മണിമലയാറ്റിൻ തീരത്ത്… മാൻതുള്ളും മലയോരത്ത്

കെ. കെ. മേനോൻ
മണിമല എന്ന സ്ഥലനാമം അന്നെന്തോ മനസ്സിൽ ഒരു പ്രത്യേക അനുഭവമാണ് പകർന്നു തന്നിരുന്നത്. കാരണമെന്താണെന്ന് അറിയില്ല. ആലോചിച്ച് സമയവും കളഞ്ഞിട്ടില്ല. മണിമലയാർ എന്ന് കേൾക്കുമ്പോഴും വായിക്കുമ്പോഴും ഏറെ താൽപര്യവും ഒന്ന് പോയി നേരിൽ കാണുവാനുള്ള ആഗ്രഹവും ആയിരുന്നു മനസ്സിൽ.

ആ സമയങ്ങളിലാണ് ” മണിമലയാറ്റിൻ തീരത്ത്” എന്ന പ്രസിദ്ധമായ ഗാനം കേൾക്കുന്നത്. പിന്നെ പറയേണ്ട കാര്യമില്ലല്ലോ. മണിമലയും, മണിമലയാറും കാണുവാനുള്ള അതിയായ മോഹം സഫലീകൃതമാകുന്നത് അക്കാലങ്ങളിലെ ശബരിമല യാത്രകളിലാണ്.

പൊൻകുന്നം -മണിമല വഴി പോകുമ്പോൾ കാണുന്ന റബർ തോട്ടങ്ങൾ. പകൽ സമയത്തും സൂര്യരശ്മികളെ തടഞ്ഞു വെച്ച് ആകെ ഇരുട്ടിനു സമാനമായ അന്തരീക്ഷം സൃഷ്ടിച്ചെടുത്ത അറ്റം കാണാൻ സാധിക്കാത്ത അത്രയും വലിയ റബ്ബർ തോട്ടങ്ങൾ – റോഡിന്റെ ഓരത്തു കൂടി, നാണിച്ച് കുണുങ്ങിക്കുണുങ്ങി ഒഴുകിയിരുന്ന മണിമലയാർ.

റബർ പാലിന്റെ മണം കാറ്റിലൂടെ ഒഴുകിയെത്തിയിരുന്ന അസുലഭ മുഹൂർത്തങ്ങൾ. കാറ് റോഡിന്റെ സൈഡിൽ നിർത്തി മണിമലയാറ്റിൽ ഇറങ്ങി കൈകാലുകൾ, മുഖം എല്ലാം കഴുകി കുറച്ചുനേരം ആ അന്തരീക്ഷത്തിൽ ലയിച്ചു നിന്നിരുന്ന സമയങ്ങൾ.

മനസ്സിൽ അറിയാതെ പൊങ്ങി വന്ന “മണിമലയാറ്റിൻ” എന്ന ഗാനം പകർന്നു തന്ന അനിർവചനീയമായ അനുഭൂതി. എല്ലാം മതിയാവോളം ആസ്വദിച്ചു കൊണ്ടുള്ള യാത്രകൾ. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്, അതായത് 71- 73 കാലങ്ങൾ,

ഹോസ്റ്റലിൽ റൂംമേറ്റ് ആയി മണിമല ക്കാരൻ മാത്യു തോമസ് വരുന്നത്. മണിമല വിശേഷങ്ങൾ ചർച്ച ചെയ്യുമ്പോൾ അക്കാലത്ത് ഏറെ വിവാദമായിരുന്ന പിന്നീട് ഒരു സിനിമയായി വന്ന മറിയക്കുട്ടി കൊലക്കേസ്സും ചർച്ചകളിൽ ഒരു പ്രധാന വിഷയം ആയിരുന്നു.

