ബാങ്കിൻ്റെ മട്ടുപ്പാവിലെ പൂക്കൾ കൊണ്ട് നാടാകെ പൂക്കളം
പയ്യന്നൂർ കാര്‍ഷിക വികസന ബാങ്കിൻ്റെ മാതൃക
മട്ടുപ്പാവിൽ വിരിഞ്ഞ ചെണ്ടുമല്ലി പൂക്കൾ കൊണ്ട് നാടാകെ പൂക്കളമൊരുക്കി മാതൃക കാട്ടിയിരിക്കുകയാണ് ഒരു നഗരം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരത്തിലേയും തൊട്ടടുത്തുള്ള
ഗ്രാമങ്ങളിലേയും പല വീടുകളിലും ഓണ പൂക്കളമൊരുക്കിയത് പയ്യന്നൂർ കാര്‍ഷിക വികസന ബാങ്കിൻ്റെ മട്ടുപ്പാവിലുണ്ടായ പൂക്കൾ കൊണ്ടാണ്. ഇവർക്ക് തമിഴ്നാട്ടിൽ നിന്നുള്ള പൂക്കൾവേണ്ടി വന്നില്ല.
പെരുമ്പയിലെ ബാങ്ക് കെട്ടിടത്തിൻ്റെ മട്ടുപ്പാവിൽ 280 ഗ്രോബാഗുകളിലായി കൃഷി ചെയ്ത ചെണ്ടുമല്ലിയിൽ നിന്ന് 110 കിലോ പൂക്കൾ ലഭിച്ചതായി ബാങ്ക് സെക്രട്ടറി പ്രിൻസ് വർഗ്ഗീസ് പറഞ്ഞു.
ഉത്രാടത്തിന് തലേന്നാൾ ഇത് വിളവെടുത്ത് വില്പന നടത്തി. കിലോയ്ക്ക് 200 രൂപ തോതിലാണ് വില്പന നടത്തിയത്. വർണ്ണ പൂക്കൾ വിരിഞ്ഞ ബാങ്ക് കെട്ടിടത്തിനു മുകളിലെ പൂപ്പാടം കാണാൻ കൗതുകമായിരുന്നു. ഇത് നാലാമത്തെ വർഷമാണ് ബാങ്ക് ചെണ്ടുമല്ലികൃഷി നടത്തുന്നത്. അതിനു മുമ്പ് പച്ചക്കറി കൃഷി നടത്തിയിരുന്നു.
ആദ്യത്തെ തവണ എല്ലായിനം പച്ചക്കറിയും കൃഷി ചെയ്തു. അടുത്ത വർഷം വെണ്ടകൃഷി നടത്തി. പിന്നീട് കാബേജും ക്വാളിഫ്ലവറും കൃഷി ചെയ്തു. അതിനു ശേഷമാണ് ചെണ്ടുമല്ലി കൃഷിയിലേക്ക് തിരിഞ്ഞത്.
കഴിഞ്ഞ വർഷത്തെ ഗ്രോബാഗിൽ ചാണകപ്പൊടിയിട്ടാണ് ഇത്തവണ തൈകൾ നട്ടത്. ഫേസ്ബുക്കിലെ കൃഷിത്തോട്ടം ഗ്രൂപ്പിൽ നിന്നാണ് തൈകൾ വാങ്ങിയത്. ജൂൺ ആദ്യവാരമാണ് തൈകൾ നട്ടത്. മഴ
കനത്തപ്പോൾ ചെടികളുടെ വളർച്ച മുരടിച്ചുവെങ്കിലും പിന്നീട് നന്നായി വളർന്നു. മൂന്നു തവണ ചെടികളുടെ തലപ്പ് നുളളിക്കളഞ്ഞു.
മഞ്ഞ, ഓറഞ്ച്, വെള്ള പൂക്കളുടെ തൈകളാണ് നട്ടത്. പൂക്കൾ വിരിഞ്ഞപ്പോൾ തന്നെ ആവശ്യക്കാർ വന്നിരുന്നു. പൂക്കച്ചവടക്കാർക്കു മൊത്തമായി നൽകാതെ നാട്ടുകാർക്ക് തന്നെയാണ് പൂക്കളെല്ലാം നൽകിയത്. വിളവെടുത്ത് മണിക്കൂറുകൾക്കകം പൂക്കൾ വിറ്റുതീർന്നു. എം.വിജിൻ എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
Sooper Article