കിൽ കർഷകർക്ക് ഉറപ്പായ വരുമാനം ലഭ്യമാകണമെന്നു മന്ത്രി ചൂണ്ടികാട്ടി. കാർഷിക വിപണന മേഖലയിലും മൂല്യവർദ്ധിത മേഖലയിലും കൂടുതൽ ഇടപെടൽ ആവശ്യമുണ്ട്. കൃഷിക്കൂട്ടങ്ങളുടെ വരവോടെ വിപണന മേഖലയിലും മൂല്യവർദ്ധന മേഖലയിലും കൂടുതൽ കർഷകരുടെ പങ്കാളിത്തമുണ്ടാകുമെന്നാണു പ്രതീക്ഷ.

ഉത്പന്നങ്ങൾക്ക് വില ഉറപ്പാക്കാൻ സംഭരണവും അടിസ്ഥാന വിലയും സർക്കാർ ഉറപ്പാക്കുന്നുണ്ടെങ്കിലും സംഭരിക്കുന്ന ഉത്പന്നങ്ങൾ യഥാവിധി പ്രയോജനപ്പെടുത്തുവാൻ സാധ്യമാകാത്തതിനാൽ സർക്കാരിന് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നു. മൂല്യവർദ്ധിതകൃഷി മിഷൻ യാഥാർഥ്യമാകുന്നതോടെ ഇതിനു പരിഹാരമാകും.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 25000 ത്തിലധികം കൃഷിക്കൂട്ടങ്ങൾ ഉണ്ടായി കഴിഞ്ഞു. ഇവയുടെ 80 ശതമാനം ഉത്പാദന മേഖലയിലാണ്. 20 ശതമാനം മൂല്യവർദ്ധന മേഖലയിലാണ്. മൂല്യവർദ്ധിത കൃഷിമിഷന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ ഇവിടെയാണ് ഉണ്ടാകുക.

മൂല്യവർദ്ധിത ഉത്പന്നങ്ങൾ അടിസ്ഥാനമാക്കിയ കൃഷിയിലേക്കായിരിക്കും ഉത്പാദന മേഖലയിലുള്ള “കൃഷിക്കൂട്ടങ്ങൾ” പ്രഥമ പരിഗണന നൽകുക. മൂല്യവർദ്ധിത മേഖലയിലുള്ള കൃഷിക്കൂട്ടങ്ങൾക്ക് പ്രാദേശികമായ പിന്തുണ ഇക്കാര്യത്തിൽ നൽകും. ഗുണനിലവാരമുള്ളതും ആരോഗ്യ പൂർണ്ണവുമായ കാർഷിക ഉത്പന്നങ്ങൾ ഇതുവഴി ഉണ്ടാക്കുവാൻ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോക്, ഡയറക്ടർ ടി.യു സുഭാഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *