പ്രസാദാത്മകമായ പ്രകൃതി വിളിച്ചു പറയുന്നു; ഓണം വന്നു
പ്രകൃതിക്ക് അന്നും ഇന്നും മാറ്റമില്ല. പ്രകൃതി എപ്പോഴും പ്രസാദാത്മകമാണ്. തൂവെള്ള തുമ്പപ്പൂക്കളും കരിനീലപ്പൂക്കളും മഞ്ഞയും ചുവപ്പുമായ തെച്ചികളും ശുഭ്രമന്ദാരങ്ങളും വിടർന്നു നിൽക്കുന്നു. പൊൻവെയിൽ തുമ്പികളും ചിത്രശലഭങ്ങളും ചെറുതേൻകിളികളും അതിലോലങ്ങളായ ചിറകുകൾ വീശി പാറുന്നു.
ഓണം പടിക്കലെത്തിയെന്ന് അവയെല്ലാം ഏകസ്വരത്തിൽ വിളിച്ചോതുന്നു. മുഖാവരണവും സാമൂഹിക അകലവും സാനിറ്റൈസറും വേണ്ടാത്ത അവയെന്നും പാറി പറക്കുന്നു. പക്ഷെ
മനുഷ്യർ ഇന്നും സ്വതന്ത്രരല്ല. ലോകത്തെ വിറപ്പിച്ച അജ്ഞാത ശത്രു പിടി വിട്ടു പോകുന്നില്ല. “തച്ചുടച്ച് തൂക്കി വിൽക്കാതെ, ലേലത്തിൽ പോവാതെ ഒരു പൊൻവിളക്കവശേഷിപ്പിച്ച പഴയ തറവാട്; മലനാട്. ആ വിളക്കത്രെ പൊന്നോണം” – മഹാകവി പി.കുഞ്ഞിരാമൻ നായർ ഓണത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
“ഒരു മതമൊരു ജാതിയൊരു നിറമൊരു നിണം” – ഇതാണ് ഓണപ്പൊരുളെന്ന് പി. പാടിയിട്ടുണ്ട്.
ലോകത്തെ മലയാളികളുടെ ഏറ്റവും തീവ്രമായ ഗൃഹാതുരത്വമാണ് ഓണം. കുളി കഴിഞ്ഞ് കയറി വരുന്ന ചിങ്ങപ്പുലരിയും പൊൻപ്രഭയാർന്ന വെയിലും പൂവിളിപ്പാട്ടും നിലാവുമൊക്കെ ചേർന്നുള്ള ആർദ്രമായൊരു
സ്മൃതി ഓരോ മലയാളി മനസ്സും താലോലിക്കുന്നു. അതു കൊണ്ടു തന്നെ എന്തൊക്കെ ആശങ്കകളുണ്ടായാലും പുതുവസ്ത്രമണിഞ്ഞ് പൂക്കളമിട്ട് സദ്യയൊരുക്കി എല്ലാവരും ഓണത്തെ വരവേൽക്കുന്നു.