കെ.എസ്.ആർ.ടി.സി.ബസ്സ് പഠന വണ്ടിയായി.

പഴകി ഉപേക്ഷിച്ച കെ.എസ്. ആർ.ടി.സി. ബസ്സ് കുട്ടികളുടെ പഠന വണ്ടിയായി. ബസ്സിനകത്തെ ക്ലാസ് മുറികണ്ട് കുട്ടികൾ ഉല്ലസിച്ചു. തിരുവനന്തപുരം മണക്കാട് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ എൽ.കെ.ജി, യു- കെ.ജി കുട്ടികൾക്കു മുന്നിലാണ് ബസ്സ് പഠനമുറിയായത്.

സർവ്വീസ് നടത്താൻ അനുയോജ്യമല്ലാത്ത പഴയ കെ.എസ്. ആർ.ടി.സി. ബസ്സുകൾ രൂപമാറ്റം വരുത്തി നവീന രീതിയിൽ 

ഉപയോഗിക്കുന്ന സംവിധാനം സംസ്ഥാനത്തിന്റെ പലഭാഗത്തും ആരംഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഏറ്റവും പുതിയതാണ് പഠനവണ്ടി.

പഠനവണ്ടി ഗതാഗത മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ പങ്കെടുത്തു. റോഡിൽ സർവ്വീസിന് ഉപയോഗിക്കാൻ സാധിക്കാത്ത കെ.എസ്. ആർ.ടി.സി. ലോ ഫ്ലോർ ബസ്സാണ് 40 തൊഴിലാളികൾ ചേർന്ന് വർണ്ണ ഭംഗിയുള്ള ക്ലാസ് മുറിയാക്കി മാറ്റിയത്.

ബസ്സിന് ഉയരം കൂട്ടി മുകൾ തട്ട് കുട്ടികൾക്ക് കളിക്കാനായി രൂപപ്പെടുത്തി. ബസ്സിലെ സീറ്റുകൾ അഴിച്ചുമാറ്റി കുട്ടികൾക്കായി പ്രത്യേക ഇരിപ്പിടമുണ്ടാക്കി. അകത്ത് ടി.വി യും എ.സി.യും വെച്ചു. ഉദ്ഘാടന ദിവസം പ്രവേശനോത്സവം കൂടിയായതിനാൽ കുട്ടികൾ സന്തോഷത്തിലായിരുന്നു. കളിച്ചു ചിരിച്ച് അവർ പഠനവണ്ടി ആസ്വദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *