സിയാലിന്റെ സൗരോർജ ഉത്പാദനം 25 കോടി യൂണിറ്റായി

ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ ‘സിയാൽ’ ഹരിതോർജ ഉത്പാദനത്തിൽ ഒരു നാഴികക്കല്ല് കൂടി പിന്നിടുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഇതുവരെ ഉത്പാദിപ്പിച്ച സൗരോർജ വൈദ്യുതിയുടെ അളവ് 25 കോടി യൂണിറ്റായി. കോഴിക്കോട് അരിപ്പാറയിലെ ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള ഊര്‍ജോത്പാദനത്തിന് പുറമെയാണിത്.

2013-ൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനത്താവള ടെർമിനലിന് മുകളിൽ 100 കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചുകൊണ്ടാണ് സിയാൽ ഹരിതോർജ ഉത്പാദനത്തിന് തുടക്കമിട്ടത്. പരീക്ഷണം വിജയമായതോടെ നിരന്തരം പുതിയ പ്ലാന്റുകൾ സ്ഥാപിക്കപ്പെട്ടു. 2015-ൽ സിയാൽ ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ

വിമാനത്താവളമായി. അന്ന് 13.1 മെഗാവാട്ടായിരുന്നു മൊത്തം സ്ഥാപിതശേഷി. നിലവിൽ വിമാനത്താവള പരിസരത്ത് മാത്രം സിയാലിന് എട്ട് പ്ലാന്റുകളുണ്ട്.

2022 മാർച്ചിൽ പയ്യന്നൂരിലെ 12 മെഗാവാട്ട് പ്ലാന്റ് കമ്മിഷൻ ചെയ്തതോടെ മൊത്തം സ്ഥാപിത ശേഷി 50 മൊഗാവാട്ടായി ഉയർന്നു. പയ്യന്നൂർ പ്ലാന്റിൽ നിന്നു മാത്രം നാളിതുവരെ ഒരു കോടി യൂണിറ്റ് വൈദ്യുതി ലഭിച്ചു. 2022 നവംബറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട അരിപ്പാറ ജല വൈദ്യുതിയിൽ നിന്ന് 75 ലക്ഷം യൂണിറ്റ്  വൈദ്യുതിയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

സിയാലിന്റെ സൗരോർജ പദ്ധതിയിൽ നിന്നുള്ള ഊർജ ഉത്പാദനം 25 കോടി പിന്നിട്ടതോടെ പരിസ്ഥിതി സൗഹൃദ വികസന മാതൃകയിൽ പുതിയൊരു അധ്യായം സൃഷ്ടിക്കുകയാണ്. ഇതോടെ 1.6 ലക്ഷം മെട്രിക് ടൺ കാർബൺ പാദമുദ്ര ഒഴിവാക്കാൻ സിയാലിന് കഴിഞ്ഞിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ പരമാവധി പദ്ധതികൾ നടപ്പിലാക്കുകയെന്നതാണ് സിയാലിന്റെ വികസന നയമെന്ന് മാനേജിങ്

ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.  ഊർജ സ്വയംപര്യാപ്തമായ സ്ഥാപനം എന്നതിനപ്പുറം ഊർജോത്പാദകരായി സിയാൽ മാറുന്നു. പ്രതിദിനം രണ്ടുലക്ഷം യൂണിറ്റോളം വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

1.6 ലക്ഷം യൂണിറ്റാണ് വിമാനത്താവളത്തിന്റെ പ്രതിദിന ഊർജ ഉപഭോഗം. നാലുകോടി യൂണിറ്റ് അധിക വൈദ്യുതിയാണ് ഇതുവരെ സംസ്ഥാന ഗ്രിഡിലേയ്ക്ക് നൽകിയിട്ടുള്ളത്. വൈദ്യുതി ബോർഡ് കഴിഞ്ഞാൽ, സംസ്ഥാനത്തെ ഏറ്റവും വലിയ ഊർജ ഉത്പാദകരാണ് സിയാൽ  -സുഹാസ് കൂട്ടിച്ചേർത്തു.

സൗരോർജ പ്ലാന്റുകളിൽ പച്ചക്കറി കൃഷി നടപ്പിലാക്കാനായി അഗ്രി ഫോട്ടോ വോൾട്ടായിക് രീതി സിയാൽ ഈയിടെ നടപ്പിലാക്കിയിരുന്നു. ഇതുവരെ 90 മെട്രിക് ടൺ ജൈവ പച്ചക്കറി, കാർഗോ ടെർമിനലിനടുത്തുള്ള പ്രധാന പ്ലാന്റിൽ നിന്ന് ലഭിച്ചു.

Content highlights: cial green energy generation touches 25 cr. units

Leave a Reply

Your email address will not be published. Required fields are marked *