എവിടെ ഞങ്ങളുടെ കൈപ്പാടുകളും കണ്ണാന്തളിയും
പത്തുനാൽപ്പത്തിയേഴു വർഷം പഴക്കമുള്ള സുന്ദരവും ഹരിതാഭവുമായ ബാല്യകാല ഓണ സ്മൃതികളാണ് മനസ്സിലിപ്പോഴും. ഓണം ഞങ്ങൾ പയ്യന്നൂരിലെ കുട്ടികൾക്ക് വിശാലമായ ‘കൈപ്പാടുകൾ’ (വസന്തത്തിൽ മാത്രം പുൽപൂക്കൾ നിറയുന്ന ചതുപ്പുസ്ഥലങ്ങൾ) തേടിയുള്ള യാത്രയായിരുന്നു.
തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും പലതരം വർണ്ണങ്ങളിലുള്ള വയൽപ്പൂവുകളും ഞങ്ങളെ കാത്ത് വിരിഞ്ഞു നിൽക്കും. പയ്യന്നൂരമ്പലത്തിനടുത്ത് തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരത്തോടു
ചേർന്നാണ് ഞാൻ താമസിച്ചിരുന്നത്. അഗ്രഹാരത്തിൻ്റെ പിന്നിലെ ഊടുവഴിയിലിറങ്ങി ചീർമ്മക്കാവിൻ്റെ ഓരം പറ്റി കണ്ടോത്തിടം അമ്പലവും കഴിഞ്ഞ് പിന്നെയും കുറേ ദൂരം ഞങ്ങളുടെ കുട്ടിസംഘം പൂതേടി നടക്കും.
അക്കാലത്ത് കൈപ്പാടുകളിൽ വളരുന്ന നീളമുള്ള പച്ചപ്പുല്ല് പശുക്കൾക്കായി മുറിച്ചെടുത്ത് കെട്ടുകളാക്കി ചിരിയമ്മയും യശോദേട്ടിയും കുമ്പയും കാരിച്ചിയുമൊക്കെ ചിലപ്പോൾ എതിരെ വരും. ‘സൂക്ഷിച്ചോളണേ മക്കളെ മടയിൽ മൂർഖനുണ്ട്, ഞങ്ങളിന്നും കണ്ടതാ’ – എന്നൊക്കെ അവർ ഞങ്ങളെ പേടിപ്പിക്കും. ഉള്ളിലിത്തിരി പേടി അധികമുണ്ടങ്കിലും അത്തം മുതലുള്ള ആ പൂതേടി യാത്രകളിൽ മിക്കവാറും മുതിർന്ന കുട്ടികളുടെ കൂടെ ഞാനും അണിചേരുമായിരുന്നു.
ഒരിക്കലും വഴുക്കലുള്ള വരമ്പുകളിൽ ഞങ്ങൾ തെന്നി വീണില്ല. ചിരിയമ്മയും കൂട്ടരും പേടിപ്പിച്ച പോലെ പുല്ലാനി മൂർഖനോ പച്ചില പാമ്പോ നീർക്കോലികളെങ്കിലുമോ ഞങ്ങളെ പേടിപ്പിച്ചില്ല. കൈക്കുട നിറയെ പൂക്കൾ തന്ന് കൈപ്പാടുകളും പാടങ്ങളും ഞങ്ങളെ ആമോദത്തോടെ വരവേറ്റു. പതിയെപ്പതിയെ ഞങ്ങൾ മുതിർന്ന കുട്ടികളായി നാടുവിട്ടുപോയി. എങ്കിലും അകലെ പല നഗരങ്ങളിലിരുന്ന് ഞങ്ങളുടെ കൈപ്പാടുകളേയും കണ്ണാന്തളി പൂക്കളേയും ഓർക്കാറുണ്ടായിരുന്നു.
നാട്ടിലേക്കുള്ള ഓണക്കാല വരവുകളിൽ ഞങ്ങൾ പതിയെ ആ സത്യം തിരിച്ചറിഞ്ഞു. പുതിയബസ് സ്റ്റാൻഡിനും എണ്ണ ശുദ്ധീകരണ ശാലയ്ക്കും ഷോപ്പിങ് കോംപ്ലക്സുകൾക്കും കൂറ്റൻ കെട്ടിടങ്ങള്‍ക്കുമൊക്കെയായി
ആ ചതുപ്പുകളും പൂക്കളും ഒരുപാട് ജീവജാലങ്ങളുടെ ആവാസ കേന്ദ്രങ്ങളും ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ചതുപ്പുകളിലെ പുല്ലാനി മൂർഖനല്ല, ദിശാബോധമില്ലാത്ത വികസനമെന്ന കാർക്കോടകനാണ് പത്തി വിടർത്തിയാടുന്നത് !
പ്രകൃതിയും പരിസ്ഥിതിയും നഷ്ടപ്പെടുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ വായുവിൽ അലിഞ്ഞു തീർന്നിരിക്കുന്നു. എവിടെയും നഗര ബഹളങ്ങൾ മാത്രം! ഹരിത ജാലങ്ങളാൽ സമ്പന്നമായിരുന്ന ഞങ്ങളുടെ ഊരിലാകെ ഇപ്പോൾ കോൺക്രീറ്റ് കാടുകളാണ്! പുതിയ പുതിയ റോഡുകളും വലിയ വലിയ വാഹനങ്ങളും കൂറ്റൻ എടുപ്പുകളും നിറഞ്ഞ ഒരു മഹാനഗരമായി പയ്യന്നൂർ മാറിയിരിക്കുന്നു. പഴയ പയ്യൻ ഊരിലെ പുതിയ ഓണക്കാലങ്ങളിൽ വഴി തെറ്റി അലയുന്നു…