അനന്തേട്ടൻ– ഒറ്റക്കാലിലൊരു ജീവിതവിജയം
ഡോ. പി.വി.മോഹനൻ
ചില മനുഷ്യർ മരിച്ചാലും ഓർമ്മകളിൽ നിന്ന് മാഞ്ഞുപോകാറില്ല. കാലം എത്ര മുന്നോട്ടു പോയാലും അവരുടെ ജീവിതം നമ്മുടെ മനസ്സിൽ ഒരു പ്രകാശരേഖയായി നിലനിൽക്കും. എന്റെ ബാല്യകാല ഓർമ്മകളിൽ
അങ്ങനെ ഇന്നും ജീവിച്ചിരിക്കുന്ന ഒരാളാണ് അനന്തേട്ടൻ. ഞങ്ങളുടെ അയൽവാസി. എന്റെ കളിക്കൂട്ടുകാരായ സുമതിയുടെയും നാരായണന്റെയും അച്ഛൻ. ഇന്ന് അനന്തേട്ടൻ ഇല്ല. ഏകദേശം കാൽനൂറ്റാണ്ട് മുമ്പ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ രൂപവും ജീവിതവും ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.
ഞാൻ കണ്ട കാലം മുഴുവൻ അനന്തേട്ടൻ ഒറ്റക്കാലിലായിരുന്നു. അത് ജന്മനാ ഉണ്ടായ വൈകല്യമല്ല. യൗവനകാലത്ത്, ഏകദേശം മുപ്പതാം വയസ്സിൽ തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഒരു കാൽ നഷ്ടപ്പെടുകയായിരുന്നു. ഒരു മനുഷ്യന്റെ ജീവിതം തകർക്കാൻ പോന്ന ദുരന്തം. എന്നാൽ അനന്തേട്ടനെ അത് തളർത്തിയില്ല. ഒരു കാൽ നഷ്ടപ്പെട്ടെങ്കിലും മനസ്സിന്റെ കരുത്ത് ഒരിക്കലും നഷ്ടപ്പെട്ടിരുന്നില്ല.
ഒറ്റക്കാലിൽ നിന്നുകൊണ്ട് അദ്ദേഹം പറമ്പ് കിളക്കും. കൃഷിപ്പണികൾ ചെയ്യും. മരത്തിൽ കയറും. മറ്റുള്ളവർ രണ്ടുകാലിൽ നിന്ന് ചെയ്യുന്ന ജോലികൾ അദ്ദേഹം ഒറ്റക്കാലിൽ നിന്ന് അനായാസം ചെയ്തു തീർക്കുന്നത് ഞങ്ങൾ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. വൈകല്യം അദ്ദേഹത്തിന് ഒരു തടസ്സമായിരുന്നില്ല; മറിച്ച് അതിനെ മറികടക്കാനുള്ള ഒരു വെല്ലുവിളിയായിരുന്നു.പശു വളർത്തലും കശുവണ്ടിയിൽ നിന്ന് കിട്ടുന്ന ആദായവും മറ്റുമായിരുന്നു ജീവിതമാർഗ്ഗം.
നടക്കാൻ ഒരു വടി മാത്രമായിരുന്നു അദ്ദേഹത്തിന് കൂട്ട്. എന്നാൽ ആ വടിയും മറ്റാരും ഉണ്ടാക്കിക്കൊടുക്കുന്നതല്ല. ഇരൂൾ മരത്തിന്റെ ഉറച്ച കമ്പുകൾ അദ്ദേഹം തന്നെ ചെത്തിമിനുക്കി രൂപപ്പെടുത്തും. “ഈ വടി തേഞ്ഞു തീരും, പക്ഷേ ഒടിയില്ല” എന്ന് അനന്തേട്ടൻ ഒരിക്കൽ പറഞ്ഞത് ഇന്നും കാതിൽ മുഴങ്ങുന്നു. ആ വാക്കുകൾ വടിയെക്കുറിച്ച് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുമായിരുന്നു. കഷ്ടപ്പാടുകൾ അദ്ദേഹത്തെ തേച്ചു മിനുക്കിയെങ്കിലും ഒരിക്കലും ഒടിച്ചുകളയാനായില്ല.
പശുക്കളെ മേയ്ക്കാൻ പോകുമ്പോൾ കയർ തോളിൽ ചുരുട്ടിവെച്ച് മുന്നിൽ നടക്കും. പശു പിന്നിൽ ശാന്തമായി അനുസരണയോടെ പിന്തുടരും. തന്റെ യജമാനന്റെ പരിമിതികൾ മനസ്സിലാക്കിയതുപോലെ! ആ കാഴ്ച ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.
ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള ശ്രീകണ്ഠാപുരത്തേക്ക് തലച്ചുമടുമായി വടിക്കുത്തി നടക്കുന്ന അനന്തേട്ടനെ ഞങ്ങൾ കുട്ടികൾ വിസ്മയത്തോടെ നോക്കിയിട്ടുണ്ട്. ഓരോ ചുവടിലും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും നിറഞ്ഞിരുന്നു. ജീവിതത്തോട് ഒരിക്കലും പരാതിപ്പെടാത്ത മനുഷ്യൻ. വിധിയോട് ഒരിക്കലും പിണങ്ങാത്ത മനുഷ്യൻ. കുടുംബത്തെ പോറ്റാൻ രാവും പകലും അദ്ധ്വാനിച്ച മനുഷ്യൻ. ഇന്നത്തെപ്പോലെ ആനുകൂല്യങ്ങളോ പെൻഷനുകളോ ഇല്ലാത്ത കാലമായിരുന്നു അത്. അദ്ദേഹത്തിന് ഒരു പെൻഷൻ ലഭിച്ചതായി പോലും എനിക്ക് ഓർമ്മയില്ല. പക്ഷേ സഹായഹസ്തങ്ങൾ കാത്തിരിക്കാതെ സ്വന്തം കരുത്തിൽ ജീവിതം കെട്ടിപ്പടുത്ത മനുഷ്യനായിരുന്നു അനന്തേട്ടൻ.
ഇന്ന് പുതിയ തലമുറയ്ക്ക് അനന്തേട്ടനെ അറിയണമെന്നില്ല. എന്നാൽ അദ്ദേഹത്തെ കണ്ടും അറിഞ്ഞും വളർന്ന ഞങ്ങളുടെ തലമുറയുടെ മനസ്സിൽ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള വലിയ പാഠങ്ങൾ പുസ്തകങ്ങളിൽ നിന്ന് അല്ല, അനന്തേട്ടനെപ്പോലുള്ള സാധാരണ മനുഷ്യരിൽ നിന്നാണ് ഞങ്ങൾ പഠിച്ചത്.
ഈ ചിത്രം ഞാൻ പകർത്തിയത് 1992ലാണെന്നാണ് ഓർമ്മ. ഒരു സാധാരണ ഗ്രാമീണന്റെ ചിത്രം മാത്രമല്ല ഇത് , വിധിയെ വെല്ലുവിളിച്ച് ജീവിച്ച ഒരു മനുഷ്യന്റെ ചരിത്രമാണ്. ഒരു കാൽ നഷ്ടപ്പെട്ടെങ്കിലും ആത്മാഭിമാനവും അദ്ധ്വാനശീലവും നഷ്ടപ്പെടാതെ ജീവിച്ച മനുഷ്യന്റെ കഥ.
കാലം മായ്ച്ചുകളയാത്ത ചില മുഖങ്ങളുണ്ട്. അനന്തേട്ടൻ അത്തരമൊരു മുഖമാണ്. ഒറ്റക്കാലിൽ നടന്നെങ്കിലും ജീവിതത്തിന്റെ പാതയിൽ ഒരിക്കലും പിന്നിലാകാതിരുന്ന മനുഷ്യൻ. അദ്ദേഹത്തിന്റെ ജീവിതം ഇന്നും പ്രചോദനത്തിന്റെ ഒരു പ്രകാശസ്തംഭമായി ഓർമ്മകളിൽ നിലകൊള്ളുന്നു.(മൃഗസംരക്ഷണ വകുപ്പ് മുൻ അസി. ഡയരക്ടറും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ് ലേഖകൻ )




















