ആന്ത്രാസ്… കൂന്ത്രാസ് … കൊറോണ… കലിപ്പ് തീരണില്ലല്ല
“സോപ്പിട്ട് കൈ കഴുകുന്നവൻ ചന്തു , മാസ്ക്കിട്ട് അങ്കം കുറിക്കുന്നവൻ ചന്തു , അകലം പാലിച്ച് പൊരുതുന്നവൻ ചന്തു , തോൽപ്പിക്കാനാവില്ല കോവിഡേ…” വടക്കൻ വീരഗാഥ എന്ന സിനിമയിലെ ഡയലോഗ് കോവിഡ് പ്രതിരോധത്തിനായി മാറ്റിപ്പറഞ്ഞ് മാസ്ക്കുമായി നിൽക്കുന്ന ചന്തുവിനെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോവും.
കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിനായി കേരളത്തിലെ നഗരങ്ങളിലെ മതിലുകളിലെല്ലാം ഇപ്പോൾ സിനിമാ താരങ്ങളും സാഹിത്യകാരന്മാരും നിറഞ്ഞിരിക്കുകയാണ്.
ആന്ത്രാസ്… കൂന്ത്രാസ്… കൊറോണ… കലിപ്പ് തീരണില്ലല്ല… എന്ന ഡയലോഗുമായി മമ്മൂട്ടി രാജമാണിക്യത്തിന്റെ വേഷത്തിൽ കൈയിൽ സാനിറ്റൈസറുമായി നിൽക്കുന്ന കാർട്ടൂണും ചുവരിലുണ്ട്.
നര്‍മ്മത്തിലൂടെ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്ന ”കാർട്ടൂൺ മതിൽ ” ഒരുക്കി കേരള കാർട്ടൂൺ അക്കാദമി കോവിഡ് പ്രതിരോധ യത്നത്തിൽ അണിചേർന്നിരിക്കുകയാണ്. ബ്രേക്ക് ദ ചെയിൻ പ്രചാരണത്തിൻ്റെ ഭാഗമായിട്ടാണ് വരയിലൂടെ വ്യത്യസ്തമായ പ്രതിരോധ പ്രവർത്തനം നടന്നത്.
സംസ്ഥാന സർക്കാരിൻ്റെ കീഴിലെ സാമൂഹിക സുരക്ഷാ മിഷനുമായി ചേർന്നാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലാ ആസ്ഥാനങ്ങളിലെ മതിലുകളിൽ കാർട്ടൂണുകൾ വരച്ചിരിക്കുന്നത്.
സിനിമയിലെ ഡയലോഗുകൾ കോവിഡ് പ്രതിരോധത്തിനായി മാറ്റിപ്പറയിച്ചാണ് നഗരങ്ങളിലെ മതിലുകളിൽ കാർട്ടൂണിസ്റ്റുകൾ സിനിമാ താരങ്ങളെ അണിനിരത്തിയിരിക്കുന്നത്. “ശത്രു അത് കൊറോണയായാലും മാസ്ക്ക് ധരിച്ച് കൊല്ലണം… ” എന്ന ഡയലോഗോഡെയാണ് പുലിമുരുകന് മതിലിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൻ്റെ മതിലിൽ കാർട്ടൂൺ കൗതുകങ്ങൾ ഏറെ. കഴുകുന്ന സോപ്പും വാ മൂടുന്ന സോപ്പും, അടുക്കാനാവില്ല നിനക്ക് എന്ന് പഞ്ച് ഡയലോഗ് കൊറോണയോട് പറയുന്ന മോഹൻലാൽ, ലോക് ഡൗണിൻ്റെ കൂട്ടിൽ നിന്ന് സാനിറ്റൈസറുമായി പറക്കുന്ന മനുഷ്യൻ, അകലമാണ് പുതിയ അടുപ്പമെന്ന് പ്രണയിനിയോട് പറഞ്ഞ് സാമൂഹിക അകലത്തിൽ നിന്ന് സാനിറ്റൈസർ നീട്ടുന്ന കാമുകൻ.. എന്നിങ്ങനെ കാർട്ടൂണുകൾ ഏറെയുണ്ട് ഇവിടെ. മാസ്കും സാനിറ്റൈസറും കാർട്ടൂണിസ്റ്റുകൾക്ക് നൽകി ജില്ലാ കളക്ടർ പി .കെ. സുധീർ ബാബു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആർ.എം. ഒ. ഡോ. ഭാഗ്യശ്രീ സ്റ്റാഫ് നേഴ്സ് ജെസ്സി ജോസഫ് എന്നിവർ പങ്കെടുത്തു.