പ്രീഡിഗ്രി പഠനം കഴിഞ്ഞ് വളരെ വർഷങ്ങൾക്കു ശേഷം അതായത് എൺപതുകളിലാണ് എന്നാണ് എന്റെ ഓർമ്മ, മാത്യു തോമസിനെ കാണുന്നത്. ഒരു ശബരിമലയാത്രയിൽ കാറിൽ ഡീസൽ അടിക്കാനായി, മണിമലയിലെ പെട്രോൾ പമ്പിൽ പോയപ്പോൾ തൊട്ടടുത്തുള്ള ഗ്രൗണ്ടിൽ മാത്യു കൂട്ടുകാരുമൊത്ത് വോളിബോൾ കളിക്കുന്നു. വീണ്ടും ഒരു ആകസ്മികമായ കണ്ടുമുട്ടൽ.

വളരെ ചുരുങ്ങിയ സമയത്തിൽ കൂടുതൽ വിശദമായി സംസാരിക്കുവാനോ വിശേഷങ്ങൾ പങ്കു വെക്കാനോ സാധിച്ചില്ല. അതിനുശേഷം പിന്നെ മാത്യുവിനെ കണ്ടിട്ടില്ല. ജോലി എടുക്കാൻ തുടങ്ങിയശേഷം തിരക്കേറിയ സമയങ്ങളിൽ ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മകൾ താനേ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു.

വളരെ വർഷങ്ങൾക്കു ശേഷം 2008 ലൊ 2009 ലോ ആണെന്ന് തോന്നുന്നു, കാഞ്ഞിരപ്പള്ളിയിലുള്ള കറിയാച്ചനെ പരിചയപ്പെടുന്നത്. ആ പരിചയപ്പെടൽ പിന്നീട് വളരെ നല്ല ഒരു സുഹൃത്ത് ബന്ധത്തിൽ എത്തിച്ചേരുവാൻ സാധിച്ചു . കറിയാച്ചന്റെ അടുത്ത ബന്ധുവായിരുന്നു, എന്റെ പഴയ സുഹൃത്ത് മാത്യു തോമസ് എന്ന് കറിയാച്ചൻ പറഞ്ഞപ്പോൾ, മനസ്സിൽ അടക്കാനാവാത്ത സന്തോഷമായിരുന്നു.

ഒട്ടും സമയം കളയാതെ മണിമലയിലുള്ള മാത്യുവിനെ കാണണം എന്ന് ഞാൻ പറഞ്ഞപ്പോൾ കറിയാച്ചൻ വളരെ ഉത്സാഹത്തോടുകൂടി എന്നെയും കൂട്ടി മാത്യുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രമുള്ള ദൂരം പിന്നിടുമ്പോൾ മനസ്സിലാകെ മാത്യുവിനെ കാണാനുള്ള ഉത്സാഹവും ആവേശവുമായിരുന്നു. ഒരു വാക്കും പറയാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട്, കറിയാച്ചന്റെ ഇടക്കുള്ള നോട്ടങ്ങൾ, എന്റെ ചിന്തകൾക്ക് ഭംഗം വരുത്തിയിരുന്നു.

മാത്യുവിന്റെ വീട്ടിൽ എത്തി. മുന്നിൽ ഒരു വലിയ പൂന്തോട്ടം. ഏറെ പ്രൗഡിയുള്ള ആ വലിയ വീടിന്റെ പോർച്ചിൽ കാർ നിർത്തി ഞങ്ങൾ രണ്ടുപേരും ഇറങ്ങി വീട്ടിനകത്തു കയറി. സ്വീകരണമുറിയിൽ എന്നോട് ഇരിക്കാൻ പറഞ്ഞു, കറിയാച്ചൻ അകത്തുപോയി മാത്യുവിന്റെ ഭാര്യയോടൊപ്പം തിരിച്ചുവന്ന് എന്നെ പരിചയപ്പെടുത്തി.

