കെ.എസ്.ആർ.ടി.സി കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത്
കോഴിക്കോട് കെ.എസ്.ആർ.ടി.സി.ബസ്സ് സ്റ്റാൻഡിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ അലക്ഷ്യമായി വലിച്ചെറിയാതെ സുരക്ഷിതമായി നിക്ഷേപിക്കാൻ ബോട്ടിൽ ബൂത്ത് സജ്ജമാക്കി. കാലിക്കറ്റ് റോട്ടറി ക്ലബ്, ഇന്നർവീൽ ക്ലബ് എന്നിവ കെ.എസ്.ആർ.ടി.സി യുമായി ചേർന്നാണ് സൗകര്യമൊരുക്കിയത്.
ബോട്ടിൽ ബൂത്ത് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പൊതുജനങ്ങൾക്ക് സമർപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ്റെ ശുചിത്വ പ്രോട്ടോക്കോൾ പദ്ധതിയിൽ കോഴിക്കോട് നഗരത്തിൽ ശുചിത്വ മാലിന്യ സംസ്കരണത്തിനായുള്ള
സൗകര്യങ്ങൾ ഒരുക്കുമ്പോൾ റോട്ടറി ക്ലബ് പോലുള്ള സംഘടനകളുടെ ഇത്തരത്തിലുള്ള സേവനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് ബോട്ടിൽ ബൂത്തിൽ ആദ്യ കുപ്പി നിക്ഷേപിച്ചു. ജലാശയങ്ങളിലേക്ക് ഏറ്റവും കൂടുതൽ എത്തുന്നവയാണ് പ്ലാസ്റ്റിക് ബോട്ടിലുകൾ, ഒഴുക്കുചാലുകളിൽ എത്തുന്ന കുപ്പികൾ ഒഴുക്ക് തടസ്സപ്പെടുത്തുകയും
വെള്ളക്കെട്ടിന് കാരണമാകുകയും ചെയ്യുന്നു. ബോട്ടിൽ ബൂത്തിൽ നിന്ന് കൃത്യമായ ഇടവേളകളിൽ കുപ്പി നീക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ. നാസർ യൂസഫ് അധ്യക്ഷത വഹിച്ചു.
കെ.എസ്.ആർ.ടി.സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രജിതകുമാരി പി.സി, ഇന്നർവീൽ പ്രസിഡന്റ് ലവിന രമേശ്, സെക്രട്ടറി അഡ്വ. രൂപ പോൾ എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ രാമൻ നമ്പൂതിരി സ്വാഗതവും കാലിക്കറ്റ് റോട്ടറി ക്ലബ് സെക്രട്ടറി ഇ. യൂജിൻ ജോൺസൺ നന്ദിയും പറഞ്ഞു.