നിറങ്ങൾ കൊണ്ട് അത്ഭുതങ്ങൾ തീർത്ത് കുര്യൻ മാവേലിക്കര

JORDAYS DESK

രണ്ടോ മൂന്നോ ദിവസത്തെ ഏകാഗ്രമായ നിറം ചാലിക്കൽ. പിന്നെ അവസാനമൊരു മിനുക്കുപണി. ഇതാ… കാൻവാസിലെ വർണ്ണങ്ങളിൽ നിന്ന് ജീവനുള്ള മനുഷ്യരൂപം എഴുന്നേറ്റ് വരുകയായി.

കുര്യൻ മാവേലിക്കര എന്ന അനുഗ്രഹീത ചിത്രകാരൻ്റെ തൂലികയിൽ നിന്ന് ഇതേ വരെ മൂവായിരത്തിലധികം ചിത്രങ്ങൾ പിറന്നിട്ടുണ്ട്. ഇതിൽ ആയിരത്തിലേറെ ചിത്രങ്ങൾ പോർട്രെയിറ്റുകളാണ്. ഓയിൽ പെയിൻ്റുകൊണ്ട് മനുഷ്യരൂപം തീർക്കുന്നതിൽ അസാധാരണമായ കഴിവുണ്ട് ഈ ചിത്രകാരന്.

മാവേലിക്കര മുള്ളിക്കുളങ്ങരയിലെ ‘കൃപാ ഭവൻ’ എന്ന വീട് ചിത്രശാലയാക്കി കുര്യൻ വരക്കാൻ തുടങ്ങിയിട്ട് 

മൂന്ന് പതിറ്റാണ്ട്  കഴിഞ്ഞു. പരേതനായ കെ.സി. ഈശോയുടെയും ഏലിയാമ്മ ഈശോയുടെയും മകനായ കുര്യന് ചിത്രകലയിൽ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. കുടുംബത്തിൽ കലാകാരന്മാരൊന്നുമില്ല. സ്ക്കൂൾ കാലം മുതൽക്കേ വരയ്ക്കുമായിരുന്നു.

യുവജനോത്സവത്തിലും കേരളോത്സവ ത്തിലും പല തവണ സമ്മാനിതനായിട്ടുണ്ട്. മുള്ളിക്കുളങ്ങര എൽ.പി.സ്ക്കൂളിലും കുറത്തികാട് ഹൈസ്ക്കൂളിലുമായിരുന്നു പഠനം. 

അതു കഴിഞ്ഞ് മാവേലിക്കര എസ്‌.എൻ.ആർട്സ് കോളേജിൽ നിന്ന് പെയിൻ്റിങ്ങിൽ കെ.ജി.സി.ഇ. പാസ്സായി. അന്നുതൊട്ടേ വീട് ചിത്രശാലയായി. പെൻസിൽ, വാട്ടർ കളർ, അക്രലിക്, ഓയിൽ ഇങ്ങിനെ എല്ലാ മീഡിയവും വഴങ്ങും.

സ്ക്കൂൾ പഠനകാലം മുതൽ നടൻ മോഹൻലാലിനെ വളരെ ഇഷ്ടമായിരുന്നു. ലാലിൻ്റെ പല പോസിലുള്ള ചിത്രങ്ങൾ ഒട്ടേറെ വരച്ചു. ഓരോ സിനിമ ഇറങ്ങുമ്പോഴും മോഹൻലാലിൻ്റെ നായക വേഷം വരച്ചുണ്ടാക്കും. അങ്ങനെയാണ് ചിത്രരചന ഒരാവേശമായി മാറിയത്.

കുറേ കാലം മലങ്കര കത്തോലിക്കാ ചർച്ചിൻ്റെ പള്ളികളിലെ ചുവരുകളിലും മട്ടുപ്പാവുകളിലും ചിത്രരചന നടത്തി. പല ക്ഷേത്രങ്ങളിലെയും ദാരുശില്പങ്ങൾക്ക് നിറം പകർന്നിട്ടുണ്ട്. മ്യൂറൽ ചിത്രങ്ങളും വരച്ചിട്ടുണ്ട്.