ഞാൻ എഴുന്നേറ്റു നമസ്കാരം പറഞ്ഞപ്പോൾ എന്റെ ശ്രദ്ധ അവരുടെ പുറകിൽ ചുവരിൽ തൂക്കിയിരുന്ന മാത്യുവിന്റെ ഒരു വലിയ ചിത്രത്തിൽ പതിഞ്ഞു. ഒരു ചെറിയ ലൈറ്റും, ചിത്രത്തിന് ചുറ്റും ഒരു മാലയും – കറിയാച്ചന്റെ വാക്കുകൾ കേട്ടു ഞാൻ ആകെ സ്തംഭിച്ചു പോയി, ഒരു ഇടിവെട്ടേറ്റതുപോലെ. മാത്യു തോമസ് അഞ്ചുവർഷം മുമ്പ് മരിച്ചെന്നും, വളരെ ആകസ്മികമായ മരണമായിരുന്നു വെന്നും പറഞ്ഞു. ആ സമയം മൗനം പാലിക്കുക അല്ലാതെ തിരിച്ചൊന്നും പറയാൻ എനിക്കു കഴിഞ്ഞില്ല.

അവിടെ നിന്നിറങ്ങി തിരിച്ച് കാഞ്ഞിരപ്പള്ളി യിലേക്ക് പുറപ്പെടുമ്പോൾ മണിമലയാറിന്റെ തീരത്തുകൂടെ എന്നെ ഒന്ന് കൊണ്ടുപോകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ ഒട്ടും വിസമ്മതം പ്രകടിപ്പിക്കാതെ അങ്ങോട്ടു എന്നെ കൊണ്ടു പോകാനായി കറിയാച്ചൻ കാർ തിരിച്ചു. കാർ നിർത്തി ഞാൻ മണിമലയാറിന്റെ തീരത്തേക്ക് നടന്നിറങ്ങി. ഒരു കൈയ്യിൽ വെള്ളമെടുത്ത് മുഖം കഴുകി. മൂന്നര പതിറ്റാണ്ടു പുറകിലേക്ക് മനസ്സ് ഒരു മിന്നൽപിണറിന്റെ വേഗതയിൽ കുതിച്ചു പോയി.

ശാന്തമായി ഒഴുകിയിരുന്ന മണിമലയാർ പോലും എന്റെ നൊമ്പരത്തിൽ പങ്കു ചേർന്നുകൊണ്ട്, ഒഴുക്കിൽ പാറകെട്ടുകളിൽ തലയടിച്ചു കണ്ണുനീർ വീഴ്ത്തികൊണ്ട് യാത്ര പറയുകയായിരുന്നുവോ?  മറന്നുപോയ റബ്ബർ പാലിന്റെ മണം എന്നെ തേടിയെത്തിയപ്പോൾ ഗതകാല സ്മരണകളിൽ മുങ്ങി എന്റെ കണ്ണുകൾ നിറഞ്ഞു പോയി.

തീർത്ഥം നൽകി, മാത്യുവിന്റെ ആത്മാവിന്  നിത്യ ശാന്തി നേർന്നു കൊണ്ട് തിരിച്ചു കാറിലേക്കു നടന്നു വരുമ്പോൾ ഒരിളം കാറ്റു ഒഴുകി വന്നെന്നെ പുണർന്നു. എന്നും മനസ്സിൽ അനുഭൂതികളുടെ വർണ്ണപുഷ്പങ്ങൾ വിരിയിച്ചിട്ടുള്ള ആ ഗാനം അന്നും ഓർമയിൽ വന്നു.
“മണിമലയാറ്റിൻ തീരത്ത്
മാൻ തുള്ളും മലയോരത്ത് ”

ചിത്രം: ഷൈജു അഴീക്കോട്‌

(എച്ച്.എം.വിയിൽ തുടങ്ങി കാൽ നൂറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന ലേഖകൻ എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.)

26 thoughts on “മണിമലയാറ്റിൻ തീരത്ത്… മാൻതുള്ളും മലയോരത്ത്

  1. ഭാഷ നന്നായിട്ടുണ്ട്..ഇനിയും വിവരണം ആവാം..may be a little more on your college days when Mathew was with you..to add more intensity to your sense of loss or shock..strictly ,just my opinion..

