ഒരു പ്ലാവിൽ നിന്ന് പത്ത് ലക്ഷം രൂപ ആദായം

സുരേഷ് മുതുകുളം

കൃഷിത്തോട്ടത്തിലെ അമ്മച്ചിപ്ലാവിൽ നിന്ന് പത്തുലക്ഷം രൂപ ലോട്ടറി പോലെ കിട്ടി ആ കർഷകന്‌. പിന്നീട് എന്നും പണം തരുന്ന അത്ഭുത വൃക്ഷമായി മാറി ആ പ്ലാവ്. കർണ്ണാടകത്തിലെ തുമകൂരു ജില്ലയിലെ ഹീരഹളളി ഗ്രാമത്തിലാണിത് . ഒരു ചെറിയ ചക്കയിലൂടെ വിശ്വവിഖ്യാതി നേടി ലക്ഷാധിപതിയായ എഴുപത്തഞ്ചുകാരനായ എസ്. കെ. സിദ്ധപ്പയുടെ ഗ്രാമമാണിത്.

സിദ്ധു ചക്കയുടെ ചുള

തന്റെ കൃഷിത്തോട്ടത്തിലെ മുപ്പത്തഞ്ചു വര്‍ഷം മുന്‍പുള്ള ഒരു പ്ലാവ് ജീവിതരേഖ തന്നെ തിരുത്തിക്കുറിക്കുമെന്നും പണപ്പെട്ടി നിറയ്ക്കുമെന്നും ആ കര്‍ഷകന്‍ ഓര്‍ത്തിരിക്കില്ല. എല്ലാത്തിനുമുപരി ‘ ജനിതക വൈവിധ്യത്തിന്റെ കാവലാള്‍ ‘ എന്ന സ്ഥാനപ്പേരും ഇത് വഴി കിട്ടി സിദ്ധപ്പയ്ക്ക്.‌ ശാസ്ത്രലോകം അത്ഭുതവൃക്ഷം അഥവാ മാജിക് ട്രീ എന്ന് വിശേഷിപ്പിച്ച പ്ലാവിന്റെ മേന്മകള്‍ എന്തൊക്കെയെന്നോ? ചക്കയുടെ പരമാവധി തൂക്കം 2 മുതല്‍ 5 കിലോ വരെ മാത്രം. ഇതില്‍ നിന്ന് 2.44 മുതല്‍ 4 കിലോ വരെ ചക്കച്ചുള കിട്ടും.

ഒരു ചുളയ്ക്കാകട്ടെ 24.5 ഗ്രാം തൂക്കം. ഒരു പ്ലാവില്‍ നിന്ന് ശരാശരി 450 ചക്ക ഒരു വര്‍ഷം കിട്ടും. ചക്കചുളയ്ക്ക് ചെമ്പു നിറമാണ്. ഇതര ചക്ക ഇനങ്ങളെ അപേക്ഷിച്ചു ജീവകം സി യുടെ അളവും കൂടുതല്‍ (100 ഗ്രാം പഴത്തില്‍ 6.48 ഗ്രാം). കൂടാതെ കരോട്ടിനോയിഡ്, ഫ്‌ളേവനോയിഡ് തുടങ്ങിയ പോഷകങ്ങളും ഏറെ. സ്വാദിലും മധുരത്തിലും ദൃഢതയിലും എല്ലാം പ്രാദേശികമായ മറ്റു പ്ലാവുകളെ കടത്തി വെട്ടി ഈ അത്ഭുതവൃക്ഷം. തൊട്ടടുത്ത ഉത്തര കന്നഡ,ദക്ഷിണ കന്നഡ, ശിവമോഗ തുടങ്ങിയ ജില്ലകളിലെ കര്‍ഷകര്‍‌ക്കെല്ലാം ഇത് ഒരു അത്ഭുതവൃക്ഷമായി മാറിയതില്‍ അതിശയമില്ല.

ഇത്രയും മധുരവും വലിപ്പക്കുറവും ചന്തവുമുള്ള ചക്കപ്പഴം അവര്‍ അന്നോളം കണ്ടിരുന്നില്ല. സിദ്ധപ്പ കണ്ടെത്തിയ ഇനമായതിനാല്‍ ഇതിനു ‘ സിദ്ധു ‘ എന്ന് പേരുമിട്ടു. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിന്റെ ഉപകേന്ദ്രമാണ് ഹിരേഹള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പെരിമെന്റല്‍ സ്റ്റേഷന്‍. ഇവിടുത്തെ പ്രമുഖ ഗവേഷകനായ ഡോ. കരുണാകരനും സംഘവുമാണ് സിദ്ധുവിന്റെ മകനായ പരമേശയുടെ തോട്ടത്തില്‍ വളരുന്ന ഈ സവിശേഷ ഇനം പ്ലാവ് കണ്ടെത്തുന്നത്. ഇതിന്റെ വിശേഷങ്ങള്‍ കേട്ടറിഞ്ഞ അവര്‍ അത്ഭുത സ്തബ്ദ്ധരായി.

ഒട്ടുതൈകള്‍ ഉണ്ടാക്കുന്ന സിദ്ധു നഴ്‌സറി

ഇത്രയും മഹത്തായ ഗുണഗണങ്ങളുള്ള ഒരു പ്ലാവ് ഒരു കര്‍ഷകന്റെ കൃഷിയിടത്തില്‍ മാത്രം ഒതുങ്ങിയാല്‍ പോരല്ലോ എന്നവര്‍ക്ക് തോന്നി. 35 വര്‍ഷം പ്രായമുള്ള ആ അമ്മച്ചിപ്ലാവില്‍ നിന്ന് വംശവര്‍ധന വഴി കൂടുതല്‍ മികച്ച തൈകള്‍ ഉണ്ടാക്കാന്‍ അവര്‍ തീരുമാനിച്ചു. മാത്രമല്ല ഇത്ര സവിശേഷമായ ഒരിനം കണ്ടെത്തിയതിനും അത് ശ്രദ്ധാപൂര്‍വം മൂന്നു പതിറ്റാണ്ടിലേറെ പൊന്നു പോലെ സംരക്ഷിച്ചതിനും അംഗീകാരവും ആദായവും നല്‍കാനും ഔദ്യോഗികമായി തീരുമാനിച്ചു.

