ഗ്രാമ വിശുദ്ധിയുടെ സൗരഭ്യം ചൊരിഞ്ഞ് മടപ്പള്ളി യുനൈറ്റഡ്
അഡ്വ.കെ.വി. മോഹനൻ
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള മടപ്പള്ളി യുനൈറ്റഡ് എന്ന ചിത്രം കണ്ട് പുറത്തിറങ്ങിയപ്പോൾ ഒരു കാര്യം ബോദ്ധ്യമായി. സിനിമയുടെ വിജയത്തിന് സൂപ്പർ താരങ്ങളോ പേരും പ്രശസ്തിയുമുള്ള സംവിധായകരൊ ഒന്നും വേണ്ട. സർഗ്ഗധനനായ ഒരു തിരക്കഥാകൃത്തും സംവിധായകനു മുണ്ടെങ്കിൽ സിനിമ ഉദാത്തമാകും. തിരകഥാകൃത്തുകൂടിയായ അജയ് ഗോവിന്ദ് എന്ന നവാഗത സംവിധായകൻ മടപ്പള്ളി യുനൈറ്റഡ് എന്ന അഭ്രകാവ്യത്തിലൂടെ അത് തെളിയിച്ചിരിക്കുന്നു.
മടപ്പള്ളി യുനൈറ്റഡിനെ സവിശേഷമാക്കുന്നത് അതിന്റെ അയത്നലളിതമായ ആഖ്യാന രീതിയാണ്. ഒട്ടും കൃത്രിമത്വമില്ലാതെ സ്വാഭാവികതയുടെ ഉൺമ നഷ്ടപ്പെടാതെ എന്നാൽ കലാമേന്മ ഒട്ടും ചോർന്ന് പോകാതെ കഥ പറയുന്ന രീതി. തുടക്കം മുതൽ ഒടുക്കം വരെ കാഴ്ചക്കാരൻ ഒട്ടും മുഷിപ്പില്ലാതെ പരിസരം മറന്ന് സിനിമ കാണുന്നത് ആഖ്യാനത്തിന്റെ ഈ സവിശേഷത ഒന്നു കൊണ്ടു മാത്രമാണ്.
മടപ്പളളി എന്ന ഗ്രാമവും ഗ്രാമത്തിലെ നിഷ്ക്കളങ്കരായ കുട്ടികളും അവർക്കിടയിലെ കറകളഞ്ഞ സൗഹൃദവും സമത്വബോധവും നിയമത്തേക്കാൾ നീതിയുടെ പക്ഷം പിടിക്കുന്ന പ്രകാശൻ വക്കീലുമൊക്കെ ചേർന്നൊരുക്കുന്ന ഗ്രാമ വിശുദ്ധിയുടെ സൗരഭ്യം ചൊരിയുന്ന ഇതിവൃത്തം ഗംഭീരമാണ്.
കെട്ടുറപ്പുള്ള ഒരു കഥയൊ അമാനുഷിക പരിവേഷമുള്ള കഥാപാത്രങ്ങളൊ ഭയങ്കര സസ്പെൻസുകളൊ ഒന്നുമില്ലാത്തൊരു ഇതിവൃത്തം. വിശുദ്ധിയുളെളാരു ഗ്രാമവും അവിടത്തെ ജീവിതത്തിന്റെ അടരുകളും തനിമ ചോർന്ന് പോകാതെ ചിത്രീകരിക്കുമ്പോൾ ഏതവസരത്തിലും അതൊരു ഡോക്യൂമെന്ററിയിലേക്ക് കൂപ്പ് കുത്താനുള്ള സാധ്യത ഏറെയാണ്. അജയ് ഗോവിന്ദ് ഈ അനിവാര്യ സമസ്യയെ അക്ഷരാർത്ഥത്തിൽ അതിജീവിച്ചിരിക്കുന്നു.
നേര് നേരെ പറയുന്നതല്ലല്ലൊ കല. ഉളളത് ഉൺമ ചോരാതെ കലാപരമായി ആവിഷ്ക്കരിക്കുമ്പോഴാണ് ഉദാത്തമായ കലാസൃഷ്ടിയാവുന്നത്. മടപ്പള്ളിയെന്ന ഗ്രാമവും അവിടത്തെ ജീവിതവും ബാല്യകൗമാരങ്ങളും തനിമ ഒട്ടും നഷ്ടപ്പെടാതെ ഉദ്വേകജനകമായ ഒരു കഥാ ചിത്രമായി ആവിഷ്ക്കരിക്കാൻ അജയ് ഗോവിന്ദിന് കഴിഞ്ഞിരിക്കുന്നു.
കാസ്റ്റിംഗ് ആണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. കഥാപാത്രങ്ങളെ മാത്രമല്ല ഒരു ഗ്രാമത്തിന്റെ പരിപ്രേക്ഷ്യം അതേപടി കാസ്റ്റ് ചെയ്തിരിക്കുന്നു. ക്രിക്കറ്റ് ബാറ്റും പിടിച്ച് കളിസ്ഥലം അന്വേഷിച്ചലയുന്ന കുട്ടികൾക്കൊപ്പം ഒരു കുട്ടിയായി നമ്മളും അലയുന്നു.
നാട്ടിൻപുറത്തെ ചായക്കടക്കാരൻ ശതമാനകണക്കുകൾ പറഞ്ഞ് തന്റെ പാണ്ഡിത്യം വിളമ്പുമ്പോൾ അതിലൊരു ശ്രോതാവായി നമ്മളും ഇല്ലേ എന്നൊരു തോന്നൽ. ആ ഗ്രാമ പശ്ചാത്തലത്തെ ചേതോഹരമാക്കിക്കൊണ്ട് അർത്ഥസമ്പുഷ്ടവും താളാത് മകവുമായൊരു നാടൻ പാട്ട്. ഇവിടെ ഗാനരചയിതാവിനെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ.
മടപ്പള്ളി ശൈലിയിലുള്ള അളന്ന് മുറിച്ച സംഭാഷണങ്ങൾ. ആ സംഭാഷണങ്ങളിലൂടെ ഇതൾ വിരിയുന്ന ഗ്രാമ്യ നർമ്മങ്ങൾ. വാച്ച് മാറി മാറി കെട്ടി ഒടുവിൽ വാച്ച് നഷ്ടപ്പെട്ട കേസ്സുമായി പോലിസ് സ്റ്റേഷനിലെത്തുന്ന കുട്ടികൾ, അവരെ സരസമായി കൈകാര്യം
ചെയ്യുന്ന പോലീസുകാർ. പോലിസ് സ്റ്റേഷന്റെ മുന്നിലുള്ള വിശാലമായ സ്ഥലം ക്രിക്കറ്റ് ഗ്രൗണ്ടാക്കി കളി തുടരുന്ന കുട്ടികൾ. നർമ്മത്തിന്റെ നവഭാവുകത്വങ്ങളുടെ വേറിട്ട കാഴ്ചകൾ തീർത്തിരിക്കുന്നു ഈ യുവ സംവിധായകൻ.
സിനിമയിലെ ഏറെ ഹൃദയഹാരിയായ രംഗമാണ് പ്രകാശൻ വക്കീലിന്റെ മരണം. ബഹളവും പതിവ് ആർഭാടങ്ങളുമില്ലാതെ ചിത്രീകരിച്ചൊരു രംഗം.” മോനേ… മോനേ “യെന്ന അമ്മയുടെ വിളിയിലും “ഡാഡി” എന്ന മകന്റെ വിളിയിലും ഒതുക്കി നായകസ്ഥാനത്തുള്ളാരു കഥാപാത്രത്തിന്റെ മരണം ചിത്രീകരിച്ച്, തിയേറ്ററിനകത്ത് ഘനീഭൂതമായ ദുഖത്തിന്റെ നിശബ്ദത തീർക്കുന്നു. അതുവരെ ഒഴുകിയെത്തിയ ഗ്രാമ്യ നർമ്മങ്ങൾ ശോകമൂകതയിലേക്ക് വഴി മാറുന്നു. ഇനിയെന്ത് എന്ന സന്ദേഹം ബാക്കി വെച്ച് സിനിമയ്ക്ക് അർദ്ധവിരാമം.
വെറുതേ ഒരുദ്ദേശവുമില്ലാതെ ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞു പോവുകയല്ല അജയ് ഗോവിന്ദ് ചെയ്തിരിക്കുന്നത്. ഇതിൽ സമകാലീന സമൂഹത്തിലെ നീതിരാഹിത്യങ്ങളുണ്ട്. അതിനെതിരെ പൊരുതുന്നവർ നേരിടുന്ന വെല്ലു വിളികളും പരിണിത ഫലങ്ങളുമുണ്ട്. മാറുന്ന കാലത്തിന്റെ യാന്ത്രികതകളുണ്ട് . ജെൻന്റർ ഇക്വാലിറ്റിയുടെ ലളിത സമവാഖ്യങ്ങളുണ്ട്. സർവ്വോപരി ഒരു നാടിന്റെ വിഭാഗീയതകളില്ലാത്ത സമത്ത്വ ബോധവും സാഹോദര്യവും അടി വരയിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്.
അകാരണമായി വലിച്ച് നീട്ടിയ ഏതാനും ചില ഷോട്ടുകൾ ആഖ്യാനത്തിന്റെ ഒഴുക്കിനും കഥയുടെ വൈകാരിക തീവ്രതയ്ക്കും മങ്ങലേൽപ്പിച്ചിട്ടുണ്ട് അത്തരത്തിലുള്ള ഒന്നു രണ്ടു സീനുകൾ ചിലയിടങ്ങളിൽ വിരസത സൃഷ്ടിച്ചുവെന്നതും വാസ്തവമാണ്. സാവിത്രി ശ്രീധരന്റെ സംഭാഷണങ്ങളിലെ നാടകീയതയാണ് മുഴച്ച് നിൽക്കുന്ന മറ്റൊരു ന്യൂനതയായി തോന്നിയത്. തികഞ്ഞ നാടക പശ്ചാത്തലത്തിൽ പരുവപ്പെട്ടൊരു നടിയ്ക്ക് സംഭവിക്കാവുന്ന ഈ സ്വാഭാവിക പരിണതി കല്ലുകടിയായി തോന്നി.
വിജിലേഷ് കാരയാട്, ജയപ്രകാശ് കുളൂർ, ഹരീഷ് പേരടി, സിബി തോമസ്, രഞ്ജി കാങ്കോൽ, ശ്രീകാന്ത് മുരളി, സാവിത്രി ശ്രീധരൻ തുടങ്ങിയവർ കഥാപാത്രങ്ങായി എത്തുന്നു. തൻവീർ അഹമ്മദാണ് ഛായാഗ്രാഹകൻ.