പ്രകൃതി സൗന്ദര്യം തുളുമ്പുന്ന നീലഗിരിയിലെ കിണ്ണക്കൊരൈ


ഹുസൈർ മുഹമ്മദ്

പ്രകൃതി സൗന്ദര്യം തുളുമ്പുന്ന കിണ്ണക്കൊരൈ എന്ന സ്ഥലത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. നീലഗിരി ജില്ലയിലെ കുന്ദ താലൂക്കിലാണിത്. ഇവിടുത്തെ ഒരു തേയില കമ്പനിയുടെ പരസ്യ വാചകത്തിൽ കണ്ട
‘ക്യൂൻ ഓഫ് ബ്ലൂ മൗണ്ടൻ ‘ എന്ന വിശേഷണം എന്തുകൊണ്ടും അന്വർത്ഥമെന്ന് ഇവിടെയെത്തിയപ്പോൾ മനസ്സിലായി. മഞ്ചൂരു നിന്ന് ഇവിടേക്കുള്ള യാത്രയുടെസൗന്ദര്യം ഒരു പക്ഷെ കൊടൈക്കനാലിനും മൂന്നാറിനുമൊപ്പം, അല്ലെങ്കിൽ ഒരു പണതൂക്കം മുന്നിൽ.

എളുപ്പമല്ല ഇവിടെ എത്തിച്ചേരാൻ. മഞ്ചൂർ എത്താതെ കിണ്ണക്കൊരൈക്ക് പോകാനാവില്ല. അട്ടപ്പാടിയിൽ നിന്ന് മുള്ളിയിലെത്തി കേരള അതിർത്തി കടന്ന് കോയമ്പത്തൂരിൽ നിന്നുള്ള ഊട്ടി ബസിൽ കയറി നാൽപത്തിമൂന്നു ഹെയർപിൻ വളവുകൾ പിന്നിട്ടാണ് ഞങ്ങൾ 

മഞ്ചൂരെത്തിയത്. കൊടും തണുപ്പാണ്. അതുകൊണ്ടു തന്നെ ഈ തണുപ്പിനെ പുണർന്ന് ഇവിടെ തന്നെ താമസിക്കാമെന്നു വിചാരിച്ചു.
കിണ്ണക്കൊരൈയിലേക്ക് പോയാൽ തിരിച്ചുവരാൻ ബസ് കിട്ടിയില്ലെങ്കിലോ. താമസിക്കാൻ സൗകര്യങ്ങളില്ലാത്ത ഒരു ചെറിയ ഗ്രാമമാണ് കിണ്ണക്കൊരൈ എന്നും കേട്ടിട്ടുണ്ട്. കുറേ കടകളും താമസക്കാരുമൊക്കെയുള്ള ഊട്ടിക്കും മുള്ളിക്കുമിടയിലെ ഇടത്താവളമാണ് മഞ്ചൂർ.

അത്യാവശ്യം യാത്രക്കാരുടെയും നാട്ടുകാരുടേയും തിരക്കുമുണ്ട് പകലും രാത്രിയും. തൊട്ടടുത്ത പള്ളിയിൽ നിന്ന് നോമ്പുതുറന്ന് നമസ്കരിച്ചതിനു ശേഷം ലോഡ്ജിലേക്ക് നടക്കുമ്പോൾ ആകാശത്ത് നിലാവ് കത്തി നിൽക്കുന്നു. സഹയാത്രികനും സുഹൃത്തുമായ ഇസ്ഹാക്ക് പറഞ്ഞു, ഇന്ന് റംസാനിലെ പതിനാലാം രാവാണ്. ആ നിറനിലാവിനെ കൺ നിറയെ കണ്ടു. മലമുകളിലായതിനാലാകാം അത് വളരെ അടുത്തായി തോന്നി. രാത്രി

സ്വെറ്റർ ഒക്കെയിട്ട് തണുപ്പിൽ ഇറങ്ങി നടക്കാൻ ഒരു രസം. സൗമ്യമായും സ്നേഹത്തോടെയും സൗഹൃദം പങ്കിടുന്ന നാട്ടുകാരും പോലിസുകാരും .

രാവിലെ ഏഴരക്കുള്ള ബസിൽ കിണ്ണക്കൊരൈക്കുള്ള യാത്ര .
മുപ്പത്തിമൂന്ന് ഹെയർ പിൻ വളവുകൾ പിന്നിട്ട്  കൊടുങ്കാട്ടിലൂടെ വേണം പോകാൻ. ഇതിലെ ബസ് ഓടിക്കുന്ന ഡ്രൈവർമാരെ സമ്മതിക്കണം . വഴിയിൽ കാട്ടു പോത്തുകളെ ധാരാളമായി കണ്ടു. ആനയും വന്യമൃഗങ്ങളും ഈ കാട്ടു പാതയിലെ സ്ഥിരം കാഴ്ചയാണന്ന് കേട്ടിട്ടുണ്ട്.

