കാനന്നൂര്‍ റോട്ടറിക്ക് പുതിയ സാരഥികൾ
കണ്ണൂരിലെ സാമൂഹ്യ സേവന രംഗത്ത് ആറ് പതിറ്റാണ്ട് പാരമ്പര്യമുള്ള കാനന്നൂര്‍ റോട്ടറി ക്ലബ്ബ് 2022 – 23 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രശസ്ത ഭൗമശാസ്ത്രജ്ഞനായ ഡോ. കെ. കെ രാമചന്ദ്രനാണ് പ്രസിഡണ്ട്. എ.വി. സത്യനാണ് സെക്രട്ടറി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ കേരള തീരദേശ പരിപാലന അതോറിറ്റി എന്നിവയുടെ മെമ്പർ സെക്രട്ടറിയായിരുന്ന രാമചന്ദ്രൻ തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായിരുന്നു.
കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക സന്തുലനത്തിന് മുൻഗണന കൊടുക്കുന്ന സാമൂഹ്യ സേവന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ റോട്ടറിയെ സജ്ജമാക്കുന്നതിനാണ് പുതിയ ഭാരവാഹികളുടെ ശ്രമം.
ജൂൺ 30 ന് കണ്ണൂരിലെ ഹോട്ടൽ ബിനാലേയിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമേറ്റെടുക്കും. വൃക്ക അച്ഛനെന്ന് ഖ്യാതി നേടിയ ചിറമേൽ അച്ഛനാണ് ചടങ്ങിലെ മുഖ്യാതിഥി. കാനന്നൂര്‍ റോട്ടറിയുടെ ജീവകാരുണ്യ പ്രവർത്തനത്തിൽ നിർധനരായ 19 കുട്ടികൾക്ക് ഇതുവരെ സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി.
റോട്ടറി ക്ലബ് നടപ്പിലാക്കി വരുന്ന ആശ്രയ പ്രതീക്ഷ പദ്ധതികൾ കൂടാതെ കണ്ണൂർ കോർപ്പറേഷനുമായി സഹകരിച്ച് ഡയാലിസിസ് സെന്റർ പ്രവർത്തിപ്പിക്കുവാനും കോർപ്പറേഷൻ പരിധിയിൽ മിയാവാക്കി വനവൽക്കരവും തദ്ദേശ വാസികളുടെ ഉപജീവനം ഉറപ്പുവരുത്തി സംയോജിതമായി കണ്ടൽക്കാടുകളോടു ചേർന്നു മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും നടപ്പിലാക്കാനുദ്ദേശിക്കുന്നു. ചടങ്ങിനോടനുബന്ധിച്ച് റോട്ടറി അംഗങ്ങളുടെ കുടുംബ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.