ഓർമ്മകളിൽ ഒഴുകിയെത്തുന്നു ‘ഓണം പൊന്നോണം…’

ജീവിതം ഒരു പുസ്തകമെങ്കിൽ  അതിലെ ഓരോ പേജും ഓരോ ദിവസങ്ങളാണ്. ജീവിച്ചു കഴിഞ്ഞ നാളുകൾ വായിച്ചു തീർത്ത അധ്യായങ്ങളും, ഇനിയുള്ള  കാലം വായിക്കാൻ ബാക്കി വെച്ച പേജുകളും ആണ്. ആ താളുകളിൽ എന്താണ് കുറിച്ചു വെച്ചിരിക്കുന്നതെന്നു നമുക്കറിയില്ല. അവസാന താളും തീരുമ്പോൾ ഒരു നല്ല കഥ വായിച്ച അനുഭവം ആകട്ടെ എന്ന് നാമെല്ലാം ആഗ്രഹിക്കുന്നു.

ഓണക്കാലങ്ങളും ഓണത്തെക്കുറിച്ചുള്ള ഓർമ്മകളും നമുക്കേവർക്കും നല്ല ഗതകാലസ്മരണകൾ അയവിറക്കുവാനുള്ള അവസരം നൽകുന്നു. സമൃദ്ധിയുടെയും സർവൈശ്വര്യത്തിന്റെയും മാനവ സ്നേഹത്തിന്റെയും നിറവിൽ വർണ്ണപുഷ്പങ്ങളാൽ പൂക്കളം തീർത്ത നാളുകൾ !

ഓണക്കാലങ്ങളിൽ ഞാൻ പുറത്തിറക്കിയ നിരവധി ഓണപ്പാട്ടുകളുടെ ആൽബങ്ങളിൽ മാഗ്നാ സൗണ്ട്സിനു വേണ്ടി റെക്കോർഡ് ചെയ്ത  ‘ഓണം ഓർമ്മകളിൽ’ രചനയിലും സംഗീതത്തിലും വളരെ 

വ്യത്യസ്തത പുലർത്തിയ ഒന്നായിരുന്നു. സംഗീതാസ്വാദകർക്കേറെ ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ചില രചനകൾ, ഈണങ്ങൾ കുറെയേറെ മനസ്സുകളിൽ സൃഷ്‌ടിച്ച നൊമ്പരങ്ങൾ ആ ഗാനങ്ങൾക്ക് ലഭിച്ച സ്വീകാര്യതയാണ് എന്നു പറയാം.

വെറും 48 മണിക്കൂറിൽ ഒമ്പത് ഗാനങ്ങളുടെ രചന, സംഗീതം, ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നീ കാര്യങ്ങൾ നിർവഹിച്ച് അടുത്ത 48 മണിക്കൂറിൽ റെക്കോർഡിങ്ങും പൂർത്തീകരിച്ചു എന്നോർക്കുമ്പോൾ അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന് പറയട്ടെ. എറണാകുളത്തു ബി.ടി.എച്ച്.ഹോട്ടലിൽ റൂം നമ്പർ 405 ൽ ആർ.കെ.ദാസ്, എ.വി.വി.പോറ്റി, പി.ആർ. മുരളി, ഷിബു ചക്രവർത്തി എന്നിവരോടൊപ്പം എന്റെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും നടന്ന ഗാനസൃഷ്ടിയുടെ നീണ്ട മണിക്കൂറുകൾ.

രാവിലെ നാലു മണിക്ക് എറണാകുളം ശിവക്ഷേത്രത്തിൽ കതിനവെടി മുഴങ്ങുന്നത് വരെയും ഉറക്കമൊഴിച്ചുള്ള ഒരു യജ്ഞമായിരുന്നു അത്. ഗാനങ്ങളിൽ ബിജു നാരായണൻ ആലപിച്ച ഓണം പോന്നോണം… എന്ന ഗാനം ഏറെ പ്രചാരത്തിലായി. എ.വി.വി. പോറ്റിയുടെ രചനയ്ക്ക് ഞങ്ങളുടെ കൂട്ടായ്മയിൽ ചെയ്ത സംഗീതം ആ ഗാനത്തെ ഏറെ ശ്രേഷ്ഠമാക്കി.

