ഇവിടെയൊന്ന് ഇറങ്ങീട്ട് പോകാം; ടേക്ക് എ ബ്രേക്ക്
കോഴിക്കോട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് ഒരു വഴിയോര വിശ്രമ കേന്ദ്രം കാണാം. ഇതിൻ്റെ പരിസരത്തെത്തിയാൽ വിശ്രമകേന്ദ്രം സന്ദർശിക്കാതെ നമ്മൾ പോകില്ല. ഇഷ്ടിക മാതൃകയിൽ കെട്ടിയുണ്ടാക്കിയ ഭംഗിയുളള കെട്ടിടം. ഇരുവശത്തും പുൽത്തകിടി. മുന്നിൽ പൂച്ചെടികൾ. കരിങ്കൽ ടൈലുകൾ പാകിയ മുറ്റം. കമാനങ്ങൾ… വൃത്തിയും വെടിപ്പുമുള്ള പരിസരം. കോടഞ്ചേരി പഞ്ചായത്തിൻ്റെ
‘ടേക്ക് എ ബ്രേക്ക് ‘ എന്ന വിശ്രമകേന്ദ്രം ഈ രംഗത്തെ മാതൃക തന്നെയാണ്. 600 ചതുരശ്ര അടിയുള്ള ഇതിനകത്ത് നാല് ശുചിമുറികൾ, വിശ്രമിക്കാനുള്ള സ്ഥലം, മുലയൂട്ടൽ കേന്ദ്രം, നാപ്കീൻ നിക്ഷേപിക്കാനുള്ള സൗകര്യം എന്നിവയെല്ലാമുണ്ട്. എല്ലാം വൃത്തിയായി പരിപാലിക്കുന്നുമുണ്ട്. ലഘുഭക്ഷണശാല കൂടി ഉടൻ പ്രവർത്തിച്ചു തുടങ്ങും. പഞ്ചായത്ത് ഹരിതകർമ്മസേനയാണ് വിശ്രമകേന്ദ്രം നടത്തുന്നത്. ഗ്രാമപഞ്ചായത്ത് എഞ്ചിനീയർ അരുൺചന്ദാണ് ഈ കേന്ദ്രത്തിന്റെ ഡിസൈൻ തയ്യാറാക്കി നിർമ്മാണ
പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പതങ്കയം, അരിപ്പാറ, തുഷാരഗിരി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് ആശ്വാസമാണ് ഈ കേന്ദ്രം.
നല്ല നിലവാരമുള്ള പൊതുശുചിമുറികളും വിശ്രമകേന്ദ്രവും ഉൾപ്പെട്ട ‘ടേക്ക് എ ബ്രേക്ക്’ സമുച്ചയങ്ങൾക്ക് സംസ്ഥാന സർക്കാരാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാന ശുചിത്വ മിഷൻ്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗിച്ച് തദ്ദേശഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഇത്തരം സമുച്ചയങ്ങൾ നിലവിൽ വന്നിട്ടുണ്ട്. ചിത്രങ്ങൾ: പി.പ്രകാശ്
Such rest places to be started in every block….