    1. വിലയേറിയ അഭിപ്രായങ്ങൾക്കും അനുമോദനങ്ങൾക്കും വളരെ നന്ദി. രണ്ട്‌ വർഷത്തെ ഹോസ്റ്റൽ ജീവിതത്തിനെ കുറിച്ചു മായാത്ത ഓർമ്മകൾ പലതുമുണ്ട്. എഴുതി വരുമ്പോൾ എന്തെഴുതണം, എതൊഴിവാക്കണം എന്ന ചിന്തക്കുഴപ്പം സ്വാഭാവികം മാത്രം. ഓൺലൈൻ പ്രസിദ്ധീകരണം ആയതിനാൽ ലേഖനം വളരെ ദീർഘിപ്പിക്കാനും കഴിയാത്ത ഒരു സാഹചര്യം ആണ്.

  2. മണിമലയാറ്റിൻ തീരത്തേക്കുള്ള വികാരഭാരിതമായ യാത്രയ്‌ക്കൊപ്പം മാത്യുവിന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നുകൊണ്ടു സഞ്ചരിക്കാൻ സാധിച്ചതിൽ ചരിതാർഥ്യം തോന്നി… സുന്ദരമായ മറ്റൊരു സൃഷ്ട്ടി…. നന്ദി കെ കെ…

    1. ജീവിതത്തിൽ പലപ്പോഴും വളരെ അപ്രതീക്ഷിതമായി പല കാര്യങ്ങളും സംഭവിക്കുന്നു. ചിലതെല്ലാം വ്യക്തമായി നമ്മൾ ഓർക്കുന്നു. മാത്യുവിന്റെ വിയോഗമുണർത്തിയ നൊമ്പരത്തിൽ മണിമലയാർ പോലും തേങ്ങിക്കൊണ്ട് മുന്നോട്ട് ഒഴുകിയപ്പോൾ എന്റെ കണ്ണുകളും അറിയാതെ നനഞ്ഞുപോയി. ആത്മാർത്ഥസുഹൃത്തിന്റെ ഓർമ്മകൾക്ക് വർണങ്ങളേകി അസ്തമായസൂര്യൻ പോലും മറയാതെ നിന്നിരുന്നു.

  3. ഒട്ടും കൃത്രിമത്വം ഇല്ലാത്ത വായനക്കാരനെ പിടിച്ചിരുത്തുന്ന നല്ല ഒഴുക്കുള്ള എഴുത്ത്. ഇനിയും എഴുതുക.

    1. ആത്‍മാർത്ഥമായ വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും വളരെ നന്ദി!😊

  4. വളരെ ഹൃദ്യം എന്ന് പറഞ്ഞാൽ അത് അതിശയോക്തി അല്ല. പരമാർത്ഥം മാത്രം. കൂടെ അല്പം നൊമ്പരവും പ്രദാനം ചെയ്യുന്നു. അനുമോദനങ്ങൾ! ഇനിയുമിനിയും ആ തൂലിക ചലിക്കട്ടെ. മനോഹര സൃഷ്ടികൾ പിറവി എടുക്കട്ടെ!

    1. എല്ലാ അനുമോദനങ്ങൾക്കും ആശംസകൾക്കും വളരെ നന്ദി. വിലയേറിയ അഭിപ്രായങ്ങളിലൂടെ എനിക്ക് ലഭിക്കുന്ന മാർഗ്ഗദർശനത്തിനും പ്രോത്സാഹനത്തിനും വീണ്ടും നന്ദി പറഞ്ഞു കൊള്ളട്ടെ.