ഓർമ്മകളുടെ തിരിനാളങ്ങളിൽ തെളിയുന്ന വർണ്ണങ്ങളും, കർണ്ണങ്ങളിൽ അലയടിച്ച ഈണങ്ങളും ഓണത്തിന്റെ സ്മരണകൾക്ക് ഏറെ മിഴിവേകി. ബാല്യകാലങ്ങളിൽ നാലുകെട്ടിന്റെ ചുവരുകളിൽ വരച്ചു വെച്ച ചിത്രങ്ങൾ ഓർമ്മകളിൽ മായാതെ നിൽക്കുന്നു. ഓർമ്മകൾ മാത്രമായി മാറിയ അമ്മ അച്ഛൻ മറ്റ് കാരണവന്മാർ…. പക്ഷേ ഇന്നും മറക്കാത്ത അമ്മ പാടി തന്ന ഗാനങ്ങൾ ഇപ്പോഴും ഓണത്തെ ഏറെ സംഗീതാത്മകമാക്കുന്നു.

ബിജു നാരായണൻ, വേണുഗോപാൽ, സംഗീത എന്നിവർ പാടിയ ഗാനങ്ങൾ ഓണക്കാലത്തിനെ ഏറെ വർണ്ണാഭമാക്കി എന്നു പറയുമ്പോൾ അതിലൊട്ടും അതിശയോക്തി ഇല്ല എന്ന് കൂടി പറഞ്ഞോട്ടെ. ഓണം ഓർമ്മകളായി… ആൽബത്തിന്റെ ശീർഷകം പോലെ.

മറന്നു പോയ ഓണനിലാവും, ഓണപ്പാട്ടുകളും, ഓണാക്കൊടിയും, പൂക്കളവും പാണന്റെ പാട്ടും എല്ലാം ഇപ്പോഴും മനസ്സിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. ഓർത്തെടുക്കാൻ തുടങ്ങിയാൽ അവയെല്ലാം ഇന്നലെ

കഴിഞ്ഞു പോയ സംഭവങ്ങൾ പോലെ മനസ്സിൽ തെളിഞ്ഞു വരും. കാലം കാത്തുവെച്ച ഓർമ്മകൾ ! ബാല്യകൗമാര കാലങ്ങളിൽ നമ്മുടെ മനസ്സുകളിൽ നിന്നും പാറിപ്പറന്നുപോയ മോഹപ്പക്ഷികൾ ഓരോ ഓണക്കാലം വരുമ്പോഴും വീണ്ടും നമ്മുടെ മനസ്സുകളിൽ വന്നു കൂടണയുന്നു.

ബാല്യകൗമാര മോഹങ്ങൾ ഓർമ്മിക്കുമ്പോൾ നാം വീണ്ടും ആ പഴയ കാലങ്ങളിലേക്കു തിരിച്ചു പോകാൻ മോഹിക്കുന്നു. എത്ര ചേർത്തു പിടിച്ചാലും ആ മോഹപ്പക്ഷികൾ വീണ്ടും പറന്നകലുന്നു… ഒരു പക്ഷെ അടുത്ത ഓണക്കാലത്ത് വീണ്ടും കാണാമെന്ന യാത്രമൊഴിയും പറഞ്ഞ്…എല്ലാം നൊമ്പരമുണർത്തുന്ന ഓർമ്മകൾ… ഞാൻ നൊമ്പരങ്ങളെ ഇഷ്ടപ്പെടുന്നു. കാരണം അവയോരൊന്നും എനിക്ക് സ്നേഹത്തിന്റെ കാണാപ്പുറങ്ങൾ കാണിച്ചു തരുന്നു. (എച്ച്.എം.വി.യിൽ തുടങ്ങി മൂന്നു പതിറ്റാണ്ട്‌ മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന കെ.കെ.മേനോന്‍ എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. )

One thought on “ഓർമ്മകളിൽ ഒഴുകിയെത്തുന്നു ‘ഓണം പൊന്നോണം…’

  1. വളരെ മനോഹരമായി പഴയ ഓണക്കാലത്തെ ഓർമിപ്പിച്ചു…… ഓണത്തിനെ സംഗീത മാലകൊണ്ട് സ്വീകരിച്ചതിൽ താങ്കളുടെ പങ്ക് ഇത്രയധികം എന്നറിഞ്ഞതിൽ സന്തോഷം. ഓണാശംസകൾ 💐💐

Leave a Reply

Your email address will not be published. Required fields are marked *