മജീഷ്യൻ സാം രാജിൻ്റെ രംഗസജ്ജീകരണങ്ങൾക്ക് ആവശ്യമായ ചിത്രങ്ങളും ഡിസൈനുകളും തയ്യാറാക്കുന്നത് കുര്യനാണ്. ഈയിടെ അന്തരിച്ച തമിഴ്നാട്ടിലെ ചിത്രകാരൻ ഇളയരാജയുടെ ശൈലി ഉൾക്കൊണ്ട്

പല ചിത്രങ്ങളും വരച്ചിട്ടുണ്ട്. ഓയിൽ പെയിൻ്റിങ്ങിനോടാണ് ഇഷ്ടം. ആളുകളുടെ കുടുംബ ഫോട്ടോ വരയ്ക്കുന്നതിൽ കുര്യൻ്റെ കഴിവ് വേറെ തന്നെയാണ്. ഇങ്ങനെ വരക്കാൻ ഒട്ടേറെ ഓർഡർ കിട്ടുന്നുണ്ട്. തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നൊക്കെ ഓർഡുകൾ വരും.

പഴയ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രത്തിൽ നിന്ന് കളർ പോർട്രെയിറ്റ് ഉണ്ടാക്കാൻ കുര്യന് പ്രത്യേക കഴിവുണ്ട്. മൂന്നോ നാലോ പേരുള്ള കുടുംബ ഫോട്ടോ വർണ്ണത്തിൽ ഒപ്പിയെടുത്താൽ അത് 

ഒറിജിനൽ ചിത്രത്തെ വെല്ലുന്ന തരത്തിലായിരിക്കും. പ്രകൃതി ദൃശ്യങ്ങളും ഇടയ്ക്ക് വരക്കും. ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റം തിരുമേനിയുടെ അഞ്ചടി ഉയരമുള്ള ഓയിൽ ചിത്രം അദ്ദേഹത്തിനു സമ്മാനിച്ചപ്പോൾ ഉണ്ടായ അനുഭവം മറക്കാൻ കഴിയില്ലെന്ന് കുര്യൻ പറയുന്നു. ചിത്രം കൊടുത്തപ്പോൾ അദ്ദേഹം

ചിത്രരചനയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ചിത്രം വിശദമായി ആസ്വദിച്ച് എന്നെ അനുഗ്രഹിച്ചു – കുര്യൻ പറഞ്ഞു.

ഒരാളുടെ പോർട്രെയിറ്റ് ഓയിൽ കളറിൽ വരക്കാൻ 2-3 ദിവസം വേണം. രണ്ടോ മൂന്നോ ഓർഡർ ഉണ്ടാകുമ്പോൾ എല്ലാം ഒരുമിച്ച് വരക്കാൻ തുടങ്ങും. പിന്നീട് സമയമെടുത്ത് ഓരോന്നിലും വേണ്ട മിനുക്കുപണികൾ നടത്തും. ഇതു വരെ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടില്ല. 

അടുത്തു തന്നെ ഒരു പ്രദർശനം നടത്തണമെന്നുണ്ട്. അതിനുള്ള പ്രവർത്തനത്തിലാണിപ്പോൾ – കുര്യൻ പറഞ്ഞു. ടെന്നികുര്യനാണ് ഭാര്യ. നഴ്സിങ് വിദ്യാർത്ഥിനിയായ ഷിബിനി കുര്യൻ, സ്ക്കൂൾ വിദ്യാർത്ഥി ഷിജിൻ കുര്യൻ എന്നിവർ മക്കളാണ്. രണ്ടു പേർക്കും ചിത്രരചനയിൽ താല്പര്യമുണ്ട്. കെ.ഇ.ചാക്കോ, ഡാനിയൽ, പരേതനായ വർഗ്ഗീസ് എന്നിവർ സഹോദരങ്ങളാണ്. (കുര്യൻ മാവേലിക്കര. ഫോൺ : 9745655841 )

Leave a Reply

Your email address will not be published. Required fields are marked *