അങ്ങനെ ഇന്ത്യയില്‍ ആദ്യമായി ഒരു പ്ലാവിനം ഒരു കര്‍ഷകന്റെ പേരില്‍ രജിസ്റ്റര്‍ചെയ്തു. ‘ സിദ്ധു ജാക്ഫ്രൂട്ട് ‘ എന്ന് പേരും നല്‍കി. ഗവേഷണകേന്ദ്രം പരമേശയുമായി ഒരു കരാര്‍ വെച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇതിന്റെ ഒട്ടുതൈകള്‍ ഉണ്ടാക്കി നല്‍കണം. കേന്ദ്രം തൈ ഒന്നിന് 200 രൂപ വീതം വിലയ്ക്ക് വില്‍ക്കും. അങ്ങനെ കിട്ടുന്ന ആകെ വരുമാനത്തിന്റെ 75 ശതമാനം പരമേശയ്ക്കു നല്‍കും. ഇതായിരുന്നു കരാര്‍. ഇതിനായി സിദ്ധു നഴ്‌സറിയുമുണ്ടാക്കി. ആദ്യഘട്ടത്തില്‍ 1000 തൈകള്‍ തയാറാക്കി നല്‍കി. അത് മുഴുവനും ദിവസങ്ങള്‍ക്കകം വിറ്റുപോയി.

പ്ലാവിന്റെ മേന്മകള്‍ കേട്ടറിഞ്ഞ്‌ ഇക്കഴിഞ്ഞ വര്‍ഷത്തെ ബുക്കിങ് ഒരു ലക്ഷം തൈകള്‍ക്കാണ്. എന്നാല്‍ അത്രയും തൈകള്‍ ഒരുമിച്ചു ഉല്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ‘എന്റെ ഫാമില്‍ നിന്ന് മാത്രം ഞാന്‍ ഇതിനോടകം ഇതിന്റെ 4500 ഒട്ടുതൈകള്‍ ഉത്പാദിപ്പിച്ചു വിറ്റുകഴിഞ്ഞു. അതില്‍ നിന്ന് ചെലവെല്ലാം കഴിഞ്ഞു എനിക്ക് ഏഴ്‌ ലക്ഷം രൂപ വരുമാനം കിട്ടി. ഗവേഷണകേന്ദ്രത്തില്‍ നിന്ന് തൈകള്‍ വിറ്റ വകയില്‍ മൂന്നു ലക്ഷത്തിലധികം രൂപ ഷെയറും കിട്ടി’- വിറ്റുവരവിന്റെ കണക്കുകള്‍ പറയുമ്പോള്‍ പരമേശ സന്തോഷവാനാകുന്നു. ഇടയ്ക് ഒരു ഓസ്‌ട്രേലിയന്‍ കമ്പനി പ്ലാവിന്റെ മേന്മകള്‍ അറിഞ്ഞ്‌ തൈകള്‍ എടുക്കാന്‍ താല്പര്യം കിട്ടിയെങ്കിലും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അത് നിരസിക്കുകയായിരുന്നു. തുമകൂരു ജില്ലയില്‍ ധാരാളം പ്ലാവിനങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രമാത്രം മികച്ച ഒരിനം കണ്ടിട്ടേയില്ലെന്നു ഇതിന്റെ ഔദ്യോഗിക വ്യാപനത്തിന് ചുക്കാന്‍ പിടിച്ച ഡോ.കരുണാകരന്‍ സാക്ഷ്യപ്പെടുത്തുന്നു.

ചക്ക മേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍

പണം തരുന്ന ചക്കയുടെ കഥ നാട്ടിൽ പാട്ടായപ്പോൾ ചക്ക മോഷണവും തുടങ്ങി. കള്ളന്മാരിൽ നിന്നും ചക്കയുടെയും മഹത്വത്തില്‍ അസൂയാലുക്കളായ ചിലരില്‍ നിന്നും ഇതിനെ രക്ഷിക്കാന്‍ വേണ്ടി തോട്ടത്തില്‍ സി.സി.ടി.വി ക്യാമറ വെക്കുകയും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു പരമേശ. ബാംഗ്ലൂര്‍ പ്രദേശത്തെ എല്ലാ മേളകള്‍ക്കും ഉത്സവങ്ങള്‍ക്കും ഇന്ന് സിദ്ധു പ്ലാവാണ് താരം. എസ്.കെ.സിദ്ധപ്പ എന്ന കര്‍ഷകപ്രതിഭ തന്റെ മകനായ എസ്. എസ്. പരമേശയ്ക്ക് നല്‍കിയ പിതൃ സ്വത്ത് എന്ന് ഈ വിശേഷ ഫലവൃക്ഷത്തെ വിശേഷിപ്പിക്കാം. ഒരച്ഛന്‍ മകന് നല്‍കിയ ജാക്ക്‌പോട്ട് !

( ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായി വിരമിച്ച ലേഖകന്‍ കേരള കർഷകൻ , കൃഷി ജാഗരൺ എന്നീ മാസികകളുടെ എഡിറ്ററായിരുന്നു )

Leave a Reply

Your email address will not be published. Required fields are marked *