ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്ക്കാരം കെ.ജയകുമാറിന്
2022 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്ക്കാരം പ്രശസ്ത കവിയും ഗാന രചയിതാവും വിവർത്തകനുമായ കെ. ജയകുമാറിന്. സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം.
അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. പൂന്താനത്തിൻ്റെ ജന്മദിനമായ മാർച്ച്
ആറിന് ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും.
2004 മുതൽ ജ്ഞാനപ്പാന പുരസ്ക്കാരം നൽകി വരുന്നുണ്ട്. സിനിമാ സംവിധായകൻ ജി.അരവിന്ദനായിരുന്നു ആദ്യ പുരസ്ക്കാരം. മഹാകവി അക്കിത്തം, ഡോ.എം.ലീലാവതി, സി.രാധാകൃഷ്ണൻ, പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരി, സുഗതകുമാരി, ശ്രീകുമാരൻ തമ്പി, കെ.ബി. ശ്രീദേവി, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, ഉണ്ണിക്കൃഷ്ണൻ പുതൂർ തുടങ്ങിയവർ ജ്ഞാനപ്പാന പുരസ്ക്കാരം നേടിയ പ്രമുഖരാണ്. പതിനേഴാമത്തെ പുരസ്ക്കാര ജേതാവാണ് കെ.ജയകുമാർ.
സാഹിത്യ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജയകുമാർ കവിതാ സമാഹാരങ്ങൾ, പരിഭാഷകൾ, ലേഖനങ്ങൾ, എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി 45 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. എൺപതിലേറെ മലയാള സിനിമകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
‘വർണ്ണച്ചിറകുകൾ ‘ എന്ന കുട്ടികളുടെ സിനിമയുടെ സംവിധായകനാണ്. തുഞ്ചത്തെഴുത്തച്ഛൻ സ്മാരക മലയാള സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയായ വിരമിച്ച അദ്ദേഹം ഇപ്പോൾ ഐ.ഐ.എം. ഡയരക്ടറാണ്.