ഐ.എന്‍.എസ്. വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി യുദ്ധക്കപ്പൽ ഐ.എന്‍.എസ്. വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. കപ്പൽ രൂപകല്പന ചെയ്ത കൊച്ചി കപ്പൽശാലയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ വിക്രാന്തിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി. ഗാർഡ് ഓഫ് ഓണർ നൽകിയാണ്‌ കപ്പലിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

സമുദ്ര മേഖലയിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണ് വിക്രാന്ത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ പ്രതീകമായ വിക്രാന്ത് ഓരോ ഇന്ത്യക്കാരൻ്റെയും അഭിമാനമാണ്-

പ്രധാനമന്ത്രി പറഞ്ഞു. വിക്രാന്തിലെ കമാൻ്റിങ് ഓഫീസർ ക്യാപ്റ്റൻ വിദ്യാധർ ഹാർകെ കമ്മീഷനിങ് വാറൻ്റ് വായിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയൻ, നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ, വൈസ് അഡ്മിറൽ എം.എ.ഹംപി ഹോളി, കൊച്ചിൻ ഷിപ്പ് യാർഡ് മാനേജിങ് ഡയരക്ടർ മധു എസ്.നായർ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

30 പോർവിമാനങ്ങൾ വഹിക്കാൻ പറ്റുന്ന വിക്രാന്തിന് 262 മീറ്റർ നീളവും 63 മീറ്റർ വീതിയും 59 മീറ്റർ ഉയരുവുമുണ്ട്. ഏകദേശം 14 നില കെട്ടിടത്തിൻ്റെ ഉയരം. 40000 ടണ്ണാണ് ഭാരം. ഒരു ഹോക്കി ഗ്രൗണ്ടിൻ്റെ രണ്ടര ഇരട്ടി വലുപ്പമുണ്ട്. ഫ്ലൈറ്റ് ഡെക്കിൽ മൂന്നു റൺവേകളാണ് 

ഉള്ളത്. പറന്നുയരാൻ 203 മീറ്ററും 141 മീറ്ററും നീളമുള്ള രണ്ട് റൺവേകൾ. വിമാനങ്ങൾക്ക് ഇറങ്ങാൻ 190 മീറ്റർ വരുന്ന മൂന്നാമതൊരു റൺവേയുണ്ട്. 28 നോട്ടിക്കൽ മൈലാണ് വിക്രാന്തിൻ്റെ വേഗം.1600 നാവികർക്ക് ഇതിൽ സഞ്ചരിക്കാം.

മലിനജല ശുദ്ധീകരണ പ്ലാൻ്റ്, ഓക്സിജൻ, നൈട്രജൻ പ്ലാൻ്റ് എന്നിവയുമുണ്ട്. 24 മെഗാവാട്ട് വൈദ്യുതി കപ്പലിൽ തന്നെ ഉല്പാദിപ്പിക്കും. ദിവസം രണ്ടായിരം പേർക്കുള്ള ശുദ്ധജലവും കപ്പലിൽ ഉല്പാദിപ്പിക്കും. അത്യാഹിത വിഭാഗവും വെൻ്റിലേറ്റർ സൗകര്യവുമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും കപ്പലിലുണ്ട്. കപ്പലിൽ എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കുന്ന കുക്ക് ഹൗസ് പുലർച്ചെ മൂന്നു മണി മുതൽ പ്രവർത്തിച്ചു തുടങ്ങും.

ഇരുപതിനായിരം കോടിയിലേറെയാണ് ഇതിൻ്റെ നിർമ്മാണച്ചെലവ്. കൊച്ചി കപ്പൽ നിർമ്മാണശാലയിൽ രജിസ്റ്റർ ചെയ്ത 550 ലേറെ സ്ഥാപനങ്ങൾ വിക്രാന്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. കമ്മിഷൻ ചെയ്തതോടെ സ്വന്തമായി വിമാനവാഹിനി യുദ്ധക്കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.

Leave a Reply

Your email address will not be published. Required fields are marked *