വഴി നീളെ യൂക്കാലിപ്റ്റസിന്റെ സുഗന്ധമാണ്. പിന്നെ അതിർത്തി കാണാത്ത ദൂരത്തോളം പരന്നുകിടക്കുന്ന തേയില തോട്ടങ്ങളും ഉയർന്നു നിൽക്കുന്ന ഗിരിനിരകളും. ഉച്ചയോടെ മാത്രം സൂര്യനുദിക്കുന്ന പ്രദേശം എന്നാണ് കിണ്ണക്കൊരൈയെക്കുറിച്ച് പറയാറ്. യാത്രയിൽ ഇത് ശരിയാണെന്ന് തോന്നി. രാവിലെ ഒമ്പത് മണി കഴിഞ്ഞിട്ടും നേരം വെളുക്കാത്തതുപോലെ. കാടും മഞ്ഞും സൂര്യനെ മറഞ്ഞിരിക്കുകയാണ്. സൂര്യൻ തലക്ക് മുകളിലെത്തിയാലെ നല്ല പ്രകാശം കിട്ടു.

ഒരു ചെറിയ മലയോര ഗ്രാമം, അതാണ് കിണ്ണക്കൊരൈ. കുറച്ച് നടന്നാൽ ഏതാനും വ്യൂ പോയന്റുകൾ കാണാം. മനോഹര വഴികാഴ്ചകൾ കണ്ട് ഇവിടെയെത്തിയവർക്ക് ആ വ്യൂ പോയന്റുകൾ ഒന്നുമല്ല.
എങ്കിലും ഈ നാടിനെയും നാട്ടുകാരെയും അറിയാം. അവരുടെ ജീവിത രീതിയറിയാം. പിന്നെ മലയാളത്തിലെ പല ബ്ലോഗർമാരും പരിചയപ്പെടുത്തിയ ഗുരു ടീ ഷോപ്പിലെ ചായയും പരിപ്പുവടയും കഴിക്കാം. തിരിച്ച് ഉച്ചയോടെ മഞ്ചൂരെത്തി. ഇവിടെ നിന്ന് മുപ്പത് കിലോമീറ്റർ മുകളിലേക്ക് കയറിയാൽ ഊട്ടിയിലെത്താം. ഇവിടെ നിന്ന് 

കൂനൂർക്കും പോകാം. വേണമെങ്കിൽ മേട്ടുപാളയം വഴി കോയമ്പത്തൂർക്ക് ബസുണ്ട്. പക്ഷെ മുള്ളി വഴി കോയമ്പത്തൂർക്ക് പോകാനാണ് ഞങ്ങൾ കാത്തുനിന്നത്. നാലു മണിക്കൂർ യാത്രയുണ്ട്. അവിടെ നിന്ന് പാലക്കാട് വഴി തൃശൂരിലേക്ക്. എങ്കിൽ ഇന്നു തന്നെ വീട്ടിലെത്താം.

എന്നാൽ ഞങ്ങൾ കാത്തു നിന്ന കോയമ്പത്തൂർ ബസ് മാത്രം വന്നില്ല. രണ്ടരമണിക്കൂർ കാത്തിരിപ്പ് വിഫലം. നിരാശയൊന്നും തോന്നിയില്ല . ഒരു യാത്രയിൽ ഇത്തരം ആകസ്മിതകൾ സ്വാഭാവികമാണല്ലോ. ഇന്നലെ താമസിച്ച ലോഡ്ജിലേക്ക് തന്നെ ഞങ്ങൾ തിരിച്ചു നടന്നു… ഈ രാത്രി കൂടി മഞ്ചൂരിലെ തണുപ്പിൽ ചേക്കേറാൻ .

 ( തൃശ്ശൂർ ജനറൽ ഹോസ്പിറ്റലിൽ നിന്ന് ലേസെക്രട്ടറിയായി വിരമിച്ച ലേഖകൻ ഒട്ടേറെ യാത്രകൾ നടത്തിയിട്ടുണ്ട്  )

One thought on “പ്രകൃതി സൗന്ദര്യം തുളുമ്പുന്ന നീലഗിരിയിലെ കിണ്ണക്കൊരൈ

Leave a Reply

Your email address will not be published. Required fields are marked *