കരുമാല്ലൂരിനെ മഞ്ഞയണിയിച്ച് ചെണ്ടുമല്ലിപ്പാടം

മഞ്ഞയും ഓറഞ്ച് നിറത്തിലുമുള്ള ചെണ്ടുമല്ലി പൂത്തുനിൽക്കുന്ന ഈ കാഴ്ച തമിഴ്നാട്ടിലോ കര്‍ണ്ണാടകത്തിലോ അല്ല. എറണാകുളം ജില്ലയിലെ കരുമാല്ലൂരിലാണ് ഈ മനോഹര കാഴ്ച്ച. സ്ത്രീകളുടെ കൂട്ടായ്മയിൽ വിരിഞ്ഞ പൂക്കൾ ഇനി നാടിൻ്റെ നാനാഭാഗത്തും പൂക്കളമൊരുക്കും. ഒന്നര ഏക്കറിലെ പൂക്കളുടെ സൗന്ദര്യം കാണാനും ഫോട്ടോയെടുക്കാനുമായി

ഇവിടെ ഒട്ടേറെ ആളുകൾ എത്തുന്നുണ്ട്. പൂകൃഷിയുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു.

കരുമാല്ലൂർ പഞ്ചായത്തിലെ വെളിയത്തുനാട് റോസ് ജെ. എൽ. ജി.യുടെ നേതൃത്വത്തിൽ കരുമല്ലൂർ ഗ്രാമ പഞ്ചായത്ത്, വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക്, കരുമാല്ലൂർ കൃഷി ഭവൻ, കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിലാണ് പൂകൃഷി ആരംഭിച്ചത്. ഷംല ആഷിഫ്, ഫസീജ, സുനിത, സൈനബ, ലൈല എന്നിവരുടെ നേതൃത്വത്തിലാണ് വ്യവസായിക അടിസ്ഥാനത്തിൽ വിജയകരമായി കൃഷി ചെയ്തത്.

ഒരു ചെടിയിൽ നിന്ന് ഒന്നര – രണ്ട് കിലോ പൂക്കൾ കിട്ടുമെന്ന് ആത്മയുടെ ബ്ലോക്ക് ടെക്നോളജി മാനേജർ നിഷിൽ ടി.എന്‍. പറഞ്ഞു. ഇത് മൂന്നു തവണയായി വിളവെടുക്കും. ജൂൺ മാസത്തിലാണ് ചെണ്ടുമല്ലി കൃഷി തുടങ്ങാനായി പ്രവർത്തനങ്ങൾ തുടങ്ങിയത്. കൃഷി വകുപ്പ് ആത്മയുടെ നേതൃത്വത്തിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ജൂൺ 13 ന്‌

‘ഓണത്തിന് പൂക്കളം, പൂക്കളം ഒരുക്കാൻ പൂകൃഷി’ യെന്ന സന്ദേശവുമായി ആലങ്ങാട്, കരുമല്ലൂർ, വരാപ്പുഴ, കടുങ്ങല്ലൂർ പഞ്ചായത്തുകളിലും ഏലൂർ,ആലുവ മുനിസിപ്പാലിറ്റികളിലും പൂകൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകരെയും, കർഷക ഗ്രൂപ്പ് പ്രതിനിധികളെയും ഉൾപ്പെടുത്തി ക്ലാസ് നടത്തിയിരുന്നു.

ക്ലാസിൽ പങ്കെടുത്തവർക്കെല്ലാം 30 തൈകൾ വീതം നൽകിയിരുന്നു. ഗുരുവായൂരിലെ കൃഷിത്തോട്ടം ഗ്രൂപ്പാണ് തൈകൾ നൽകിയത്. എല്ലാവരും വീടുകളിൽ നട്ടുവളർത്തിയിരുന്നു. കരുമാല്ലൂർ, ആലങ്ങാട് എന്നിവിടങ്ങളിലാണ് പാടത്ത് കൃഷി ചെയ്തത്. നിലം ഒരുക്കൽ, തൈ നടേണ്ട വിധം, പ്രൂണിങ് ചെയ്യേണ്ട രീതി, വിളവെടുപ്പ് എന്നിങ്ങനെ ഓരോ

സമയത്തും ചെയ്യേണ്ട കാര്യങ്ങൾ മണ്ണുത്തിയിലെ കാർഷിക സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഷാരോൺ ഫെർണാണ്ടസ് ക്ലാസിൽ അവതരിപ്പിച്ചിരുന്നു.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രം വഴി ഒട്ടനവധി കർഷകർ ഇത്തവണ സ്വന്തം വീടുകളിലും പറമ്പുകളിലും പൂകൃഷി ആരംഭിച്ചിട്ടുണ്ട്. പൂക്കൾ അവശ്യമുള്ളവർക്ക് 90377 71151, 8893712343 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *