പെരുമ്പാവൂർ പാർക്കിൽ ഇനി കുട്ടികൾക്ക് ഉല്ലസിക്കാം

പെരിയാര്‍ വാലി ഇറിഗേഷന്‍ പദ്ധതിയുടെ പെരുമ്പാവൂര്‍ പട്ടാലിൽ പുനര്‍നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് തുറന്നു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ വികസന പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. അത്തരത്തില്‍ ജലവിഭവ വകുപ്പും പല പദ്ധതകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇറിഗേഷന്‍ ടൂറിസം

പ്രോജക്ട് വഴി ഡാമുകള്‍, നദികള്‍, കനാല്‍ തീരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര പദ്ധതികള്‍ നടപ്പിലാക്കി വരുകയാണെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ജനങ്ങള്‍ വീണ്ടും പുറത്തിറങ്ങുകയും ഒത്തുചേരുകയും ആഘോഷിക്കുകയും ചെയ്യുന്ന കാലമാണിത്. ഈ അവസരത്തില്‍ പെരുമ്പാവൂരിലെ ജനങ്ങള്‍ക്ക് കുട്ടികളുമായി ഒഴിവ് സമയം ചെലവഴിക്കാൻ പാര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.

എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് പുനര്‍നിര്‍മ്മിച്ചത്. 27.5 സെന്റ് സ്ഥലത്താണ് പാർക്ക്. ആലുവ – മൂന്നാര്‍ റോഡിനോട് ചേര്‍ന്നു മനോഹരമായി ഒരുക്കിയിരിക്കുന്ന പാര്‍ക്കില്‍ കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ ഏഴ് റൈഡുകളാണു ക്രമീകരിച്ചിരിക്കുന്നത്. പുല്‍ത്തകിടിയും നടപ്പാതയും വേണ്ടത്ര ഇരിപ്പിടങ്ങളും തണല്‍ മരങ്ങളും പാര്‍ക്കിലുണ്ട്. ഒപ്പം കഫെറ്റീരിയയും ശുചിമുറി സംവിധാനവും ഒരു സെക്യൂരിറ്റി മുറിയും ഒരുക്കിയിട്ടുണ്ട്. ഐ.പി.ടി.എം.സിയുടെ (ഇറിഗേഷന്‍ പ്രോജക്ട് ടൂറിസം മാനേജ്മെന്റ് കമ്മിറ്റി ) മേല്‍നോട്ടത്തിലായിരിക്കും പാര്‍ക്കിന്റെ പ്രവര്‍ത്തനം.

ചില്‍ഡ്രന്‍സ് പാര്‍ക്ക് അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം.പി മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, മുന്‍ എം.എല്‍.എ സാജു പോള്‍, ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ ബാബു ജോസഫ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *