ചാത്തമംഗലം പഞ്ചായത്തിൽ ഗ്രാമവണ്ടി ഓടിത്തുടങ്ങി
കോഴിക്കോട് ജില്ലയിലെ കെ.എസ്.ആർ.ടി.സിയുടെ ആദ്യത്തെ ഗ്രാമവണ്ടി ചാത്തമംഗലം പഞ്ചായത്തിൽ ഗതാഗത മന്ത്രി ആൻ്റണി രാജു
ഉദ്ഘാടനം ചെയ്തു.
ജനാവലിയുടെ സാന്നിധ്യത്തിൽ ആഘോഷ വരവേൽപ്പാണ് ഗ്രാമവണ്ടിക്ക് ലഭിച്ചത്. നാടൊന്നാകെ ഏറ്റെടുക്കുന്ന കേരളത്തിന്റെ സ്വപ്നപദ്ധതിയായ ഗ്രാമവണ്ടി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയിൽ കൂടുതൽ ഗ്രാമവണ്ടികൾ വരും നാളുകളിൽ കേരളത്തിന്റെ ഗ്രാമങ്ങളിലൂടെ ഓടും.
ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കാൻ പഞ്ചായത്തുകൾ തയ്യാറാണെങ്കിൽ ബസ്സ്, ഡ്രൈവർ, കണ്ടക്ടർ തുടങ്ങിയ സൗകര്യങ്ങൾ കെ.എസ്. ആർ. ടി.
സി. നൽകും. രണ്ടാം ഘട്ടത്തിൽ ചെറിയ ബസ്സുകളാണ് നിരത്തിലിറക്കുക. സമൂഹത്തിനാകെ ഉപകാരപ്പെടുന്ന രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ബസ്സിന്റെ നിയന്ത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ബസ്സിന്റെ ഡീസൽ ചെലവ് മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ച് അവർ നിശ്ചയിക്കുന്ന റൂട്ടുകളിലൂടെയും സമയക്രമം അനുസരിച്ചും സർവ്വീസ് നടത്തുന്നതാണ് ഗ്രാമവണ്ടി. ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പദ്ധതി സഹായകരമാണെന്നാണ് ഇതുവരെയുള്ള അനുഭവമെന്നും മന്ത്രി അറിയിച്ചു. പി.ടി. എ. റഹീം എം എൽ എ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ സന്നിഹിതരായിരുന്നു.