300 കടകള്‍ ലക്ഷ്യമിട്ട്‌ കെ.എസ്.ആർ.ടി.സി ഷോപ്പ് ഓണ്‍ വീൽ

സര്‍വ്വീസ് യോഗ്യമല്ലാത്ത പഴയ കെ.എസ്.ആർ.ടി.സി ബസ്സുകളുടെ പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തി ‘ഷോപ്പ് ഓൺ വീൽ’.
കെ.എസ്. എസ്.ആർ.ടി.സി. ബസ്സു കളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടപ്പാക്കിയ ഈ പദ്ധതിയിൽ ഇതുവരെ 30 കടകൾ തുടങ്ങി. 300 കടകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഉപയോശൂന്യമായ കെ.എസ്.ആർ.ടി.സി. ബസുകള്‍ രൂപമാറ്റം വരുത്തി കച്ചവട-ഭക്ഷശാലകളാക്കി മാറ്റിയാണ് ഷോപ്പ് ഓണ്‍വീല്‍ പദ്ധതി ആരംഭിച്ചത്. കെ.എസ്. എസ്.ആർ.ടി.സി. യുടെ കൊമേഴ്സ്യല്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന ഷോപ്പ് ഓണ്‍ വീല്‍സ് ഒരു പ്രധാന വരുമാനമാര്‍ഗ്ഗമാണ്‌. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമാണ് കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ആദ്യത്തെ ഷോപ്പ്ഓണ്‍ വീല്‍ പദ്ധതിക്ക് തുടക്കമിട്ടത്. മില്‍മ കച്ചവട-ഭക്ഷ്യശാല, കുടുംബശ്രീ കഫേ, ഹോര്‍ട്ടി കോപ്പിന്റെ പച്ചക്കറി വിപണനം, ഡാപ് കോസ് തുടങ്ങി വിവിധ പൊതു മേഖലാ സ്ഥാപനങ്ങള്‍ ഇതിനകം നിരവധി പദ്ധതികളിലൂടെ വിജയകരമായി ഷോപ്പ്ഓണ്‍ വീല്‍സ് നടത്തി വരികയാണ്.

ഇതുവഴി കോര്‍പ്പറേഷന്‍ മുതല്‍ മുടക്കില്ലാതെ വരുമാനം സാധ്യമാകുകയും ചെയ്യുന്നു. മില്‍മയുടെ സഹകരണത്തോടുകൂടി മില്‍മ പാര്‍ലറുകള്‍, കുടുംബശ്രീയുമായി ചേര്‍ന്ന് പിങ്ക് കഫേ, മൂന്നാറില്‍ അഞ്ച് ബസ് ലോഡ്ജുകള്‍ എന്നിവ ഇതിന്റെ ഭാഗമായി ഇതിനകം നടപ്പാക്കി കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് കീഴിലെ എസ്‌.സി ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് ഷോപ്പ് ഓണ്‍ വീല്‍സ് രംഗത്ത് കേരളത്തിലെ മുഴുവന്‍ ഡിപ്പോകളിലും പദ്ധതി നടപ്പാക്കുന്നതിന്റെ പ്രാഥമിക തയ്യാറെടുപ്പിലാണ്. പദ്ധതി വന്‍ വിജയമായതോടെ വിവിധ മേഖലകളിലേക്ക് ഷോപ് ഓണ്‍ വീല്‍സിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി യും.

പ്രതിമാസം ഇരുപതിനായിരം രൂപ മുതൽ ഓരോ ഷോപ്പ് ഓണ്‍ വീല്‍സില്‍ നിന്നും വരുമാനമായി ലഭിക്കുന്ന ഈ പദ്ധതി വ്യാപകമാക്കുന്നതിലൂടെ നോണ്‍ ഫെയര്‍ രംഗത്തു കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം ലക്ഷ്യമിടുകയാണ് കെ.എസ്.ആർ.ടി.സി കൊമേഴ്സ്യൽ വിഭാഗം.

Leave a Reply

Your email address will not be published. Required fields are marked *