ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ‘നിയമ ഗോത്രം’ തുടങ്ങി

പട്ടികവർഗ്ഗ വിദ്യാർത്ഥികളെ നിയമ വിദ്യാഭ്യാസ മേഖലയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനായി തിരുവനന്തപുരം ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ‘നിയമ ഗോത്രം’ പരിപാടി തുടങ്ങി. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ഭരണഘടന വിഭാവന ചെയ്ത തുല്യത ഉറപ്പു വരുത്തണമെങ്കിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായ അസന്തുലിതാവസ്ഥകൾ ഇല്ലാതാവണമെന്ന് മന്ത്രി പറഞ്ഞു.

നിയമ രംഗത്ത് പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്ന് മതിയായ പ്രാതിനിധ്യം ഉണ്ടാകുന്നില്ല എന്ന് മനസ്സിലാക്കിയാണ് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ഇത്തരമൊരു സംരംഭത്തിന് കളമൊരുക്കുന്നത്. ജില്ലാ പട്ടികവർഗ്ഗ വികസന വകുപ്പുമായി സഹകരിച്ചാണ് ‘നിയമ ഗോത്രം’എന്ന പേരിൽ വിവിധ നിയമ പ്രവേശന പരീക്ഷകൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ദേശിയ നിയമ കോളേജുകളിലെ പ്രവേശനത്തിനായുള്ള ക്ലാറ്റ് (കോമൺ ലോ എൻട്രൻസ് ടെസ്റ്റ് ), സംസ്ഥാനത്തെ നിയമ കോളേജുകളിലേക്കുള്ള

പ്രവേശനത്തിനായുള്ള പരീക്ഷ എന്നിവയിലും പരീശീലനം നടത്തും. ജില്ലയിലെ പ്രശസ്ത നിയമ കലാലയങ്ങളായ ഗവ. ലോ കോളേജ്, തിരുവനന്തപുരം, ലോ അക്കാഡമി ലോ കോളേജ് തിരുവനന്തപുരം, മാർ ഗ്രിഗോറിയസ് ലോ കോളേജ്, തിരുവനന്തപുരം എന്നിവയുമായി സഹകരിച്ചാണ് പരിശീലന പരിപാടി നടത്തുന്നത്.

ഈ കലാലയങ്ങളിലെ 14 അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നടത്താൻ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. പരിശീലനത്തിൻ്റെ ആദ്യഘട്ടമായി ജൂൺ മാസത്തിൽ നടക്കുന്ന ക്ലാറ്റ് പരീക്ഷക്ക് പട്ടികവർഗ്ഗത്തിൽ പെട്ട തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് കുട്ടികൾക്ക് പരിശീലനം നല്കും.

പെരിങ്ങമല ഞാറനീലി ഡോ. അംബേദ്ക്കർ സി.ബി.എസ്.ഇ. സ്കൂളിൽ നടന്ന ഉൽഘാടന ചടങ്ങിൽ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജിയുമായ കെ. വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. വാമനപുരം എം. എൽ. എ. യും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി അംഗവുമായ അഡ്വ.ഡി.കെ മുരളി മുഖ്യാതിഥിയായിരുന്നു.

ഞാറനീലി ഡോ. അംബേദ്ക്കർ സ്ക്കൂൾ പ്രിൻസിപ്പൽ ദുർഗാ മാലതി, പട്ടിക വർഗ്ഗ വികസന വകുപ്പ് ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസർ എ.റഹിം തിരുവനന്തപുരം ലോ കോളേജ് അസിസ്റ്റൻ്റ്  പ്രൊഫസർ ഡോ. സജികുമാർ, കെ. കന്തസ്വാമി എന്നിവർ സംസാരിച്ചു. പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും പരിശീലകരായ അദ്ധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *