കൊച്ചി ഇൻഫോപാർക്കിൽ പുതിയ ഐ.ടി. സ്പേസുകൾ
കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിൽ പുതിയ ഐ.ടി സ്‌പേസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പുതുതായി 1,61,000 ചതുരശ്ര അടി ഐ.ടി സ്‌പേസാണ് ഇന്‍ഫോപാര്‍ക്കില്‍ സജ്ജമായിരിക്കുന്നത്.
മൂന്ന് നിലകളിലായി കൊഗ്നിസന്റ് ടെക്‌നോളജീസിന്റെ കെട്ടിടത്തില്‍ 1,00,998 ചതുരശ്ര അടിയും ജ്യോതിര്‍മയ ബ്ലോക്കില്‍ 35000 ചതുരശ്ര അടിയും തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ 25000 ചതുരശ്ര അടിയുമായാണ് പുതിയ ഐ.ടി സ്‌പേസ് ആരംഭിക്കുന്നത്. ഇവിടങ്ങളിൽ 18 കമ്പനികളുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 62 ലക്ഷം ചതുരശ്ര അടി ഐ.ടി സ്പേസ് നിർമ്മിക്കാനാണ് രണ്ടാം പിണറായി സർക്കാർ ശ്രമിക്കുന്നത്. ഇത് സാധ്യമാക്കുന്നതിലൂടെ 67,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു.
2016 ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്താകെ 46 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള ഐ.ടി സ്‌പേസും 45869 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഐ.ബി.എം, ടാറ്റ എലക്സി, ടിസിഎസ് പോലുള്ള കമ്പനികൾ കേരളത്തിലേക്ക് കടന്നുവരുന്നത് ഈ അനുകൂല സാഹചര്യം മനസിലാക്കിക്കൊണ്ടാണ്
കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിക്കായുള്ള സ്ഥലമേറ്റെടുപ്പ് ധ്രുതഗതിയിലാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. 10 മാസം കൊണ്ട് പദ്ധതിക്കാവശ്യമായ 70% ഭൂമിയും ഏറ്റെടുത്ത് നൽകാൻ സാധിച്ചു.
രാജ്യത്തെ തന്നെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റി ആരംഭിക്കാൻ പോകുന്നതും കേരളത്തിലാണ്. ഇതിനു പുറമേ ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ.ടി ഇടനാഴികളും സംസ്ഥാനത്ത് സ്ഥാപിക്കുകയാണ്. അതിലൊന്ന് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്നാണ് ആരംഭിക്കുന്നത്.