പത്രത്തെക്കുറിച്ചുള്ള വി.പി.ആറിന്റെ കമന്റുകള്‍ വലിയ പാഠമായിരുന്നു
എസ്.കൃഷ്ണൻകുട്ടി
1979 ഫെബ്രുവരിയിലാണ് സബ്ബ് എഡിറ്റർ ട്രെയിനികൾക്കായുള്ള അഭിമുഖത്തിന് കോഴിക്കോട് മാതൃഭൂമിയിലെത്തിയത്. വി.പി.രാമചന്ദ്രൻ, എക്സിക്യൂട്ടീവ് എഡിറ്റർ. മുറിയിൽ മറ്റു ചിലരും ഉണ്ടായിരുന്നു. ആരെയും മുൻപു കണ്ടിട്ടില്ല.
തടിച്ച കണ്ണട വെച്ച ഉയരം കൂടിയ ആളാണ് എന്നോട് ചോദ്യങ്ങളേറെയും ചോദിച്ചത്. അത് വിംസി ആയിരുന്നുവെന്ന് പിന്നീടാണറിഞ്ഞത്. വി.പി.ആർ. എന്നെ അടിമുടി നോക്കുന്നുണ്ടായിരുന്നു. ചോദിച്ചതൊന്നും ഓർമ്മയില്ല. ജോലി കിട്ടുമെന്ന് നേരിയ പ്രതീക്ഷ പോലും ഇല്ലാത്തതിനാൽ ഒട്ടും പേടി തോന്നിയില്ല.
ഒരാഴ്ച കഴിഞ്ഞപ്പോൾ നിയമനോത്തരവ് വന്നു. മാർച്ച് ഒമ്പതിന് ജോലിയിൽ ചേർന്നു. ടി. സുരേഷ് ബാബു, ടി.ആർ.രാമചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. വി.പി. ആറിനെ മുറിയിലെത്തി കണ്ടു. ഗൗരവഭാവം.
‘ടെയിനിങ് പീരീഡിൽ റെഗുലർ ആയിരിക്കണം’ എന്നു മാത്രം പറഞ്ഞു.
ദിവസങ്ങൾക്കുള്ളിൽ പത്രാധിപരെ അറിഞ്ഞു. അല്പം പേടി കലർന്ന ആദരമായിരുന്നു അദ്ദേഹത്തോട്. കോണിപ്പടി ഇറങ്ങി, കണ്ണട മടക്കാതെ ഷർട്ടിൽ മെല്ലെ തുടച്ചു കൊണ്ട് ന്യൂസ് റൂമിലെത്തി ‘ഇന്നന്താ ന്യൂസ് ‘
എന്ന് ഗൗരവമായി ചോദിക്കുന്ന രംഗം ഇപ്പോഴും മനസ്സിലുണ്ട്.
ഓരോ ദിവസത്തെയും പത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകളും കമന്റുകളും ഞങ്ങൾക്കൊക്കെ വലിയ പാഠമായി.
രാവിലെ 11 മണി കഴിയുമ്പോഴേക്കും വി.പി. ആറിന്റെ കുറിപ്പുകളടങ്ങിയ ലോഗ് ബുക്ക് ന്യൂസ് റൂമിൽ എത്തിയിട്ടുണ്ടാകും.
വന്നാലുടൻ ഞാൻ അത് വായിച്ച് ‘രസിക്കും’. കുറിക്കു കൊള്ളുന്നവയായിരിക്കും അദ്ദേഹത്തിന്റെ കമന്റുകൾ. പലതും ഇപ്പോഴും ഓർമയിലുണ്ട്. സ്വകാര്യ ബസ്സിൽ പാട്ടു പാടി സംഭാവന ചോദിക്കുന്ന ഒരു യുവാവിനെക്കുറിച്ചുള്ള ദീർഘമായ വാർത്ത ഒരു ദിവസം ഒന്നാം പേജിൽ പ്രാധാന്യത്തോടെ വന്നു.
വി.പി.ആറിന്റെ കമന്റ് :
“Why was two columns of valuable newspaper space wasted for this utter nonsense? ”
ഒന്നാം പേജിൽ പ്രാധാന്യത്തോടെ വന്ന ഒരു ചിത്രത്തെക്കുറിച്ച് :
” The picture is bad and the caption is worse ”
കുറച്ചു കാലം കഴിഞ്ഞപ്പോൾ വി.പി.ആർ. ആ സ്ഥാനം കൊച്ചിയിലാക്കി. ഇടയ്ക്കിടെ കോഴിക്കോട്ടു വരും. ‘എന്താ മിസ്റ്റർ? ‘എന്ന ചോദ്യത്തോടെ ക്ഷേമം അന്വേഷിക്കും. 1984-ൽ ഞാൻ കൊച്ചിയിലെത്തി. അപ്പോഴേക്കും വി.പി.ആറിന് കുറച്ച് ‘ മയം’ വന്നിരുന്നു. താമസിയാതെ അദ്ദേഹം മാതൃഭൂമി വിട്ടു. ഞാൻ മാതൃഭൂമിയിൽ മുഖപ്രസംഗമെഴുത്തുകാരനായിരുന്ന കാലത്ത് ചിലപ്പോൾ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ഫോൺ വരും. പിന്നീട് കണ്ടപ്പോഴൊക്കെ വാത്സല്യത്തോടെ വിശേഷങ്ങൾ തിരക്കി.ഓര്‍മ്മ
കൾ ഏറെയുണ്ട്. ഓരോ ഓര്‍മ്മയും അദ്ദേഹത്തോടുള്ള മതിപ്പ് കൂട്ടുന്നു.(മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും ലീഡർ റൈറ്ററുമാണ് ലേഖകൻ )
വി.പി.രാമചന്ദ്രൻ
പ്രശസ്ത മാധ്യമ പ്രവർത്തകനും മാതൃഭൂമി മുൻ എഡിറ്ററും കേരള മീഡിയ അക്കാദമി ചെയർമാനുമായിരുന്നു. എറണാകുളം കാക്കനാട്ടെ വീട്ടിലായിരുന്നു അന്ത്യം. പി. ടി. ഐ, യു എൻ. ഐ, അസോസിയേറ്റഡ് പ്രസ് എന്നീ ന്യൂസ്ഏജൻസികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരള മീഡിയ അക്കാദമിയിൽ -പ്രസ് അക്കാദമി ഇൻസ്റ്റിറ്റിയൂട്ട്
ഓഫ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡയറക്ടർ ആയി സേവനമനുഷ്ടിച്ച അദ്ദേഹം ഏഴര വർഷത്തോളം അക്കാദമി ചെയർമാനായിരുന്നു.