മയ്യഴിയുടെ കഥാകാരന് ഗുരുവായൂരിൽ പിറന്നാൾ മധുരം

സാഹിത്യകാരൻ എം. മുകുന്ദന് ഗുരുവായൂരപ്പൻ്റെ സന്നിധിയിൽ പിറന്നാൾ മധുരം. എൺപതാം പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പനെ തൊഴുതും ഭക്തർക്കൊപ്പം പ്രസാദ ഊട്ട് കഴിച്ചുമായിരുന്നു അദ്ദേഹത്തിൻ്റെ ജന്മദിനാഘോഷം.

“പൂരമാണ് ജൻമ നക്ഷത്രം. സെപ്റ്റംബർ 10 ആണ് ജനനത്തീയതി. ആ  ദിവസമാണ് പിറന്നാളായി ഞാൻ കണക്കാകുക. ഇത്തവണ ഗുരുവായൂരപ്പൻ്റെ മുന്നിലാവട്ടെ പിറന്നാൾ എന്ന് ആഗ്രഹിച്ചു. ഭാര്യ ശ്രീജയ്ക്കും സമ്മതം. കുറച്ചു കാലമായി ഇവിടെ വരാൻ ആഗ്രഹിക്കുന്നു. വളരെ സന്തോഷമാണ് ഇവിടെ വരുന്നത്.” -എം. മുകുന്ദൻ പറഞ്ഞു.

പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പ സന്നിധിയിലെ പ്രസാദ ഊട്ട് കഴിക്കാനായതിൻ്റെ ആഹ്ളാദവും അദ്ദേഹം പങ്കിട്ടു. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം അന്ന ലക്ഷ്മി ഹാളിൽ ഭക്തർക്കൊപ്പമിരുന്നാണ് പ്രസാദ

ഊട്ടു കഴിച്ചത്. പ്രസാദ ഊട്ട് ഇഷ്ടമായോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ.  “അത് ചോദിക്കാനുണ്ടോ. അതിഗംഭീരമല്ലേ. ഒരു പ്രത്യേക ടേസ്റ്റാണ്, സിമ്പിളും. പാൽപ്പായസവും കേമം. കോവിഡ് കാലത്തിന് മുമ്പ് ഇവിടെ വന്ന് പ്രസാദ ഊട്ട് കഴിച്ചിട്ടുണ്ട്. സുഹൃത്തിനൊപ്പമാണ് അന്ന് വന്നത് ” – അദ്ദേഹം മനസ് തുറന്നു.

അവിട്ടം ദിനത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഭാര്യ ശ്രീജക്കൊപ്പം എം. മുകുന്ദൻ ഗുരുവായൂരെത്തിയത്. ദേവസ്വം ശ്രീവൽസം അതിഥിമന്ദിരത്തിലാണ് താമസിച്ചത്. വൈകിട്ട് ദീപാരാധനയ്ക്ക് ക്ഷേത്രത്തിലെത്തി. ഗുരുവായൂരപ്പനെ കൺനിറയെ കണ്ടു. പുഷ്പങ്ങൾ നേർന്നു. ദേവസ്വം ഉദ്യോഗസ്ഥർ നൽകിയ പ്രസാദ കിറ്റും ഏറ്റുവാങ്ങി.
പിറന്നാൾ ദിനത്തിൽ പുലർച്ചെ നാലു മണിക്ക് തന്നെ ക്ഷേത്രത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുതു.

തിരിച്ച് മുറിയിലെത്തുമ്പോൾ ഇഷ്ട സാഹിത്യകാരന് പിറന്നാൾ ആശംസയുമായി ആരാധകരുടെ ഫോൺ വിളികളെത്തി. തലശ്ശേരിയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ തിരിച്ച ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ എം. മുകുന്ദന് പിറന്നാൾ ആശംസകൾ നേർന്നു. ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി ഭരണ സമിതി അംഗം സി.മനോജ് ശ്രീവൽസം അതിഥി മന്ദിരത്തിലെത്തി എം.മുകുന്ദനെ പൊന്നാടയണിയിച്ചു. രണ്ടു ദിവസം അദ്ദേഹം ഗുരുവായൂരിൽ ചെലവഴിച്ചു. Content high lights: M.Mukundan celebrated birth day in Guruvayur

Leave a Reply

Your email address will not be published. Required fields are marked *