  5. എങ്ങനെയാ ഇങ്ങനെ എഴുതുവാൻ കഴിയുന്നത് … ഈശ്വരനാണെ Mathewsir നെ ഓർത്തു എന്റെ കണ്ണും നിറഞ്ഞു.. തൊണ്ടയിൽ ഒരു തേങ്ങൽ കുടുങ്ങിയപോലെ…… ആയി ഒരു നിമിഷം…. വായിക്കുന്നവരെ കൂടെകൂണ്ടുപോകാൻ കഴിയുന്ന അങ്ങയുടെ ഈ എഴുത്തിന്റെ രീതി…..വളരെ മനോഹരമാണ്…..അതിങ്ങനെ ആണോ പറയേണ്ടത്, ഇങ്ങനെ പറഞ്ഞാൽ മതിയാകുമോ എന്നും അറിയില്ല… അങ്ങയോടൊപ്പം മണിമലയാറ്റിലെ തെളിനീരിൽ… മനസ്സുകൊണ്ട് ഞാനും കഴുകി എന്റെ നിറഞ്ഞ കണ്ണുകൾ അങ്ങയുടെ സുഹൃത്തിന്റെ ആത്‍മാവിനും പ്രണാമം 🙏ഇത്ര വർഷം കഴിഞ്ഞും ഒരു നിമിഷം അദ്ദേഹo ഞങ്ങളുടെ മനസ്സിലും …volleyball കളിച്ചു 🙏❤️സൂപ്പർ….. Sir…. 🙏കാത്തിരിക്കുന്നു അങ്ങയുടെ ലേഖനങ്ങൾക്കായി ഓർമ്മക്കുറിപ്പുകൾക്കായി 🙏gdblss 🙌

    1. അനുവാചകന്റെ ആസ്വാദനമാണ് എഴുത്തുകാരന്റെ ഭാഗ്യം എന്ന് ഞാൻ വിശ്വസിക്കുന്നു. എന്തെഴുതുമ്പോഴും എങ്ങിനെ എഴുതണം എന്ന സുപ്രധാനകാര്യം മനസ്സിൽ മന്ത്രിച്ച് കൊണ്ടെഴുതുമ്പോൾ ആഖ്യാനരീതി വായനക്കാർക്ക് ഇഷ്ടപ്പെടുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. വായനക്കാരുടെ കയ്യിൽ എത്തുമ്പോഴാണ് ഒരു സാഹിത്യസൃഷ്ടിക്ക് പൂർണത ലഭിക്കുന്നത് എന്ന് പറയട്ടെ. എഴുത്തുകാരൻ ചിന്തിക്കാത്ത മേഖലകളിൽ കൂടി അനുവാചകന്റെ മനസ്സ് സഞ്ചരിക്കുമ്പോൾ സൃഷ്ടിക്ക് സൗന്ദര്യമേറുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾക്കു നന്ദി പറയുന്നതോടൊപ്പം തുടർന്നെഴുതാനുള്ള പ്രചോദനം മനസ്സിനേറെ സന്തോഷം പകരുന്നു എന്നു കൂടി പറഞ്ഞു കൊള്ളട്ടെ.

  6. ഇതിൽ പറയുന്ന സ്ഥലങ്ങളും വ്യക്തികളുമെല്ലാം എനിക്ക് വളരെ അടുത്തറിയാവുന്നവരാണ്. അതുകൊണ്ടുതന്നെ ഇതു വായിച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവമാണ് എനിക്കുണ്ടായതു.. വളരെ ഹൃദയസ്പർശിയായ രചന.. മണിമലയറിനെക്കുറിച്ചു പറയുമ്പോൾ വായനക്കാർക്കും അതിന്റെ തീരാത്തുകൂടി യാത്രചെയ്യുന്ന അനുഭവമാനുണ്ടാകുന്നത്. അതുപോലെ സുഹൃദ്ബന്ധത്തെകുറിച്ചൊക്കെ ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു. ഇനിയും ഇതുപോലെയുള്ള രചനകൾ പ്രതീക്ഷിക്കുന്നു.

    1. വർണനാതീതമായ പ്രകൃതിഭംഗി നമുക്ക് കാഴ്ച വെക്കുന്ന മണിമല, റാന്നി എന്നീ പ്രദേശങ്ങളിൽ കൂടി കുണുങ്ങി കുണുങ്ങി, മദാലസമായി ഒഴുകുന്ന മണിമലയാർ! ആർക്കു വേണ്ടിയും കാത്തുനിൽക്കാതെ, ആരോടും പരിഭവം കാണിക്കാതെ, എപ്പോഴും പ്രസന്നവദനയായി മന്ദം മന്ദം ഒഴുകി കൊണ്ടിരിക്കുന്ന മണിമലയാർ! എത്ര നൊമ്പരങ്ങൾ ഉണ്ടെങ്കിലും അതൊന്നും കാണിക്കാതെ പൊട്ടിച്ചിരിക്കുന്ന മണിമലയാർ! വിലയേറിയ അഅഭിപ്രായങ്ങൾക്കും, ആസ്വാദനങ്ങൾക്കും നന്ദി!

