കേരളം പേപ്പട്ടി പേടിയിൽ; വില്ലൻ അറവ് മാലിന്യം
ഡോ.പി.വി.മോഹനന്‍
സംസ്ഥാനത്ത് 2017 മുതൽ ഇതുവരെ 11 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റു എന്ന കണക്ക് നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. 2022ൽ ഇതുവരെ കടിയേറ്റത് 1.83 ലക്ഷം പേർക്ക്. പേവിഷബാധയേറ്റ് മരണമടഞ്ഞത് 21 പേർ ! അതിൽ വാക്‌സിൻ എടുത്തവർ ആറു പേർ!
സംസ്ഥാനത്ത് പ്രതിവർഷം 20 ലക്ഷം മാടുകളെയും ആറു ലക്ഷം ആടുകളെയും കശാപ്പ് ചെയ്യുന്നുണ്ട്. ഇതിൽ നിന്ന് ഉണ്ടാകുന്ന അറവ് മാലിന്യത്തിന്റെ അളവ് പ്രതി ദിനം 1300 ടൺ ആണ്. ഇതുമുഴുവനും നമ്മുടെ പുഴകളിലും തോടുകളിലും ആൾപാർപ്പില്ലാത്ത കാടുപിടിച്ച സ്ഥലങ്ങളിലും നിക്ഷേപിക്കുകയാണ്.
സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന 15680 അറവ് കേന്ദ്രങ്ങളുണ്ട്. ശാസ്ത്രീയ അറവുശാലകൾ മൂന്നെണ്ണം മാത്രം. ഇവിടെ അറക്കുന്ന മൃഗങ്ങളുടെ എണ്ണം ദിനംപ്രതി കേവലം മുന്നൂറിൽ താഴെയാണ്. ബാക്കിയെല്ലാം അനധികൃതമാണെന്ന് സാരം. അനധികൃത അറവു തടയാതെയും ശാസ്ത്രീയ അറവ് മാലിന്യ സംസ്കരണമൊരുക്കാതെയും തെരുവുനായ പ്രശ്നം പരിഹരിക്കാൻ കഴിയില്ല.
സംസ്ഥാനത്ത് പ്രതിദിനം ഉണ്ടാകുന്ന കോഴിയറവ് മാലിന്യം 1050 ടണ്ണാണ്. ഇത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെ റെന്ററിങ് പ്ലാൻറുകൾ സ്ഥാപിക്കപ്പെട്ടു.
ഒരു പരിധിവരെ കോഴിയറവ് മാലിന്യങ്ങൾ സംസ്കരിച്ചു പോകുന്നുണ്ടെങ്കിലും അനധികൃത മാലിന്യമാഫിയകൾ വീണ്ടും സജീവമായിതുടങ്ങി. പന്നികർഷകർക്കു കൂടി കോഴിയറവ് മാലിന്യം കൊടുക്കണമെന്ന സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനമാണിതിന് കാരണം.
പന്നികർഷകരെന്ന വ്യാജേന മാലിന്യം ശേഖരിച്ചു വഴിയിൽതള്ളുന്ന മാഫിയ സംഘങ്ങൾ വിണ്ടും സജീവമായതാണ് ഇതിനു കാരണം. തെരുവ്നായ്ക്കളുടെ പ്രധാന ആഹാരമാണ് ഈ അറവ് മാലിന്യങ്ങൾ. അനധികൃത അറവ്കേന്ദ്രങ്ങളെ ചുറ്റിപറ്റിയാണ് 73 ശതമാനം തെരുവുനാ യ്ക്കളും ജീവിക്കുന്നത്. ഈ മാലിനും തിന്നുശീലിച്ചവയാണ് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും കൊന്നു തിന്നുന്നതും.മനുഷ്യനെ ആക്രമിക്കാനും ഇത്തരം നായ്ക്കൾ തയ്യാറാകും.
സംസ്ഥാനത്ത് 2.8 ലക്ഷം തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. ഇവിടെയുണ്ടാകുന്ന അറവ് മാലിന്യങ്ങൾ മൂന്നു ലക്ഷം നായ്ക്കൾക്കു കഴിക്കാനുള്ളതുണ്ട്. നായ ഷെൽട്ടറുകളും,വാക്സിനേഷനും ലൈസൻസിങ്ങും ഒക്കെ നടക്കട്ടെ. ആദ്യം വേണ്ടത് അനധികൃത അറവ് നിരോധനവും ശാസ്ത്രീയ അറവ് മാലിന്യ സംസ്കരണവുമാണ്. (മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയരക്ടറാണ് ലേഖകന്‍)
കിറുകൃത്യമായ നിരീക്ഷണം.