കുന്നുകൾ ഇല്ലാതായാൽ ഭൂജലക്ഷാമം രൂക്ഷമാകുമെന്ന് ഭൗമശാസ്ത്ര വിദഗ്ധർ
ആറുവരിപ്പാതയുടെ പേരിൽ കേരളത്തിലെ ചെങ്കൽ കുന്നുകൾ ഇടിച്ചെടുക്കുന്നത് ഭൂജലത്തിന് ഭീഷണിയാകുമെന്ന് ഭൗമ ശാസ്ത്ര സംഘം. മാത്രമല്ല അശാസ്ത്രീയമായി കുന്നിടിക്കുന്നത് ഉരുൾപൊട്ടൽ ക്ഷണിച്ചു വരുത്തും. എല്ലാ ജില്ലകളിലും ചെങ്കൽ കുന്നുകൾ ഇടിച്ചെടുത്ത മണ്ണ് ഉപയോഗിച്ചാണ് പാത ഉണ്ടാക്കുന്നത്.
കുന്നുകൾ ഒന്നൊന്നായി ഇല്ലാതാവുന്നത് കേരളത്തിൽ വലിയ പരിസ്ഥിതി ആഘാതം ഉണ്ടാക്കുമെന്ന് കാസർകോട് ഗ്രീൻ എർത്ത് മൂവ്മെൻ്റ് ( GEM) ചൂണ്ടിക്കാട്ടുന്നു. കുന്നിടിക്കുമ്പോൾ
ആ പ്രദേശത്തിൻ്റെ ഭൗമശാസ്ത്ര ഘടന മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും ഇടയാക്കും. മഴക്കാലത്ത് വെള്ളം സംഭരിച്ച് ഭൂമിയിലേക്ക് ഇറക്കുന്ന പ്രക്രിയയാണ് കുന്നുകൾ ചെയ്യുന്നത്.
ഇങ്ങനെ സംഭരിക്കുന്ന വെള്ളമാണ് ഭൂജലമായി മാറി ഭൂമിയിലെ ജലവിതാനം ഉയർത്തുന്നത്. കുന്നുകൾ വഴി ആ പ്രദേശത്തെ ജലവിതാനം ഉയരുമ്പോൾ കിണറുകളിലും മറ്റ് ജലാശയങ്ങളിലും ഇഷ്ടം പോലെ വെള്ളം ലഭ്യമാകും. ആറുവരിപ്പാതയ്ക്കായി കാസർകോട്
ചെറുവത്തൂരിലെ വീരമലക്കുന്നിൽ മണ്ണെടുക്കുന്ന സ്ഥലം ഗ്രീൻ എർത്ത് മൂവ്മെന്റ് സംഘം സന്ദർശിച്ചു. ഡയറക്ടർമാരായ വി.സുകുമാരൻ നായർ, ഡോ.അബ്ദുൾ അഷ്റഫ് കെ, എ.പ്രഭാകരൻ നായർ, പ്രൊഫ.വി.ഗോപിനാഥൻ എന്നിവർ അംഗങ്ങളായ
ഭൗമശാസ്ത്ര സംഘം വീരമലകുന്നിൻ്റെ ഭൗമ ഘടന പരിശോധിച്ചു. വീരമലകുന്ന് ഭൂജലത്തിന്റെ അക്ഷയ ഖനിയാണ്. ഇടതൂർന്ന് വളർന്ന് നിൽക്കുന്ന മരങ്ങളും സുഷിരങ്ങൾ ഏറെയുള്ള അവസാദശിലകളും ഈ കുന്നിനെ ജലസംഭരിണിയാക്കി മാറ്റുന്നു.
വൃക്ഷ നിബിഡമായ കുന്നിൻ്റെഏകദേശം പകുതിഭാഗവും ഇടിച്ചു കഴിഞ്ഞു. ഈ കുന്ന് ഇല്ലാതാവുന്നതോടെ പരിസരങ്ങളിൽ ജലക്ഷാമം ഉണ്ടാകും. കുന്നുകളിലെ ചെളിനിറഞ്ഞ മണ്ണാണ് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇത് റോഡുകൾ പെട്ടെന്ന് അമർന്ന് താഴാൻ കാരണമാകും. തേജസ്വിനിപ്പുഴയുടെ കൈവഴിയായ മയ്യിച്ച തോടിനടുത്തുള്ള വളവിലാണ് ഭൗമ ശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ പ്രദേശം.
ടെർഷ്യറി കാലഘട്ടത്തിൽ കേരളത്തിൽ അകത്തോട്ട് കടന്നു കയറിയ കടൽ നിക്ഷേപിച്ച ആവസാദങ്ങളാണ് കുന്നുകളിൽ കാണപ്പെടുന്നത്.
കാലങ്ങൾ കഴിഞ്ഞ് കടൽ പിൻവലിഞ്ഞപ്പോൾ രൂപപ്പെട്ട പ്രദേശങ്ങളാണിത്. നല്ലൊരു ജലസംഭരിണിയായി പ്രവർത്തിക്കുന്ന വീരമല കുന്നിൽ നിന്ന് വെള്ളം ഊർന്നിറങ്ങി ചുറ്റുപാടും കെട്ടി കിടക്കുന്നത് കാണാം. മണ്ണെടുത്ത സ്ഥലങ്ങൽ മലയിടിച്ചിൽ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ ഉണ്ടാവണം. ഭൂമിയുടെ ചരിവ്
സ്വാഭാവികമാക്കണം. ആവശ്യമായ സ്ഥലത്ത് കരിങ്കൽ ഭിത്തി കെട്ടി ബലപ്പെടുത്തണം. വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉണ്ടാവുന്ന വിധത്തിൽ നീർച്ചാലുകൾ ഉണ്ടാക്കണം.
വെള്ളം മറ്റൊരു സ്ഥലത്തേക്കൊഴുക്കി കുളമായി സംരക്ഷിച്ചു നിർത്തിയാൽ വെള്ളത്തിന്റെ തള്ളിച്ച മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും. ഇവിടങ്ങളിലെ ഭൗമശാസ്ത്രപരമായ അറിവുകൾ കൈമാറാൻ തയ്യാറാണെന്ന് ശാസ്ത്ര സംഘം അറിയിച്ചു.