കൊച്ചി മെട്രോയുടെ സോളാര്‍ പ്ലാന്റ് പ്രവർത്തനം തുടങ്ങി

സോളാറില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട കൊച്ചി മെട്രോയില്‍ പുതിയ പ്ലാന്റ് കൂടി പ്രവര്‍ത്തനം തുടങ്ങി. മുട്ടം യാര്‍ഡില്‍ 655 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ ഉദ്‌ഘാടനം ചെയ്തു.

യാർഡിൽ റോഡിന് മുകളിൽ എലിവേറ്റർ സ്ട്രക്ച്ചറുകൾ സ്ഥാപിച്ച് അതിന് മുകളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 58 ശതമാനവും സോളാറില്‍ നിന്ന്‌ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായി കെ.എം.ആര്‍.എല്‍ മാറി.

ആവശ്യമുള്ള വൈദ്യുതി സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന നിലയിലേക്ക് കെ.എം.ആര്‍.എല്‍ മുന്നേറുകയാണ്. ഇപ്പോൾ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം 10.5 മെഗാവാട്ടായി ഉയര്‍ന്നു. ചടങ്ങില്‍ ഡയറക്ടര്‍ സിസ്റ്റംസ് ഡി.കെ. സിന്‍ഹ, ജനറല്‍ മാനേജര്‍മാരായ എ.മണികണ്ഠന്‍, മിനി ഛബ്ര, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.എസ്. റെജി, മാനേജർ (എൽ ആന്റ് ഈ ) ശക്കീബ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റവും കൂടുതല്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്കിടയില്‍ മുന്‍നിര സ്ഥാനമാണ് കെ.എം.ആര്‍.എല്ലിനുള്ളത്. മുട്ടം യാര്‍ഡിന് സമീപമുള്ള ട്രാക്ക് ഏരിയയും റോഡ് ഏരിയയും തരിശായി കിടന്ന ഭൂമിയുമാണ് സോളാര്‍ പാടമാക്കി മാറ്റിയത്.

ട്രെയിൻ പാളത്തിന് മുകളില്‍ വരെ പാനലുകള്‍ സ്ഥാപിച്ച് സോളാര്‍ വൈദ്യുതി ഇന്ത്യയില്‍ ആദ്യമായി ഉല്‍പ്പാദിപ്പിച്ച് തുടങ്ങിയത് കൊച്ചി മേട്രോയാണ്. ഇത്തരത്തില്‍ ട്രാക്കിന് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 5.191 മെഗാവാട്ട് വൈദ്യുതി ഫേസ് -3 സോളാർ പ്രൊജക്റ്റ് വഴി കെ.എം.ആർ.എൽ ഉത്പാദിപ്പിച്ചു തുടങ്ങി.
ട്രെയിൻ ഗതാഗതം തടസ്സപ്പെടാതെ ട്രാക്കിന് മുകളില്‍ ഏഴ്‌ മീറ്റര്‍ ഉയരത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയതോടെ ആകാശത്തുനിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ആദ്യ മെട്രോയായി. സോളാർ പാനലുകൾ സ്ഥാപിക്കുക വഴി പ്രതിവര്‍ഷം 3.4 ലക്ഷം ടണ്‍ കാര്‍ബണ്‍ എമിഷനാണ് കുറയ്ക്കാന്‍ കഴിയുക.5.4 ലക്ഷം തേക്ക് മരങ്ങള്‍ വെച്ചുപിടിപ്പിച്ചാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ഗുണങ്ങള്‍ക്ക് തുല്യമാണിത്.

Leave a Reply

Your email address will not be published. Required fields are marked *