കൽപ്പറ്റ ഗവ. ജനറൽ ആശുപത്രി മതിലിൻ്റെ വര ഉത്ഘാടനത്തിന് എത്തിയ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള കൊറോണ വട്ടം വരച്ചു , ഒപ്പം തലക്കെട്ടുമിട്ടു.’എസ് എം എസ് പാലിച്ചാൽ കൊറോണ പൊടിപോലുമില്ല കണ്ടു പിടിക്കാൻ . ” കൊറോണയോട് ഇപ്പ ശരിയാക്കിത്തര എന്നു പറഞ്ഞ് കുതിരവട്ടം പപ്പു റോഡ് റോളറിനടുത്ത് സാനിറ്റൈസുമായി നിൽക്കുന്ന കാർട്ടൂൺ ഇവിടെ കാണികളെ ചിരിപ്പിക്കുന്നു.
നിന്റെ ഇല്ലമല്ല എന്റെ കൊല്ലം എന്ന പേരിൽ ലൂസിഫറിലെ ഡയലോഗ് മാറ്റിപ്പറഞ്ഞ് നടൻ മോഹൻലാൽ കൊല്ലം നഗരത്തിലെ മതിലിലുണ്ട്. ” ഇറങ്ങി വാടാ തൊരപ്പൻ കൊറോണെ ” എന്ന ഡയലോഗുമായാണ് മാമുക്കോയ കീനേരി അച്ചുവായി നിവർത്തിപ്പിടിച്ച കത്തിയും സാനിറ്റൈസറുമായി രംഗത്തെത്തിയിരിക്കുന്നത്.
കോഴിക്കോട് മാനാഞ്ചിറ ടീച്ചര്‍ എജുക്കേഷന്‍ കോളേജ് മതിലിലാണ് ചുവരിലാണ് ഈ കാർട്ടൂൺ. “വിശ്വവിഖ്യാതമായ മാസ്ക്ക് ” എന്ന ചുവരെഴുത്തോടെ ഇവിടെ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെയും അവതരിപ്പിച്ചിട്ടുണ്ട്.
” മാസ്ക്കാട ഗമ ” എന്ന പേരിൽ വാസ്ക്കോടി ഗാമയും ഈ ചുവരിലുണ്ട്. മിക്കയിടത്തും അതാത് ജില്ലക്കാരായ നടന്മാരും സാഹിത്യകാരന്മാരുമാണ് കോവിഡ് പ്രതിരോധത്തിനായി മതിലിലുള്ളത്. “ശീലിക്കണം അതല്ലേ ഹീറോയിസം” എന്നു പറഞ്ഞ് സരോജ് കുമാറായി നടൻ ശ്രീനിവാസനാണ് കണ്ണൂർ കാൾടെക്സിനടുത്ത മതിലിലുള്ളത്.
“മാണിക്യ മലരായ പൂവേ… മാസ്ക്കണിഞ്ഞ് അരികിൽ വായോ…” എന്ന പാട്ടുമായി വിനീത് ശ്രീനിവാസനും ഇവിടെയുണ്ട്. സാനിറ്റൈസറുമായി പോകുന്ന നഴ്സിനെ “പ്രകാശം പരത്തുന്ന പെൺകുട്ടി ” എന്നു പറഞ്ഞ് സാഹിത്യകാരൻ ടി.പത്മനാഭനും മാസ്ക്കണിയാം മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്നു പറഞ്ഞ് എം.മുകുന്ദനും ചുവരിൽ കാർട്ടൂൺ കഥാപാത്രങ്ങളായിട്ടുണ്ട്.
“മണ്ടിപ്പെണ്ണേ മാസ്ക്കിട്ട് വന്നാട്ടെ” എന്ന ഡയലോഗുമായി നടൻ നസീറും സിങ്കം സിംഗിളാ താൻ വരും… മാസ്ക്ക്പോട്ട് എന്നു പറഞ്ഞ് രജനീകാന്തും കാസർകോട് ഗവ.യു.പി സ്ക്കൂളിന്റെ മതിലിൽ സ്ഥാനം പിടിച്ചിരിക്കുന്നു. കാർട്ടൂണിസ്റ്റുകള്‍ക്ക് സാനിറ്റൈസറും മാസ്ക്കും ജില്ലാ കളക്ടർ ഡോ.ഡി.സജിത്ത് ബാബു സമ്മാനിച്ചു
ആലപ്പുഴയിൽ നടൻ ഫഹദ് ഫാസിലും മലപ്പുറത്ത് മാന്ത്രികൻ മുതുകാടും തൃശ്ശൂരിൽ പൂരത്തിന്റെ മേളപ്രമാണി പെരുവനം കുട്ടൻമാരാരുമാണ് കോവിഡ് പ്രതിരോധത്തിനെത്തിയിരിക്കുന്നത്.
“സെൻ സുവേണം, സോപ്പു വേണം, സാനിറ്റൈസർ വേണം സാമൂഹിക അകലം വേണം” എന്ന കലക്കൻ ഡയലോഗുമായി മമ്മൂട്ടിയും ഇത്തിരി സോപ്പ്, ഇത്തിരി മാസ്ക്ക്, ഇത്തിരി അകലം…. കോവിഡ് പറപറാന്ന് ഓടും… എന്ന പ്രസിദ്ധ ഉപദേശവുമായി നടൻ ശങ്കരാടിയും ചുവരിൽ നിറയുമ്പോൾ കാർട്ടൂണിസ്റ്റുകളുടെ ഭാവന കോവിഡ് പ്രതിരോധം തീർക്കുകയാണിവിടെ.
അതാത് ജില്ലകളിലെ കാർട്ടൂണിസ്റ്റുകളും കാർട്ടൂൺ മതിലിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു. മഴയും വെയിലും വകവെക്കാതെ മതിലിനു മുകളിൽ ഷീറ്റും മറ്റും കെട്ടിയാണ് കാർട്ടൂണിസ്റ്റുകൾ ഈ ദൗത്യത്തിൽ പങ്കെടുത്തതെന്നും ഉണ്ണിക്കൃഷ്ണണൻ പറഞ്ഞു.
മായാവി, ലുട്ടാപ്പി തുടങ്ങിയ കഥാപാത്രങ്ങളെ സൃഷ്ടിച്ച മുതിർന്ന കാർട്ടൂണിസ്റ്റ് മോഹൻദാസ്, ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, ജോ. സെക്രട്ടറി സുരേഷ് ഡാവിഞ്ചി,ബൈജു പൗലോസ്, രതീഷ് രവി, മധൂസ്, ടി.എസ്. സന്തോഷ്, പ്രിയരഞ്ജിനി, ദിൻരാജ്, ഷാക്കിർ എറവക്കാട് , സുഭാഷ് കല്ലൂർ, ഇ.പി.പീറ്റർ, പ്രസന്നൻ ആനിക്കാട്, വി.ആർ. സത്യദേവ്, അനിൽ വേഗ, അബ്ബ വാഴൂർ, ഷാജി സീതത്തോട്, മനോജ് മത്തശേരിൽ, സിനി ലാൽ ഒ.ശങ്കർ, ഭരത് മനോജ് എന്നിവരാണ് കാർട്ടൂണുകൾ വരച്ചത്.
സാമൂഹിക അകലം ഉൾപ്പടെയുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ചിത്രരചന.ലോക കാർട്ടൂണിസ്റ്റ് ദിനമായ മേയ് അഞ്ചിന് എറണാകുളം ജനറൽ ആശുപത്രിയുടെ മതിലിൽ കാർട്ടൂണുകൾ വരച്ചുകൊണ്ടാണ് കാർട്ടൂൺ മതിൽ പരിപാടിക്ക് തുടക്കമിട്ടത്.
ആശുപത്രി സൂപ്രണ്ട് ഡോ.എ.അനിത, നഴ്സിങ്ങ് സൂപ്രണ്ട് ജെസി വർഗീസ്, ശുചീകരണത്തൊഴിലാളി ഇ.എ.കുമാരൻ എന്നിവർ ചേർന്ന് കാർട്ടൂണിസ്റ്റുകൾക്ക് സാനിറ്റൈസറും മാസ്കും നൽകിയാണ് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചത്. തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും കോഴിക്കോട്ട് എ പ്രദീപ് കുമാർ എം.എൽ.എ യുമാണ് ഉദ്ഘാടനം ചെയ്തത്.
കാര്‍ട്ടൂണ്‍ ഗാലറി