  7. മനോഹരമായ രചന… വായിച്ചുകഴിഞ്ഞപ്പോൾ മനസ്സിൽ ഒരു നൊമ്പരം… മാത്യുസ്… തുടർന്നും എഴുതൂ.. എല്ലാഭാവുകങ്ങളും

    1. ചില ഓർമ്മകൾ എപ്പോഴും നൊമ്പരപ്പെടുത്തുന്നവയായിരിക്കും! പല നൊമ്പരങ്ങളും ആവിസ്‌മരണീയവുമായിരിക്കും. എന്നാൽ കാലം കാത്തുവെച്ച മോഹങ്ങളുമായി നമ്മൾ മുന്നോട്ട് പോയികൊണ്ടേയിരിക്കുന്നു. ഒരു നദിയുടെ പ്രവാഹം പോലെ. ഒരിക്കലും തിരിച്ചു വരുവാൻ കഴിയാതെ!
      അഭിപ്രായങ്ങൾക്കും അനുമോദങ്ങൾക്കും നന്ദി!!

  8. സ്വന്തം അനുഭവങ്ങൾ വായിക്കുന്നവർക്ക് ഒരു ഹരമായി വായിക്കുന്ന രീതിയിൽ പകർത്തുന്നത് ഒരു കല ആണ്…. വളരെ നന്നായിട്ടുണ്ട് 😍😍

    1. ചില അനുഭവങ്ങൾ മനസ്സിൽ വേറിട്ട ഓർമകൾ കുറിച്ചു വെക്കും. അവ അണയാത്ത നാളങ്ങളായി എപ്പോഴും നമ്മുടെ മനസ്സുകളിൽ തെളിഞ്ഞു കത്തികൊണ്ടേയിരിക്കും. അത്തരം ഗതകാലസ്മരണകൾ അയവിറക്കുമ്പോൾ, കാലത്തിന്റെ ഒഴുക്കിനെ കുറിച്ച് നമ്മൾ ബോധവാന്മാരാകുന്നു. ഓരോ ജീവനസ്പദനങ്ങളിലും നമ്മെ തൊട്ടു തലോടികൊണ്ടു പോകുന്ന ഒരിളം കാറ്റായി ആ ഓർമ്മകൾ എപ്പോഴും നമുക്കൊപ്പം!!

  9. രചന വളരെ നന്നായിട്ടുണ്ട്….. പ്രിയപ്പെട്ടവരുടെ വേർപ്പാട് സങ്കടകരം തന്നെയാണ്….. അതും കാലങ്ങൾക്ക് ശേഷം അറിയുമ്പോൾ…..

    1. നമ്മുടെയെല്ലാം ജീവിതത്തിൽ നിരവധി സുഹൃത്തുക്കൾ വന്നു പോകുമെങ്കിലും ചിലരെപ്പോഴും നമ്മെ വിട്ടുപിരിയാതെ കൂടെ ഉണ്ടായിരിക്കും. അങ്ങിനെ തന്നെയാണ് ചില സുഹൃത്തുക്കളെ കുറിച്ചുള്ള ഓർമകളും! അവക്ക് മരണമില്ല!! നല്ല ഓർമ്മകൾ മാത്രം നൽകി, ഒരു യാത്ര പോലും പറയാതെ ഈ ഭൂമിയിലെ കർമ്മങ്ങൾ അവസാനിപ്പിച്ചു നമ്മെ വിട്ട് പിരിയുന്ന അവർ ഓരോ പൂത്തുമ്പികളായി നമ്മുടെ മുന്നിലൂടെ പാറിപറക്കുന്നുണ്ടാവാം. അനുമോദനങ്ങൾക്ക് നന്ദി!!

Leave a Reply

Your email address will not be published. Required fields are marked *