സ്ത്രീധനത്തിനെതിരെ പരാതികൾ നല്‍കാന്‍ വെബ് പോർട്ടൽ

സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ ( http://wcd.kerala.gov.in/dowry) പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു.

നിയമപരമായ കരാറുകൾ പാലിച്ച് ഒരുമിച്ച് ജീവിതം പങ്കിടാമെന്ന മുതിർന്ന രണ്ടു വ്യക്തികളുടെ തീരുമാനമാണ് വിവാഹം. അതിനെ പണമിടപാടാക്കി അവഹേളിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി ഇടിക്കുകയും ചെയ്യുന്ന സ്ത്രീധന സമ്പ്രദായമെന്ന അനാചാരം ഇന്നും നിലനിൽക്കുന്നു എന്നത് അപമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമവിരുദ്ധമായ ഈ സമ്പ്രദായത്തിൻ്റെ പേരിൽ സ്ത്രീകൾ പീഡനം നേരിടേണ്ടി വരുന്നത് അവസാനിപ്പിക്കാൻ വലിയ തോതിലുള്ള സാമൂഹിക ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ നിയമപരമായി കൂടുതൽ ഫലപ്രദമായി അതിനെ നേരിടാൻ സാധിക്കുകയും വേണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് വെബ് പോർട്ടൽ തുടങ്ങിയിരിക്കുന്നത്.

പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിൻ്റെ പുരോഗതി വിലയിരുത്താനും പോർട്ടൽ വഴി സാധിക്കും. ഈ സംവിധാനം ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *