ഇരുവഞ്ഞിപ്പുഴയ്ക്ക് സൗന്ദര്യം പകർന്ന് ഇതാ മനുഷ്യനിർമ്മിത മുളങ്കാട്
കാട് ഇല്ലാതാവുന്ന കാലത്ത് ഇവിടെ ഇതാ ഒരു കൂട്ടം മനുഷ്യർ മുളനട്ട് മുളങ്കാട് ഉണ്ടാക്കിയെടുക്കുന്നു. ഇരുവഞ്ഞിപ്പുഴയ്ക്ക് സൗന്ദര്യം പകർന്ന് കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്താണ് ഈ ദൗത്യത്തിനു പിന്നിൽ. പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടിയിൽ ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് മനോഹരമായ മുളന്തുരുത്ത് രൂപപ്പെടുന്നത്. ചെറുതൊന്നുമല്ല, രണ്ടേക്കർ സ്ഥലത്താണിത്.
സ്ക്കൂൾ കുട്ടികളും അധ്യാപകരും ക്ലബ്ബ് അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളുമൊക്കെയാണ് കാടുവളർത്തലിനു പിന്നിൽ.
ഈ പച്ച തുരുത്തിലൂടെ കറങ്ങി നടക്കുന്നതു തന്നെ പ്രത്യേക അനുഭവമാണ്. മുളങ്കാടിൻ്റെ സംഗീതവും കുളിർ കാറ്റും തുരുത്തിനെ സ്വപ്ന ഭൂമിയാക്കി മാറ്റുന്നു. ഇപ്പോൾ തന്നെ വിവിധയിനം പക്ഷികളുടെയും പൂമ്പാറ്റകളുടെയും വീടാണിത്.
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെയാണ് പുല്ലൂരാംപാറ പള്ളിപ്പടി സെന്റ് ജോസഫ് യു.പി സ്കൂളിന്റെ പിൻഭാഗത്ത് പച്ചത്തുരുത്ത്
ജനിക്കുന്നത്. പുഴയോരത്ത് ‘മുതലപ്പെട്ടി തുരുത്ത് ‘ എന്ന പേരിൽ വെറുതെ കിടന്ന രണ്ട് ഏക്കറോളം സ്ഥലമാണ് സഞ്ചാരികളെ ആകർഷിക്കുന്ന തുരുത്ത്. ഒരു കാലത്ത് ഇരുവഞ്ഞിപ്പുഴ ഉപേക്ഷിച്ച മണൽ തിട്ടയാണിത്. രണ്ടു പ്രളയമുണ്ടായപ്പോഴും മണൽതിട്ട മുങ്ങിപ്പോയിരുന്നു.
ഇവിടെ വിവിധ ഇനങ്ങളിൽപ്പെട്ട മുളകൾ നട്ട് പരിപാലിച്ചാണ് ഈ മുളത്തുരുത്ത് ഒരുക്കിയിരിക്കുന്നത്. ഹരിത കേരളം മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി 2018 ലാണ് തൊഴിലുറപ്പ് പദ്ധതിയിൽ മുള തൈകൾ നട്ടുപ്പിടിപ്പിച്ചത്. ഹരിത മിഷൻ്റെ ‘പച്ച തുരുത്ത് ‘ പദ്ധതിയിലാണ് മുളനട്ടുപിടിപ്പിക്കാൻ തീരുമാനമായത്.
ഇതിനായി ഹരിത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പ്രകാശ് മുന്നിട്ടിറങ്ങി പഞ്ചായത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. തൊഴിലുറപ്പ് തൊഴിലാളികളാണ് പിന്നീട് കഠിനാധ്വാനം ചെയ്തത്. തിരുവമ്പാടി പഞ്ചായത്ത് തൊഴിലുറപ്പ് എഞ്ചിനീയർ അമൽ നേതൃസ്ഥാനത്തുണ്ടായിരുന്നു.
അന്നത്തെ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി.ടി. അഗസ്റ്റ്യനാണ്
മുളത്തൈ നട്ട് പച്ചത്തുരുത്ത് നിർമ്മാണത്തിന് തുടക്കമിട്ടത്. വാർഡമെമ്പർ ടി.ജെ കുര്യാച്ചൻ, ഇപ്പോഴത്തെ വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ മേഴ്‌സി പുളിക്കാട് എന്നിവർ പച്ചത്തുരുത്തിൻ്റെ തുടർന്നുള്ള പരിപാലനത്തിനായി വളരെയേറെ പ്രവർത്തിച്ചു.
പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി പ്രവർത്തകരും, സെന്റ് ജോസഫ് യു പി, ഹൈസ്‌കൂൾ അധ്യാപകരും വിദ്യാർത്ഥികളും, സ്കൗട്ട്
ആൻ്റ് ഗൈഡ് യൂണിറ്റ് അംഗങ്ങളും പരിചരണത്തിനായി മുന്നിട്ടിറങ്ങി.
നാല് വർഷം മുമ്പ് നട്ടുപിടിപ്പിച്ച നാല് വ്യത്യസ്ത ഇനത്തിലുള്ള അമ്പത് മുളതൈകൾ വളർന്ന് പന്തലിച്ച് വലിയ മുളങ്കാടായി മാറിയിരിക്കുകയാണിപ്പോൾ.
ബാംബു മിഷന്റെ ഭാഗമായി ഇരുന്നൂറ് മുളത്തൈകൾ പുതുതായി വെച്ചു പിടിപ്പിച്ചിട്ടുണ്ട്. നട്ടിരിക്കുന്ന തൈകൾ വലുതാകുന്നതോടെ ഇത് വലിയൊരു മുളങ്കാടായി മാറും. കഠിനമായ വേനൽ ചൂടിൽ നിന്ന് സംരക്ഷണം നൽകാനായി ഗ്രീൻ ഷെയ്ഡ് നെറ്റ് വലിച്ചുകെട്ടി തണൽ നൽകിയിട്ടുണ്ട്. ഇതോടൊപ്പമുള്ള മറ്റ്
മരങ്ങളും ചെടികളും വളർന്ന് വരുമ്പോൾ ഭാവിയിൽ ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ജൈവ സമൃദ്ധിയാൽ സമ്പുഷ്ടമായ ആവാസ വ്യവസ്ഥ തന്നെ രൂപപ്പെടും.
ജൈവ വൈവിധ്യ ഉദ്യാനമെന്ന രീതിയിലുള്ള പാർക്ക് തുരുത്തിൽ രൂപപ്പെടുത്താൻ കഴിയുമെന്ന് ഇവിടം സന്ദർശിച്ച ഹരിത കേരളം മിഷൻ കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ് പറഞ്ഞു.
സസ്യങ്ങളോടൊപ്പം കിളികൾ, പൂമ്പാറ്റകൾ, വിവിധ ഇനം പ്രാണികൾ , വണ്ടുകൾ എന്നിവയ്ക്ക് അത്താണിയാകും ഈ തുരുത്ത്. പുഴയോട് ചേർന്നുള്ള തുരുത്തിൻ്റെ ഭാഗങ്ങൾ മീനുകൾക്കും മറ്റു ജല ജീവികൾക്കും ആവാസ കേന്ദ്രമാവും.
തിരുവമ്പാടി പഞ്ചായത്ത് തൊഴിലുറപ്പ് എഞ്ചിനീയർ അമൽ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഡോണ ഫ്രാൻസീസ്, പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ വായനശാല ഭാരവാഹികളും വിരമിച്ച അധ്യാപകരുമായ തോമസ്, സണ്ണി എന്നിവരും അദ്ദേഹത്തോടൊപ്പം തുരുത്ത് സന്ദർശിക്കാനെത്തിയിരുന്നു.